മാനസിക വൈകൃതത്തിന്റെ അരുംകൊലകള്‍
മനസ്സിന് വൈകൃതം ബാധിച്ച യുവാക്കള്‍ പ്രണയത്തിന്റെ പേരില്‍ നടത്തിക്കൊണ്ടിരിക്കുന്ന കൊലപാതകങ്ങള്‍ സാമൂഹിക ജീവിതത്തിന് വന്‍ ആഘാതങ്ങളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. പ്രണയാഭ്യര്‍ഥന നിരസിച്ചാല്‍ സമചിത്തതയോടെ അതിനെ അഭിമുഖീകരിക്കേണ്ടുന്നതിന് പകരം പിശാചുക്കളായി മാറുന്നവരുടെ മനോവൈകൃതമാണ് ഇതിലൂടെ വെളിപ്പെടുന്നത്. ഇത്തരം കൊലപാതകങ്ങളുടെ എണ്ണം സംസ്ഥാനത്ത് നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നത് ഭീതിയോടെ മാത്രമേ കാണാനാകൂ. കഴിഞ്ഞ ദിവസവും സ്‌കൂള്‍ വിദ്യാര്‍ഥിനി പ്രണയം നിരസിച്ചതിന്റെ പേരില്‍ ദാരുണമായി കൊല്ലപ്പെട്ടു. പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ഉള്ളില്‍ തീയുമായി കഴിയേണ്ടിവരുന്ന ഒരവസ്ഥയാണ് ഇതുമൂലം സംജാതമായിരിക്കുന്നത്.
കേരളത്തില്‍ കേട്ടറിവു മാത്രമുണ്ടായിരുന്ന ഇത്തരം സംഭവങ്ങള്‍ ഇപ്പോള്‍ നമ്മുടെ നാട്ടിലും സാധാരണ സംഭവമായി മാറുകയാണ്. അടിച്ചേല്‍പിക്കാന്‍ തുനിയുന്ന പ്രണയത്തിനോട് മുഖംതിരിക്കുന്ന പെണ്‍കുട്ടികളെ കൊന്നുകളയുക എന്നത് സംസ്‌കൃത ചിത്തരെന്ന് അഭിമാനിക്കുന്ന, ദൈവത്തിന്റെ സ്വന്തം നാടെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന നമ്മുടെ സംസ്ഥാനത്തിന് ഒട്ടും ഭൂഷണമല്ല. ആണ്‍കോയ്മയുടെ അധികാര ദുര്‍വിനിയോഗമായി വേണം ഇത്തരം സംഭവങ്ങളെ കാണാന്‍. സ്ത്രീകളെ അടിച്ചൊതുക്കാനുള്ളതെന്ന അധമ വിചാരങ്ങളാണ് ഇത്തരം നീചകൃത്യങ്ങള്‍ക്ക് കാരണമാകുന്നത്.
കുടുംബബന്ധങ്ങളിലെ വിള്ളലുകള്‍ ഇതിന് വലിയതോതില്‍ കാരണമാകുന്നു. പൊരുത്തക്കേടുകള്‍ നിറഞ്ഞ വീടുകളില്‍നിന്ന് വരുന്ന യുവാക്കളുടെ മാനസികനില നിയന്ത്രണങ്ങള്‍ക്കപ്പുറമായിരിക്കും. മയക്ക് മരുന്നുകളുടെ ഉപയോഗവും കാര്യങ്ങളെ സമചിത്തതയോടെ അഭിമുഖീകരിക്കാനുള്ള പ്രാപ്തി ഇല്ലായ്മയും ഇവരെ അക്രമികളാക്കി മാറ്റുന്നു. തനിക്ക് താല്‍പര്യമില്ലെന്ന് പറയുന്ന, അത്തരം കാര്യങ്ങളില്‍ മുഖംതിരിക്കുന്ന പെണ്‍കുട്ടികളെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയും നടുറോഡില്‍വച്ചു കുത്തിക്കൊല്ലുന്നതും മൃദുലമനസ്‌ക്കരായ ഒരാളില്‍നിന്ന് ഉണ്ടാവുകയില്ല. തന്നെ വേണ്ടെന്ന് പറയുന്നതിനെ തന്റെ പോരായ്മയായി കരുതുന്ന ഇത്തരം അപക്വമതികള്‍ അപകര്‍ഷതാ ബോധത്താലാണ് ക്രൂരകൃത്യങ്ങള്‍ക്ക് ഒരുങ്ങുന്നത്. ഇതാകട്ടെ വലിയൊരു സാമൂഹ്യ വിപത്തായി മാറിക്കൊണ്ടിരിക്കുകയുമാണ്.
