വിമുക്ത ഭടന്‍മാര്‍ക്ക് മരുന്ന് നല്‍കാനുള്ള ഫണ്ട് കേന്ദ്രം നിര്‍ത്തി
കല്‍പ്പറ്റ: രാജ്യത്തെ വിമുക്തഭടന്മാര്‍, വിധവകള്‍, ഇവരുടെ ആശ്രിതര്‍ എന്നിവരുടെ ആരോഗ്യപരിപാലനത്തിനായി കേന്ദ്രസര്‍ക്കാര്‍ 2003ല്‍ ആരംഭിച്ച ഇ.സി.എച്ച്.എസ് (എക്‌സ് സര്‍വിസ്‌മെന്‍ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്‌കീം) പദ്ധതിയിലുള്‍പ്പെട്ടവര്‍ക്ക് മരുന്ന് നല്‍കാനുള്ള ഫണ്ട് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കി. വിമുക്ത ഭടന്മാരുടെ ചികിത്സക്കായി ആരംഭിച്ച പോളിക്ലിനിക്കുകളില്‍ മാസങ്ങളായി മരുന്നുകള്‍ ലഭിക്കുന്നില്ല.
ഇതോടെ ഇത്തരം ക്ലിനിക്കുകളിലെത്തുന്ന രോഗികളായ വിമുക്ത ഭടന്മാര്‍ മരുന്നുകള്‍ക്കായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. പോളിക്ലിനിക്കുകളില്‍ മരുന്ന് ലഭ്യത ഭാഗികമായി നിര്‍ത്തലാക്കുകയും നിശ്ചിത തുകക്ക് മരുന്നുകള്‍ ലോക്കല്‍ പര്‍ച്ചേസ് ചെയ്യാനുള്ള അധികാരം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതുമാണ് പ്രശ്‌നത്തിനിടയാക്കിയതെന്ന് എക്‌സ് സര്‍വിസ് ലീഗ് ഭാരവാഹികള്‍ ആരോപിക്കുന്നു. പദ്ധതിയില്‍ അംഗങ്ങളാവാന്‍ ഓഫിസര്‍മാരില്‍ നിന്ന് 1,25,000 രൂപയും ജൂനിയര്‍ കമ്മിഷണര്‍ ഓഫിസര്‍മാരില്‍ നിന്ന് 67,000 രൂപയും മറ്റ് റാങ്കിലുള്ളവരില്‍ നിന്ന് 30,000 രൂപയും ഒറ്റത്തവണയായി വാങ്ങുകയും പെന്‍ഷന്‍കാര്‍ ഓരോ വര്‍ഷവും പന്ത്രണ്ടായിരും രൂപ പദ്ധതിയിലേക്ക് അടക്കുകയും ചെയ്തിട്ടും മരുന്ന് നല്‍കാതെ വിരമിച്ച പട്ടാളക്കാരെ ദ്രോഹിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
ഇ.സി.എച്ച്.എസ് പദ്ധതിയിലുള്‍പ്പെടുത്തി വിമുക്ത ഭടന്മാരുടെ ചികിത്സക്കായി എല്ലാ ജില്ലകളിലും പോളിക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പോളിക്ലിനിക്കുകളുടെ ഗ്രേഡിങ്ങിന് അനുസരിച്ച് ഡോക്ടര്‍മാരും അനുബന്ധ ജീവനക്കാരും രോഗികളെ പരിശോധിക്കുന്നുമുണ്ട്. കാന്‍സര്‍, ബൈപ്പാസ് സര്‍ജറി തുടങ്ങിയവക്കുള്ള മരുന്നുകള്‍ വരെ പുറത്ത് നിന്ന് വാങ്ങേണ്ടിവരികയാണ്. പെന്‍ഷനെ മാത്രം ആശ്രയിച്ച് കഴിയുന്നവര്‍ക്കും ഡിസബിലിറ്റി പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും ഇത്രയും ഭാരിച്ച തുക താങ്ങാനാവില്ല. സൗജന്യമായി മരുന്ന് ലഭിക്കേണ്ട കേരളത്തിലുള്ള പട്ടാളക്കാര്‍ക്ക് നിലവില്‍ ബംഗളൂരുവില്‍ പോവേണ്ട സ്ഥിതിയാണ്. അടിയന്തരമായി മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ എക്‌സ് സര്‍വിസ് ലീഗ് ഭാരവാഹികള്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന നേതൃത്വം സംസ്ഥാന സര്‍ക്കാരിനും നിവേദനം കൊടുത്തെങ്കിലും നടപടിയൊന്നുമുണ്ടായില്ല. അവഗണന തുടരുകയാണെങ്കില്‍ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങാനുള്ള തീരുമാനത്തിലാണ് വിരമിച്ച പട്ടാളക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."