സി.കെ ജാനു ഓര്‍മിപ്പിക്കുന്നത്
സി.കെ ജാനുവിന്റെ പാര്‍ട്ടി ഇടതു മുന്നണിയില്‍നിന്ന് അകലുകയാണത്രേ. പരിഭ്രമിക്കാനൊന്നുമില്ല. അതുകൊണ്ട് ഇടതുമുന്നണിക്ക് കുഴപ്പമൊന്നും വരാനില്ല, സി.കെ ജാനുവിന്റെ പാര്‍ട്ടിക്ക് വലിയ ഗുണമൊന്നുമുണ്ടാവാനുമിടയില്ല. ഭാഗ്യാന്വേഷണത്തിന്റെ വഴിയില്‍ ജാനു പുതിയൊരു താവളം തേടുന്നു എന്നു മാത്രമേ ഈ കൂടുമാറ്റത്തിന്ന് അര്‍ഥമുള്ളൂ. ഇടതു മുന്നണിയില്‍ ചേരുമ്പോള്‍ നല്‍കപ്പെട്ട ഓഫറുകളൊന്നും പാലിക്കപ്പെടുന്നില്ലെന്നും പദവികള്‍ ലഭിക്കുന്നില്ലെന്നും പരിഗണന കിട്ടുന്നില്ലെന്നുമൊക്കെയാണ് ജാനുവിന്റെ പരാതി. ജാനുവിനെ സംബന്ധിച്ചിടത്തോളം അതു പുതിയ അവുഭവമല്ല. അവരുടെ പാര്‍ട്ടി എന്‍.ഡി.എ വിട്ടത് ഇതേ കാരണത്താലാണ്. സി.പി.എമ്മും ജാനുവിനോട് കൈക്കൊണ്ട സമീപനം വ്യത്യസ്തമല്ല. ഏതച്ഛന്‍ വന്നാലും അമ്മയ്ക്ക് തല്ല് എന്നൊരു ചൊല്ലുണ്ടല്ലോ. അതുതന്നെ സി.കെ ജാനുവെന്ന ആദിവാസി നേതാവിന്റെ ഗതി.
എന്നാല്‍ സി.കെ ജാനുവിനെപ്പോലെയുള്ള ഒരു ഗോത്രവര്‍ഗ രാഷ്ട്രീയ നേതാവ് എപ്രകാരം മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ചതിക്കുഴികളില്‍ അകപ്പെട്ടുപോവുന്നു എന്നതിന്റെ മികച്ച പാഠം എന്ന നിലയില്‍ വായിക്കപ്പെടേണ്ട അനുഭവമാണിത്. കേരളത്തിലെ ആദിവാസി ഊരുകളില്‍നിന്ന് ഉയര്‍ന്നു വന്ന തീര്‍ത്തും വ്യത്യസ്തയായ നേതാവായിരുന്നു ജാനു. കോണ്‍ഗ്രസോ കമ്മ്യൂണിസ്റ്റോ ഹിന്ദുത്വ രാഷ്ട്രീയമോ ഏതോ ആവട്ടെ, എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ആദിവാസികളെ സ്വന്തം നേട്ടങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുകയാണെന്ന തിരിച്ചറിവാണ് ജാനുവിനെ വ്യത്യസ്തയാക്കിയത്. സ്വന്തം അനുഭവ പാഠങ്ങള്‍ അവര്‍ക്ക് വളരെയുറച്ച ഒരു അടിത്തറയുണ്ടാക്കിക്കൊടുക്കുകയും ചെയ്തിരുന്നു. അവിടെനിന്നാണ് സി.കെ ജാനു ഉയര്‍ന്നുവന്നതും അടിസ്ഥാന വര്‍ഗത്തിന്റെ ശബ്ദമെന്ന നിലയില്‍ ആഗോള തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടതും. മുത്തങ്ങ സമരം ജാനുവിനെ ദേശീയതലത്തില്‍ ഏറ്റവുമധികം പ്രഖ്യാതയായ ആക്ടിവിസ്റ്റുകളിലൊരാളാക്കി മാറ്റി. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അതിന്റെ തുടര്‍ച്ചകള്‍ കണ്ടെത്തി, സ്വന്തം പ്രതിബദ്ധതയ്ക്ക് കൂടുതല്‍ ഈടുറപ്പുള്ള ആശയങ്ങള്‍ സൃഷ്ടിക്കാന്‍ ജാനുവിന് സാധിച്ചില്ല.