നമ്മുടെ വിദ്യാഭ്യാസരീതി ആകെപ്പാടെ മാറിയതിനാല്‍ സാമൂഹിക വിപത്തായി മാറിക്കൊണ്ടിരിക്കുന്ന ഇത്തരം കൊലപാതകങ്ങളെ ഫലപ്രദമായി എങ്ങിനെ അഭിമുഖീകരിക്കാമെന്നതിനെ സംബന്ധിച്ച് ഒരുപാഠ പുസ്തകവും പറയുന്നില്ല. വീടുകളിലാണെങ്കില്‍ എല്ലാവരും ഓരോരോ തുരുത്തുകളായി അവനവന്റെ ലോകത്ത് കഴിയുന്നു.
പരസ്പരമുള്ള സംസാരവും ചര്‍ച്ച ചെയ്യുന്നതും ഇല്ലാതായി. സൗഹൃദ സംഭാഷണങ്ങളും ഇല്ലാതായിരിക്കുന്നു. ഇതുകാരണം പെണ്‍കുട്ടികള്‍ അവര്‍ പുറത്ത് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ വീട്ടില്‍ പറയാതെ സ്വയം തീതിന്നു കഴിയുകയും അവസാനം ഒരു മാനസിക വൈകൃതം ബാധിച്ചവന്റെ കത്തിമുനക്ക് ഇരയായിത്തീരുകയും ചെയ്യുന്നു. വീടകങ്ങളിലെ ധാര്‍മ്മികാധഃപതനവും പുറത്ത് നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ പറയുന്നതില്‍നിന്ന് പെണ്‍കുട്ടികളെ പിന്തിരിപ്പിക്കുന്നുണ്ടാകാം. മക്കളോട് തുറന്ന് സംസാരിക്കുന്ന രക്ഷിതാക്കള്‍ അന്യംനിന്ന് പോകുന്ന ഒരുകാലത്തെയാണ് ഇത്തരം അരുംകൊലകള്‍ അടയാളപ്പെടുത്തുന്നത്.
പ്രണയം നിരസിക്കുന്ന പെണ്‍കുട്ടികള്‍ക്ക് പകരം ജീവന്‍ ത്യജിക്കേണ്ടിവരുന്ന അവസ്ഥ ഭയാനകമാണ്. തന്നോട് അടുക്കുവാന്‍ ശ്രമിക്കുന്നവന്റെ ചേഷ്ടകളില്‍നിന്ന്തന്നെ അവന്റെ സ്വഭാവ വൈകൃതം തിരിച്ചറിയുവാന്‍ പെണ്‍കുട്ടികള്‍ക്ക് കഴിയണം. നയപരമായി ഇത്തരം സമ്മര്‍ദങ്ങളെ നേരിട്ട് ഒഴിഞ്ഞുമാറുക എന്നത് തന്നെയായിരിക്കും അവരുടെ സുരക്ഷക്ക് അത്യുത്തമം. ഇത്തരം കൊലപാതകികള്‍ക്കാകട്ടെ വധശിക്ഷ തന്നെ നല്‍കേണ്ടതുണ്ട്.
ആണ്‍കോയ്മയുടെ പേരില്‍ നിസ്സഹായരായ പെണ്‍കുട്ടികളെ കടന്നാക്രമിക്കുന്ന ഇത്തരം യുവാക്കള്‍ പൊതുസമൂഹത്തിന് ഭീഷണിയാണ്. കേരളം പോലുള്ള ഒരു സംസ്ഥാനത്ത് പെണ്‍കുട്ടികള്‍ക്ക് നിര്‍ഭയരായി പഠിക്കുവാനോ ജോലിക്കോ പോകാനാവുന്നില്ല എന്ന് വരുന്നത് കേരളീയ സമൂഹത്തെ ലജ്ജിപ്പിക്കേണ്ടതാണ്.
വ്യക്തിപരവും കുടുംബപരവുമായ കാര്യങ്ങളില്‍ അധികാരത്തോടെ ഇടപെടുന്നവന്‍ അപകടകാരിയാണെന്ന് ഇത്തരം ബന്ധങ്ങളില്‍പെട്ടുപോയവര്‍ മനസ്സിലാക്കണം. തന്ത്രപൂര്‍വം ഇത്തരക്കാരെ ഒഴിവാക്കുക എന്നത് മാത്രമാണ് പിന്നീട് പെണ്‍കുട്ടികള്‍ക്ക് മുന്നിലുള്ള പോംവഴി.
അച്ചടക്കവും ധാര്‍മ്മിക ബോധവും വീടുകളില്‍നിന്ന് ഒഴിഞ്ഞുപോയതിന്റെ ദുരന്തമാണ് കേരളം ഇന്നനുഭവിച്ചുകൊണ്ടിരിക്കുന്നത്. മാറിയ കാലവും സാമൂഹിക ജീവിതത്തിലുണ്ടായ മാറ്റവും ഇതിന് കാരണമാണ്. പ്രണയം നിരസിക്കപ്പെടുന്നതിന്റെ പേരില്‍ കൊല ചെയ്യപ്പെടുന്നുണ്ടെങ്കില്‍ അത്തരം പ്രവൃത്തിയെ ഒരിക്കലും സ്വാഭാവികമായി കാണാനാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."