ഹര്‍ത്താലില്‍ അക്രമപരമ്പര
കാസര്‍കോട്: ശബരിമലയില്‍ യുവതീ പ്രവേശനം നടന്നതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ജില്ലയില്‍ പരക്കേ അക്രമം. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കടകളൊന്നും തുറന്നില്ല. തുറന്നു പ്രവര്‍ത്തിച്ച കടകള്‍ കുറച്ചു നേരത്തിനു ശേഷം അടച്ചു. കാഞ്ഞങ്ങാട്ടും കാസര്‍കോട്ടും ജില്ലയുടെ വടക്കന്‍ മേഖലകളിലും വ്യാപക അക്രമം നടന്നു. സി.പി.എം പ്രവര്‍ത്തകരുടെ നിരവധി വീടുകള്‍ തകര്‍ക്കപ്പെട്ടു. ബസുകളടക്കമുള്ളവ സര്‍വിസ് നടത്താത്തതിനാല്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍ നില കുറവായിരുന്നു. ഉച്ചവരെയാണ് അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. സ്‌കൂളുകള്‍ പലയിടത്തും പ്രവര്‍ത്തിച്ചില്ല. വൈകുന്നേരത്തോടെ വാഹനങ്ങള്‍ സജീവമായി. വ്യാപക സംഘര്‍ഷത്തില്‍ ഉച്ചയ്ക്ക് ഒരു മണിവരെ കാസര്‍കോട് നഗരം വിറങ്ങലിച്ചു. വ്യാപാര സ്ഥാപനങ്ങള്‍ക്കും കൂട്ടംകൂടി നിന്നവര്‍ക്കും നേരെ ഹര്‍ത്താലനുകൂലികള്‍ വിവിധയിടങ്ങളില്‍ കല്ലെറിഞ്ഞു. കാഞ്ഞങ്ങാട് ബി.ജെ.പി-സി.പി.എം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ബദിയഡുക്ക, ബന്തിയോട്, കുമ്പള, ഉപ്പള തുടങ്ങിയ പ്രദേശങ്ങളില്‍ രാവിലെ റോഡില്‍ ടയര്‍ കൂട്ടിയിട്ട് കത്തിച്ച് ഗതാഗതം തടഞ്ഞു. ഹര്‍ത്താലനുകൂലികള്‍ സൃഷ്ടിച്ച മാര്‍ഗ തടസത്തില്‍ തട്ടി സ്‌കൂട്ടര്‍ മറിഞ്ഞ് യാത്രക്കാരായ ദമ്പതികള്‍ക്ക് പരുക്കേറ്റു. കുമ്പള കന്യാപാടിയിലെ ഐത്തപ്പ(48), ഇയാളുടെ ഭാര്യ സുശീല(36) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്നലെ പുലര്‍ച്ചെ കുമ്പളയിലേക്കു പുറപ്പെട്ട ഇവര്‍ക്ക് മങ്ങിയ വെളിച്ചത്തില്‍ പാതയിലെ മാര്‍ഗതടസം കാണാനായില്ല. പാതക്ക് കുറുകെയിട്ടിരുന്ന പാറക്കല്ലില്‍ തട്ടിയാണ് സ്‌കൂട്ടര്‍ മറിഞ്ഞത്. ഇവരെ കുമ്പള സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരുക്കുകള്‍ സാരമുള്ളതായതിനാല്‍ പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.
ബോവിക്കാനത്ത് വിവാഹ പാര്‍ട്ടി സഞ്ചരിച്ച വാഹനം തടഞ്ഞതിനെ തുടര്‍ന്ന് ഹര്‍ത്താലനുകൂലികളും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടി. വിവരമറിഞ്ഞെത്തിയ പൊലിസ് സംഘര്‍ഷത്തിലേര്‍പ്പെട്ടവരെ ലാത്തി വീശിയോടിച്ചു. കാസര്‍കോട് കറന്തക്കാട് നിന്നാരംഭിച്ച പ്രകടനത്തില്‍ നിന്നാണ് പലയിടത്തായി കല്ലേറുണ്ടായത്. പ്രകടനം കറന്തക്കാട്ടുനിന്നാരംഭിച്ച് നഗരം ചുറ്റി കറന്തക്കാട് തന്നെ അവസാനിക്കും വരെ നുളളിപ്പാടിയിലും പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തും പ്രകോപനമുണ്ടാക്കാന്‍ ഹര്‍ത്താലനുകൂലികള്‍ ശ്രമിച്ചുവെങ്കിലും പൊലിസിന്റെ ഇടപെടല്‍ വലിയ അക്രമം ഒഴിവാക്കി. ഇന്നലെ പുലര്‍ച്ചെ വിവിധയിടങ്ങളില്‍ സി.പി.എം പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്. ഇരുപതോളം വ്യാപാരസ്ഥാപനങ്ങളും നിരവധി വാഹനങ്ങളും തകര്‍ക്കപ്പെട്ടു.