ഇത്തരം 'ദുരന്തങ്ങള്‍' ദേശീയ രാഷ്ട്രീയത്തിലും പ്രാദേശിക രാഷ്ട്രീയത്തിലും ധാരാളമായി ആവര്‍ത്തിച്ച ഉദാഹരണങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. പൗരാവകാശ പ്രവര്‍ത്തനങ്ങള്‍, കാര്‍ഷിക പ്രസ്ഥാനങ്ങള്‍, തൊഴിലാളി സംഘടനകള്‍, പാരിസ്ഥിതിക മുന്നേറ്റങ്ങള്‍ തുടങ്ങിയ ആക്ടിവിസ്റ്റ് മണ്ഡലങ്ങളിലൂടെ ഉയര്‍ന്നുവന്ന മികച്ച ജനനേതാക്കള്‍ നമുക്കിടയില്‍ ഉണ്ടായിട്ടുണ്ട്. അവര്‍ മുന്നോട്ടുവച്ച ആശയങ്ങളും, ജനസമ്പര്‍ക്കത്തിലൂടെ ഈ ആശയങ്ങള്‍ക്ക് ലഭിച്ച സ്വീകാര്യതയും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സൃഷ്ടിക്കുകയും സൃഷ്ടിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന തലവേദനകള്‍ കുറച്ചൊന്നുമല്ല. ഇത്തരം നേതാക്കന്‍മാര്‍ കുറ്റമറ്റ വ്യക്തികളോ അവര്‍ സൃഷ്ടിച്ച പ്രസ്ഥാനങ്ങള്‍ മികച്ച ജനാധിപത്യ മാതൃകകളോ ആണെന്നൊന്നുമല്ല പറയുന്നത്, പക്ഷേ ഒരു കാര്യം തീര്‍ച്ച, ഈ നേതാക്കന്‍മാരും ഇവരുടെ പ്രസ്ഥാനങ്ങളും പലതരം ബദല്‍ രൂപങ്ങളാണ് സൃഷ്ടിച്ചെടുത്തത്. ഒരു കാലത്ത് ദത്താ സാമന്ത് മുംബൈയിലെ തൊഴിലാളി യൂനിയന്‍ പ്രവര്‍ത്തനങ്ങളില്‍ സൃഷ്ടിച്ച അട്ടിമറി ശ്രദ്ധിക്കുക. എ.കെ റായിയും ശങ്കര്‍ ഗുഹാനി യോഗിയും ഇതേപോലെ തൊഴിലാളികള്‍ക്കിടയിലും മഹേന്ദ്ര സിങ് ടിക്കായത്തും ശരദ് ജോഷിയും കര്‍ഷകര്‍ക്കിടയിലും ഉണര്‍വ് സൃഷ്ടിച്ചവരാണ്. ഹാര്‍ദിക് പട്ടേല്‍ മറ്റൊരു ബിംബം. ഇങ്ങനെ മുഖ്യധാരയ്ക്ക് ബദലായി ഉയര്‍ന്നുവന്ന എതിര്‍സ്വരങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വ്യത്യസ്ത പ്രതിനിധാനങ്ങളായി പലേടത്തും പല രൂപങ്ങളിലുമുണ്ട്. അവയില്‍ പലതും പ്രതിലോമ ദൗത്യങ്ങളായിരിക്കാം നിറവേറ്റുന്നത്. എങ്കിലും അവ മുഖ്യധാരയ്ക്ക് ബദലായി ഉയര്‍ന്നുവന്നവയാണ് എന്നത് മറക്കാന്‍ പാടില്ല. ഇവയില്‍ ഒട്ടുമുക്കാലും മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ചാണക്യസൂത്രങ്ങളുടെ സമ്മര്‍ദങ്ങളില്‍പ്പെട്ട് അസ്തമിച്ചു പോവുകയാണുണ്ടായത്. ചില നേതാക്കള്‍ 'സട കൊഴിഞ്ഞു പല്ലിനു ശൗര്യമേതുമില്ലാതെ' ഏതെങ്കിലുമൊക്കെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടി പാളയങ്ങളില്‍ വലിച്ചെറിയപ്പെട്ടു കിട്ടുന്ന എല്ലിന്‍തുണ്ടുകള്‍ നക്കി കഴിഞ്ഞുകൂടുന്നുണ്ടാവാം. അത്ര തന്നെ.
