കോണ്‍ഗ്രസ് നേതൃത്വത്തില്‍ കുടിവെള്ള സമരം നടത്തി
ചേര്‍ത്തല: ചേര്‍ത്തല താലൂക്കിലെ കുടിവെള്ള ക്ഷാമപരിഹാരിക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആലപ്പുഴ എംപി കെ.സി വേണുഗോപാലിന്റെ നേതൃത്വത്തില്‍ ചേര്‍ത്തലയില്‍ നടന്ന ഏകദിന സത്യാഗ്രഹം വയലാര്‍ രവി എം.പി ഉദ്ഘാടനം ചെയ്തു.
ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ ശുദ്ധജലം എത്തിക്കുന്നതിന് പരാചയപ്പെട്ട സര്‍ക്കാര്‍ നാടിന് ശാപമാണെന്നും ചേര്‍ത്തല താലൂക്കിലെ കുടിവെള്ളത്തിനായി അവസാനം വരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു. 2003ല്‍ എ.കെ ആന്റണി തുടങ്ങിവെച്ച ജപ്പാന്‍ ഗവണ്‍മെന്റിന്റെ സഹായത്തോടെയുള്ള കുടിവെള്ള പദ്ധതി 2012ല്‍ ആദ്യഘട്ടം കമ്മീഷന്‍ ചെയ്തു. ചേര്‍ത്തല താലൂക്കിലെ 18 ഗ്രാമപഞ്ചായത്തുകള്‍കൂടി ഈ പദ്ധതിയുടെ പ്രയോജനം എത്തിക്കുവാനായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തുടങ്ങിവെച്ച അനുബന്ധ പദ്ധതിക്ക് 60 കോടിരൂപ സര്‍ക്കാര്‍ അനുവദിച്ച് യുഡിഎഫിന്റെ ഭരണകാലത്ത് 80ശതമാനത്തോളം നിര്‍മാണം പൂര്‍ത്തിയാക്കിയതാണ്.
ഇപ്പോള്‍ പൊതുമരാമത്ത് വകുപ്പും ജലവിഭവ വകുപ്പും തമ്മിലുള്ള ശീതസമരം മൂലം ഈ പദ്ധതി പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തതില്‍ പ്രതിഷേധിച്ചുകൊണ്ടാണ് ഏകദിന സത്യാഗ്രഹം നടത്തിയത്. സമരത്തിന്റെ സമാപനം കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ അടിസ്ഥാന വിഷയങ്ങളോട് വിമുഖത കാണിക്കുന്ന കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തി വമ്പിച്ച പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കുമെന്ന് വി.എം സുധീരന്‍ പറഞ്ഞു.
22ന് ചേരുന്ന കെപിസിസിസി നിര്‍വാഹക സമിതിയോഗത്തില്‍ കുടിവെള്ളക്ഷാമം ഉള്‍പ്പെടെയുള്ള ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് സമരപരിപാടികള്‍ക്ക് രൂപം കൊടുക്കുമെന്ന് വി.എം സുധീരന്‍ പറഞ്ഞു. ഡിസിസി പ്രസിഡന്റ് അഡ്വ.എം.ലിജു അധ്യക്ഷത വഹിച്ചു.
കെപിസിസി ഭാരവാഹികളായ അഡ്വ.സി.ആര്‍ ജയപ്രകാശ്, അഡ്വ.ജോണ്‍സണ്‍ എബ്രഹാം, അഡ്വ.ബി.ബാബുപ്രസാദ്, ഷാനിമോള്‍ ഉസ്മാന!്, കെ.പി ശ്രീകുമാര്‍, എം.കെ അബ്ദുള്‍ ഗഫൂര്‍ ഹാജി, സി.കെ ഷാജിമോഹന്‍, ബി.ബൈജു, പി.നാരായണന്‍ കുട്ടി, എസ്.ശരത്, കെ.എന്‍ സെയ്ത് മുഹമ്മദ്, ടി.സുബ്രഹ്മണ്യദാസ്, അഡ്വ.സി.വി തോമസ്, കെ.ആര്‍ രാജേന്ദ്രപ്രസാദ്, അഡ്വ.സി.ഡി ശങ്കര്‍, ടി.എച്ച് സലാം, നവപുരം ശ്രീകുമാര്‍, ജോണി തച്ചാറ, ദിലീപ് കണ്ണാടന്‍, എം.ആര്‍ രവി എന്നിവര്‍ പ്രസംഗിച്ചു.
സത്യാഗ്രഹ പന്തല്‍ സന്ദര്‍ശിച്ച് ചേര്‍ത്തല മുട്ടം പള്ളിവികാരി ഫാ.പോള്‍.വി മാടന്‍, ചേര്‍ത്തല സെന്‍ട്രല്‍ ജുമാമസ്ജിദ് ചീഫ് ഇമാം ത്വാഹ മദനി, എസ്എന്‍ഡിപി നേതാവ് കെ.പി നടരാജന്‍, കൃപാസനം ഡയറക്ടര്‍ ഫാ.ജോസഫ് വലിയവീട്ടില്‍, പൂച്ചാക്കല്‍ ഷാഹുല്‍ ഹമീദ് എന്നിവര്‍ സമരപന്തലില്‍ വന്ന് അഭിവാദ്യം നേര്‍ന്നു.
രാവിലെ ഒന്‍പതിന് ആരംഭിച്ച സത്യാഗ്രഹ സമരത്തിന് നൂറുകണക്കിന് തീരദേശവാസികളും ജനപ്രതിനിധികളും നേതാക്കളും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."