അക്രമസാധ്യത കണക്കിലെടുത്ത് ജില്ലയിലെമ്പാടും പൊലിസ് കനത്ത ജാഗ്രതയിലാണ്. ജില്ലാ പൊലിസ് മേധാവി ഡോ. എ. ശ്രീനിവാസ്, എ.എസ്.പി ഡി. ശില്‍പ, ക്രൈംബ്രാഞ്ച് സി.ഐ സി.എ റഹിം എന്നിവരുടെ നേതൃത്വത്തിലാണ് കാസര്‍കോട് നഗരത്തില്‍ സുരക്ഷയൊരുക്കിയത്.
കാഞ്ഞങ്ങാട്: ഹര്‍ത്താലിനോടനുബന്ധിച്ച് നടത്തിയ പ്രകടനം കാഞ്ഞങ്ങാട്ട് അക്രമാസക്തമായി. പൊലിസിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേ വ്യക്തിഹത്യ നടത്തുന്ന മുദ്രാവാക്യങ്ങളാണ് പ്രകടനത്തിലുടനീളം പ്രവര്‍ത്തകര്‍ മഴക്കിയത്. രാവിലെ പത്തരയോടെയാണ് ഹൊസ്ദുര്‍ഗ് ബി.ജെ.പി ഓഫിസ് പരിസരത്ത് നിന്ന് ഹര്‍ത്താല്‍ പ്രകടനം ആരംഭിച്ചത. ഹൊസ്ദുര്‍ഗില്‍ രാവിലെ മിനി സിവില്‍ സ്റ്റേഷനിലെത്തിയ ഉദ്യോഗസ്ഥരെ ഹര്‍ത്താലനുകൂലികള്‍ തിരിച്ചയച്ചു. ഇരു ചക്രവാഹനങ്ങളുമായി എത്തിയവരെ തടഞ്ഞു. ഹൊസ്ദുര്‍ഗിലെ ബാങ്കുകളും അടപ്പിച്ചു. ഇതോടെ കൂടുതല്‍ പൊലിസെത്തി. ബുധനാഴ്ച രാത്രി തന്നെ നഗരത്തിലെ കൊടിമരങ്ങളും പാര്‍ട്ടിക്കാരുടെ പോസ്റ്റുകളും ബാനറുകളും പൊലിസ് അഴിച്ചിരുന്നു. അതിനാല്‍ കൂടുതല്‍ ആക്രമങ്ങളുണ്ടായില്ല. എന്നാല്‍ ട്രാഫിക് ജങ്ഷന്‍ കഴിഞ്ഞ് പത്മപോളി ക്ലിനിക്കിനു സമീപം ഇക്ബാല്‍ ജങ്ഷന്റെ അടുത്തെത്തിയതോടെ സ്ഥിതി മാറി. തുളുച്ചേരി കുമ്മണാര്‍ കളരി റോഡിനടുത്ത് സ്ഥാപിച്ചിരുന്ന കൊടിമരം പിഴുതെടുക്കാന്‍ പ്രകടനക്കാര്‍ ശ്രമിച്ചതോടെ പൊലിസ് തടഞ്ഞു. ഒരു പ്രവര്‍ത്തകനെ പൊലിസ് ലാത്തികൊണ്ട് അടിച്ചതോടെ പ്രവര്‍ത്തകര്‍ പൊലിസിനെതിരേ കല്ലെറിഞ്ഞു. പ്രവര്‍ത്തകരെ വിരട്ടിയോടിക്കാന്‍ പൊലിസ് ലാത്തി വീശിയെങ്കിലും ഓടിപ്പോയ പ്രവര്‍ത്തകര്‍ വീണ്ടും കല്ലെറിഞ്ഞതോടെ പൊലിസ് ഗ്രാനേഡ് പ്രയോഗിക്കുകയായിരുന്നു.