ബാല്‍ താക്കറെയുടെ ശിവസേന പോലെയോ ഉവൈസിയുടെ മജ്‌ലിസ് പോലെയോ ഉള്ള ചുരുക്കം ചില സംഘങ്ങള്‍ക്ക് മാത്രമേ മുഖ്യധാരയുടെ കരുത്തിനെ പ്രതിരോധിച്ചു നില്‍ക്കാന്‍ സാധിച്ചിട്ടുള്ളൂ. മുഖ്യധാരയുടെ തന്ത്രങ്ങള്‍ അത്രയ്ക്ക് പ്രബലമാണ്, ഇടതായാലും വലതായാലും; സി.കെ ജാനുവിനെയും കാത്തു നിന്നത് മുഖ്യധാരാസമ്മര്‍ദങ്ങളുടെ പ്രളയ പ്രവാഹങ്ങളാണ്. അതില്‍പ്പെട്ട് ആത്മബലം മുഴുവനും നഷ്ടപ്പെട്ട് കാലിടറിപ്പോയ നേതാവാണ് സി.കെ ജാനു. അതുകൊണ്ടാണ് കിട്ടാതെപോയ പദവികളെച്ചൊല്ലി അവര്‍ക്ക് വ്യാകുലപ്പെടേണ്ടി വരുന്നത്. 'വാടക വീടുകള്‍' തേടി മാറിമാറി അലയേണ്ടിവരുന്നത്.
കൂടുതല്‍ പ്രബുദ്ധമായ കേരളത്തില്‍ മുഖ്യധാരയുടെ തന്ത്രങ്ങള്‍ ഈ വിഷയത്തില്‍ കൂടുതല്‍ സമര്‍ഥമായാണ് പ്രയോഗിക്കപ്പെടുന്നത്. കേരളത്തിലെ രാഷ്ട്രീയം രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. ലക്ഷ്യത്തിലും മാര്‍ഗത്തിലും സ്വഭാവത്തിലുമെല്ലാം ഏറെക്കുറേ സമാനസ്വഭാവം പുലര്‍ത്തുന്നവയാണ് ഇടതു-വലതു രാഷ്ട്രീയ ധാരകള്‍. ചെറിയ വ്യത്യാസം മാത്രമേ ഇരുകൂട്ടരും തമ്മിലുള്ളൂ. അതുകൊണ്ടാണ് ഒരേ രാഷ്ട്രീയ ചിന്ത പുലര്‍ത്തുന്നവരുടെ എ ടീമും ബി ടീമുമാണ് എല്‍.ഡി.എഫും യു.ഡി.എഫുമെന്ന് ചില ബുദ്ധിജീവികള്‍ നിരീക്ഷിച്ചിട്ടുള്ളത്. സി.പി.എമ്മും കോണ്‍ഗ്രസും നേതൃത്വം നല്‍കുന്ന ഈ രണ്ടു ടീമുകളിലൊന്നില്‍ ചേര്‍ന്നു കളിക്കേണ്ട ഗതികേടാണ് കേരളത്തിലെ ചെറുപാര്‍ട്ടികള്‍ക്കുള്ളത്. ഭാരതീയ ജനസംഘത്തേയും പിന്നീട് വേഷപ്പകര്‍ച്ചയോടെ വന്ന ബി.ജെ.പിയേയും പോലും കേരളത്തിലെ മുന്നണിരാഷ്ട്രീയത്തിന് ഒരു പരിധിവരെ വേലിക്കു പുറത്തുനിര്‍ത്താന്‍ കഴിയുന്നു. പിന്നെയാണോ ചെറുപാര്‍ട്ടികള്‍. മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ധൃതരാഷ്ട്രാലിംഗനത്തില്‍പെട്ട് മൃതിയടഞ്ഞ ചെറുപാര്‍ട്ടികളുടെ ശവപ്പറമ്പാണ് കേരളം. സി.കെ ജാനുവിന്റെ രാഷ്ട്രീയത്തേയും സ്വാഭാവികമായും കാത്തുനില്‍ക്കുന്നത് അത്തരമൊരു ദുര്‍വിധിയാവാം.
കേരള കോണ്‍ഗ്രസിന്റെ ഗതി
ദേശീയരാഷ്ട്രീയത്തിന്റെ ആശയപരികല്‍പനകളില്‍നിന്ന് വിട്ടുമാറി, കേരളീയമായി സ്വത്വാവിഷ്‌ക്കാരം സാധ്യമാക്കിയ രാഷ്ട്രീയ പാര്‍ട്ടികള്‍ കേരളത്തില്‍ കാര്യമായി ഇല്ല. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും മഹാരാഷ്ട്രയില്‍ ശിവസേനയും തമിഴ്‌നാട്ടില്‍ ദ്രാവിഡ പാര്‍ട്ടികളും വിശാലാന്ധ്രയില്‍ തെലുഗുദേശവുമെല്ലാം ഈ സ്വഭാവം പുലര്‍ത്തുന്ന പാര്‍ട്ടികളാണ്. കേരളത്തില്‍ മത്തായി മാഞ്ഞൂരാന്റെ കെ.എസ്.പി അങ്ങനെയൊരു പരീക്ഷണമായിരുന്നുവെങ്കിലും അത് ആര്‍.എസ്.പിയുടെ 'റവല്യൂഷനറി സ്വപ്ന'ങ്ങളില്‍പെട്ടു കരിഞ്ഞു പോവുകയാണുണ്ടായത്. പില്‍ക്കാലത്ത് ദേശീയ രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയെന്ന നിലയിലല്ലാതെ ഉരുവംകൊണ്ട മലയാളികളുടെ രാഷ്ട്രീയ പ്രസ്ഥാനം കേരള കോണ്‍ഗ്രസാണ്.
കോണ്‍ഗ്രസില്‍നിന്ന് വിട്ടുപോന്ന പാര്‍ട്ടിയാണെങ്കിലും കേരള കോണ്‍ഗ്രസ് തികച്ചും കേരളത്തെ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയായാണ് നിലയുറപ്പിച്ചത്. മധ്യവര്‍ഗ കൃഷിക്കാരുടെ പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്. അവരില്‍ മഹാഭൂരിപക്ഷവും ക്രിസ്ത്യാനികളാണ്. അതുകൊണ്ടുതന്നെ, കേരള കോണ്‍ഗ്രസിന് ക്രിസ്ത്യന്‍ പ്രാതിനിധ്യമുണ്ടാവുന്നത് സ്വാഭാവികമാണ്. ഏതടിസ്ഥാനത്തില്‍ നോക്കിയാലും കേരള കോണ്‍ഗ്രസിന്റെ സ്വഭാവം തികച്ചും കേരളീയമാണെന്ന് കാണാം. തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച ആദ്യ സന്ദര്‍ഭത്തില്‍ തന്നെ ഒട്ടേറെ സീറ്റുകളില്‍ ജയിക്കാന്‍ പാര്‍ട്ടിയ്ക്ക് കഴിഞ്ഞു; എന്നു മാത്രമല്ല കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നേതൃത്വം നല്‍കുന്ന മുഖ്യധാരാ രാഷ്ട്രീയത്തെ പലപ്പോഴും സമ്മര്‍ദത്തിലാക്കാന്‍ പാര്‍ട്ടിയ്ക്ക് സാധിച്ചിരുന്നുതാനും. എന്നാല്‍ പിന്നെപ്പിന്നെ കേരള കോണ്‍ഗ്രസിനെ ഹൈജാക്ക് ചെയ്തു, പലതായി പിളര്‍ത്തുന്നതില്‍ ഇരുമുന്നണികളും വിജയിച്ചു.