പിന്നീട് അഞ്ചു മിനിട്ട് പൊലിസും പ്രവര്‍ത്തകരും മുഖാമുഖം ഏറ്റുമുട്ടുകയായിരുന്നു. നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കി. പ്രകടനം തുടരുന്നതിനിടയില്‍ രണ്ടു പ്രവര്‍ത്തകരെ പൊലിസ് പിടികൂടി വാനില്‍ കയറ്റിയിട്ടുണ്ടെന്നറിഞ്ഞതോടെ പൊലിസ് വണ്ടിക്കു മുന്നില്‍ പ്രവര്‍ത്തകര്‍ വീണ്ടും കുത്തിയിരുന്നു. സി.ഐ സുനില്‍കുമാറിന്റെയും പ്രിന്‍സിപ്പല്‍ എസ്.ഐ സന്തോഷ്‌കുമാറിന്റെയും ഇടപെടലിനെ തുടര്‍ന്ന് നേതാക്കളുമായി സംസാരിച്ച് സിറ്റി ആശുപത്രിക്കു മുന്‍വശം പ്രകടനം അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ ഹൊസ്ദുര്‍ഗില്‍ നിന്നാംരംഭിച്ച പ്രകടനം അവിടെ തന്നെ അവസാനിപ്പിക്കുമെന്ന വാശിയില്‍ പ്രവര്‍ത്തകര്‍ വീണ്ടും ജാഥയായി ബസ് സ്റ്റാന്‍ഡിലേക്കു കയറി. ബസ് സ്റ്റാന്‍ഡില്‍നിന്നു പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകാതെ വന്നതോടെ സി.ഐ സുനില്‍കുമാര്‍ ഇനി പ്രകടനം ഇങ്ങിനെ നടത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് തടയുകയായിരുന്നു. ഇതിനിടെ ഒരു ആര്‍.എസ്.എസ് നേതാവ് സി.ഐ സുനില്‍കുമാറുമായി കൊമ്പുകോര്‍ത്തു. കൂടുതല്‍ നേതാക്കളും പൊലിസും എത്തി ശാന്തരാക്കുകയായിരുന്നു. തുടര്‍ന്നു പൊലീസ് വാനില്‍ പിടിച്ചു വച്ച പ്രവര്‍ത്തകരെ ബസ് സ്റ്റാന്‍ഡില്‍ ഇറക്കിവിട്ടു. പ്രകടനത്തിന് ബി.ജെ.പി ജില്ലാ സെക്രട്ടറി വേലായുധന്‍ കൊടവലം, അജാനൂര്‍ പഞ്ചായത്ത് ബി.ജെ.പി സെക്രട്ടറി ബി. സുരേഷ്, കെ. ബല്‍രാജ്, നഗരസഭാ കൗണ്‍സിലര്‍ വത്സന്‍, എച്ച്. ശ്രീധര്‍ നേതൃത്വം നല്‍കി.
കാഞ്ഞങ്ങാട് പ്രകടനം കഴിഞ്ഞ് പോകുകയായിരുന്ന ആര്‍.എസ്. എസ് പ്രവര്‍ത്തകന് മര്‍ദനമേറ്റു. കല്യോട്ടെ വിനീതി(24)നാണ് മര്‍ദനമേറ്റത്. ഇയാള്‍സഞ്ചരിച്ച മോട്ടോര്‍ ബൈക്ക് തടഞ്ഞു ബൈക്കിനു മുന്നില്‍ ചെത്തു കല്ലിട്ട് പിടിച്ചുകൊണ്ടു പോയി മര്‍ദിക്കുകയായിരുന്നുവെന്ന് സംഘ്പരിവാര്‍ വൃത്തങ്ങള്‍ ആരോപിച്ചു. ഇതിനിടയില്‍ കോട്ടച്ചേരി കുന്നുമ്മല്‍ തുറന്നു പ്രവര്‍ത്തിച്ച കോട്ടച്ചേരി കോപറേറ്റിവ് ബാങ്ക് കല്ലെറിയാന്‍ വന്ന പ്രവര്‍ത്തകരെ സി.പി.എം പ്രവര്‍ത്തകര്‍ ഓടിച്ചു വിട്ടു. മൂന്നുപേരാണ് ബാങ്കിനു കല്ലെറിയാന്‍ എത്തിയതെന്ന് സി.പി.എം പ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍ പൊലിസ് പിക്കറ്റ് ഏര്‍പ്പെടുത്തിയതിനാല്‍ പ്രവര്‍ത്തകര്‍ തിരിച്ചു പോവുകയായിരുന്നുവെന്നും പൊലിസിനെ കണ്ടു വിരണ്ടു പോയ ഒരു പ്രവര്‍ത്തകന്‍ ബൈക്ക് ഉപേക്ഷിച്ച് ഓടുകയായിരുന്നുവെന്നും സി.പി.എം വൃത്തങ്ങള്‍ അറിയിച്ചു. ബൈക്ക് പൊലിസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.
ഇതിനിടയില്‍ ദേവന്‍ റോഡിലെ ആര്‍.എസ്.എസ് കാര്യാലയത്തിലും മേലാങ്കോട്ടെ സി.പി.എം ഓഫിസിലും പ്രവര്‍ത്തകര്‍ തടിച്ചു കൂടിയത് പൊലിസിന് തലവേദനയായി. ഏറെ പണിപ്പെട്ടാണ് പൊലിസ് ഇവരെ മാറ്റിയത്. പൊലിസ് സി.പിഎമ്മിന്റെ ബി ടീമായി പ്രവര്‍ത്തിക്കുന്നുവെന്ന് ബി.ജെ.പിയും ബി.ജെ.പി ക്കാര്‍ക്ക് അനുകൂലമായി നിന്ന് സി.പി.എമ്മിനെതിരേ വാര്‍ത്തകള്‍ ചമയ്ക്കുന്നുവെന്ന് സി.പി.എമ്മും ആരോപിച്ചു.
ഹര്‍ത്താല്‍ അനുകൂലികള്‍ ടൗണില്‍ നടത്തിയ പ്രകടനത്തിനിടെ പൊലിസിനു നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ടു ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേ ഹെസ്ദുര്‍ഗ് പൊലിസ് കേസെടുത്തു. ബി.ജെ.പി പ്രവര്‍ത്തകരായ രാഹുല്‍ പടിഞ്ഞാറേക്കര (22), രഞ്ജിത്ത് കാലിക്കടവ് (29) എന്നിവര്‍ക്കെതിരേയാണ് കേസെടുത്തിട്ടുള്ളത്.
വ്യാഴാഴ്ച രാവിലെ പതിനൊന്നോടെ ദുര്‍ഗ സ്‌കൂളിനു സമീപത്തുനിന്നു തുടങ്ങിയ പ്രകടനം പുതിയ കോട്ട ചുറ്റി കോട്ടച്ചേരിയില്‍ പത്മാക്ലിനിക്കിനു സമീപം എത്തിയപ്പോഴാണ് പൊലിസും പ്രകടനക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ പൊലിസുകാരായ ദീപു, ജ്യോതിഷ്, മഹേഷ് എന്നിവര്‍ക്ക് പരുക്കേറ്റിരുന്നു.
ഉപ്പള: അക്രമത്തില്‍ ബന്തിയോട്ട് അഞ്ച് ഓട്ടോറിക്ഷകളും മൂന്നു ബൈക്കുകളും നാലു കാറുകളും ഉള്‍പ്പെടെ ഒട്ടനവധി വാഹനങ്ങളും കടകളും തകര്‍ക്കപ്പെട്ടു. പൊലിസുകാര്‍ ഉള്‍പ്പെടെ പലര്‍ക്കും പരുക്കേറ്റു. കടകള്‍ക്കു നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ഉപ്പള യൂനിറ്റിന്റെ നേതൃത്വത്തില്‍ ഇന്ന് ഉച്ചവരെ ഉപ്പളയില്‍ കടകളടച്ച് ഹര്‍ത്താല്‍ ആചരിക്കും. ഉപ്പള ബന്തിയോട്, ബായാര്‍, ബേക്കൂര്‍, സോങ്കാല്‍, പ്രതാപ് നഗര്‍, കുബണൂര്‍ പ്രദേശങ്ങളിലാണ് വ്യാപകമായി അക്രമം അരങ്ങേറിയത്. ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനം തടയുകയും അക്രമം അഴിച്ചുവിടുകയും ചെയ്തുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. അക്രമികളെ പിരിച്ചുവിടാന്‍ പൊലിസ് ലാത്തിവീശുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. അക്രമത്തില്‍ പരുക്കേറ്റ ഖദീജ ട്രേഡേഴ്‌സ് ഉടമ യുസഫ് (32), ബന്തിയോട്ടെ വി.കെ മൂസ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടകള്‍ അടിച്ചും കല്ലെറിഞ്ഞും തകര്‍ത്തതിലൂടെ 65 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വ്യാപാരികള്‍ പറഞ്ഞു.
നീലേശ്വരം: വട്ടപ്പൊയിലിലെ ബി.ജെ.പി ഓഫിസ് തകര്‍ത്ത നിലയില്‍ കാണപ്പെട്ടു. വ്യാഴാഴ്ച രാത്രി പതിനൊന്നോടെ സംഘടിച്ചെത്തിയ സി.പി.എം പ്രവര്‍ത്തകര്‍ നീലേശ്വര വട്ടപ്പൊയിലിലെ ബി.ജെ.പി ഓഫിസ് അടിച്ചു തകര്‍ക്കുകയായിരുന്നുവെന്ന് ബി.ജെ.പി വൃത്തങ്ങള്‍ ആരോപിച്ചു. ഫര്‍ണിച്ചറും ഓഫിസിലുണ്ടായിരുന്ന ദേശീയ നേതാക്കളുടെ പടങ്ങളും അടിച്ചു തകര്‍ത്തു. ഓഫിസില്‍ സൂക്ഷിച്ചിരുന്ന പത്തായിരം രൂപയും അക്രമികള്‍ കവര്‍ന്നെന്ന് ബി.ജെ.പിക്കാര്‍ പരാതിപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."