മാണിയായും ജോസഫായും പിള്ളയായും ജേക്കബായും പി.സി ജോര്‍ജായുമെല്ലാം വ്യത്യസ്തമായ അവതാരങ്ങളിലൂടെ കേരള രാഷ്ട്രീയത്തില്‍ പ്രത്യക്ഷപ്പെട്ടു സ്വയം നശിക്കാനായിരുന്നു പാര്‍ട്ടിയുടെ നിയോഗം. ഇരുമുന്നണികളും നിരന്തരമായ ആസൂത്രണത്തിലൂടെ കേരള കോണ്‍ഗ്രസിനെ തകര്‍ക്കുകയാണ് ചെയ്തത്. ഇപ്പോള്‍ എല്‍.ഡി.എഫോ യു.ഡി.എഫോ തയാറാക്കുന്ന അജണ്ടകള്‍ക്കനുസരിച്ച് സഞ്ചരിക്കാനുള്ള പേശീബലമേ കേരള കോണ്‍ഗ്രസുകള്‍ക്കുള്ളൂ. രണ്ടു മുന്നണികളുടെയും വിനീത വിധേയരായാണ് ഇപ്പോള്‍ കേരള കോണ്‍ഗ്രസുകാര്‍ നിലകൊള്ളുന്നത്. ഇതേ ഗതി തന്നെയാണ് മറ്റു പല ചെറുപാര്‍ട്ടികള്‍ക്കും കേരളത്തിലുണ്ടായത്. ആര്‍.എസ്.പി ഒരു ഘട്ടത്തില്‍ കൊല്ലം ജില്ലയിലെങ്കിലും ഗണ്യമായ സ്വാധീനമുള്ള പാര്‍ട്ടിയായിരുന്നു. ഈസ്വാധീന ബലത്തിലാണ് ബേബി ജോണ്‍ കേരള രാഷ്ട്രീയത്തിലെ കിങ് മേക്കറായത്. പിന്നീട് പാര്‍ട്ടി രണ്ടു മുന്നണികളിലുമായി നിന്ന് ഉപ്പുവച്ച കലം പോലെ ദ്രവിച്ചു പോയി.
ദേശീയ രാഷ്ട്രീയത്തിന് വേരുകളുള്ള പാര്‍ട്ടികളുടെ വാലറ്റങ്ങളാണെങ്കിലും കേരളത്തില്‍ എന്‍.സി.പിയും ജനതാദളും ഇരു മുന്നണികളേയും ആശ്രയിച്ചാണ് കഴിഞ്ഞുകൂടുന്നത്. ഇങ്ങനെ വിശകലനം ചെയ്യുമ്പോള്‍ മുഖ്യധാരാ രാഷ്ട്രീയ കക്ഷികളുടെ, ഇച്ഛാനുസാരികളായി കഴിഞ്ഞു കൂടാന്‍ വിധിക്കപ്പെട്ടവരാണ് കേരളത്തിലെ ചെറുപാര്‍ട്ടികള്‍ എന്നു കാണാം. പുതുതായി മുഖ്യധാരയിലേക്ക് കയറിവന്ന പാര്‍ട്ടിയാണ് കേരളത്തില്‍ ബി.ജെ.പി, ബി.ജെ.പിയ്ക്കും സാധിച്ചു തങ്ങള്‍ക്കൊപ്പം നിന്ന പാര്‍ട്ടികളെ ഒതുക്കുവാന്‍. ബി.ഡി.ജെ.എസിന്റെ പരിതാപകരമായ അവസ്ഥ നോക്കുക, സി.കെ ജാനുവിന്റെ തന്നെ ചരിത്രം കുറേക്കൂടി പിന്നോട്ട് ചികയുക. ബി.ജെ.പി നിന്നു ചിരിക്കുന്നതു കാണാം.
കേരത്തില്‍ ഒരു കാലത്ത് സ്വന്തം സാന്നിധ്യമറിയിച്ച പാര്‍ട്ടികളായിരുന്നു എന്‍.ഡി.പിയും എസ്.ആര്‍.പിയും. യഥാക്രമം നായന്‍മാരുടെയും ഈഴവരുടെയും പാര്‍ട്ടികള്‍. ഇരു പാര്‍ട്ടികള്‍ക്കും എം.എല്‍.എമാരും മന്ത്രിമാരുമുണ്ടായിരുന്നു. കോണ്‍ഗ്രസ് മുന്നണിയില്‍ ഭരണം പങ്കിട്ട രണ്ടു പാര്‍ട്ടികളും കോണ്‍ഗ്രസിന്റെ കൈയാല്‍ തന്നെയാണ് തകര്‍ന്നു പോയത്. ഇതേപോലെ അഖിലേന്ത്യാ ലീഗിനെ സി.പി.എം തങ്ങളോട് വിധേയത്വമുള്ള പാര്‍ട്ടിയാക്കി പരിവര്‍ത്തിപ്പിച്ചെടുത്തു. ഇപ്പോള്‍ ഐ.എന്‍.എല്ലും അങ്ങനെയൊരവസ്ഥയിലാണ്. സി.പി.എമ്മിന്റെ തിരുവുള്ളത്തിനൊത്ത് നയങ്ങള്‍ രൂപീകരിക്കാനാണ് അവരുടെ വിധി. ഇന്നയാളെ കുട്ടനാട്ടില്‍ മത്സരിപ്പിക്കണമെന്ന് തോമസ് ചാണ്ടിയുടെ വിധവ സി.പി.എം നേതൃത്വത്തിന്ന് കത്തെഴുതേണ്ടി വരുന്നത് എന്‍.സി.പിയെന്ന പാര്‍ട്ടിയുടെ കേരളഘടകം എത്തിച്ചേര്‍ന്ന ഗതികേടിന്റെ ആഴം സൂചിപ്പിക്കുന്നു എന്നുകൂടി പറഞ്ഞാല്‍ ചിത്രം വ്യക്തമായി. കേരളത്തിലെ ചെറു കക്ഷികളെ വലിയ പാര്‍ട്ടികള്‍ വിഴുങ്ങുന്നതെങ്ങനെയാണെന്നതിന്റെ ഉദാഹരണങ്ങളാണ് ഇവയെല്ലാം. സി.കെ ജാനുവിന്റെ പാര്‍ട്ടി ഇടതുമുന്നണി വിടുന്നത് കൂട്ടത്തിലൊന്നു മാത്രം.
ചെറിയ പാര്‍ട്ടികളായി നിന്ന് വിലപേശുക അസാധ്യമായിത്തീരുന്ന അവസ്ഥയിലേക്ക് കേരള രാഷ്ട്രീയം പൂര്‍ണമായും മാറിക്കഴിഞ്ഞു. അതേസമയം സാമുദായിക സംഘടനകള്‍, വളരെ വിജയകരമായി 'ലോബിയിങ്' നടത്തുന്നുമുണ്ട്. അമേരിക്കയിലും മറ്റും വ്യത്യസ്ത താല്‍പര്യ ഗ്രൂപ്പുകള്‍ നടത്തുന്ന ലോബിയിങ്ങിന്റെ മാതൃകകളിലേക്ക് ചെറു ഗ്രൂപ്പുകളുടെ സ്വാധീനബലവും പൂര്‍ണമായും മാറുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."