ഇന്ത്യന്‍ റണ്‍മതില്‍
സിഡ്‌നി: ആസ്‌ത്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ സിഡ്‌നിയില്‍ ആചാരലംഘനം നടത്തി ഇന്ത്യയുടെ കൂറ്റന്‍ സ്‌കോര്‍. ഏഴ് വിക്കറ്റിന് 622 എന്ന നിലയില്‍ റണ്‍ മലകയറിയ ഇന്ത്യ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ആസ്‌ത്രേലിയ ഒന്നാം ഇന്നിങ്‌സില്‍ വിക്കറ്റ് നഷ്ടമാവാതെ 24 റണ്‍സ് എടുത്തു. മാര്‍ക്കസ് ഹാരിസ് (19) ഉസ്മാന്‍ ഖവാജ (5) എന്നിവരാണ് ക്രീസില്‍. ചേതേശ്വര്‍ പൂജാരയുടെയും (193) യുവതാരം റിഷഭ് പന്തിന്റെയും (159*) സെഞ്ചുറി തിളക്കവും രവീന്ദ്ര ജഡേജയുടെ (81) മിന്നുന്ന ബാറ്റിങ്ങുമാണ് ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. പരമ്പരയിലെ അവസാന ടെസ്റ്റില്‍ ഇന്ത്യ സമഗ്രാധിപത്യം നേടിയതോടെ വിജയ പ്രതീക്ഷയേറി. ഇന്ത്യയുടെ ഒപ്പമെത്താന്‍ ഓസീസിന് 598 റണ്‍സ് കൂടി വേണം. ഓസീസിന് വേണ്ടി നഥാന്‍ ലിയോണ്‍ നാലും ഹെയ്‌സല്‍വുഡ് രണ്ടും വിക്കറ്റ് വീഴ്ത്തി.
പൂജാര 1258 പന്ത്, 30
മണിക്കൂര്‍
1258 ബോള്‍ നേരിട്ടു 521 റണ്‍സ് നേടാന്‍ ചേതേശ്വര്‍ പൂജാര ക്രീസില്‍ നിന്നത് 30 മണിക്കൂര്‍. പ്രമുഖരുടെ പട്ടികയിലാണ് പൂജാര സ്ഥാനം പിടിച്ചത്. റിച്ചി റിച്ചാര്‍ഡ്‌സണ്‍ (1358), രാഹുല്‍ ദ്രാവിഡ് (1336), അലിസ്റ്റര്‍ കുക്ക് (1285) എന്നിവരുടെ റെക്കോര്‍ഡിലേക്കാണ് പൂജാരയും ബാറ്റ് വീശിയത്. ഓസീസിനെതിരായ നാല് ടെസ്റ്റുകളിലായി ഇതുവരെ പൂജാര 521 റണ്‍സ് എടുത്തു. ഓസീസ് ബൗളിങ് നിരയെ പ്രഹരിച്ച ചേതേശ്വര്‍ പൂജാരയക്ക് ഡബിള്‍ സെഞ്ചുറി നഷ്ടമായത് ഏഴ് റണ്‍സ് അകലെയാണ്. ആറാം വിക്കറ്റില്‍ പൂജാരയ്ക്കു കൂട്ടായി റിഷഭ് പന്ത് ക്രീസില്‍ എത്തിയതോടെ ഇന്ത്യന്‍ സ്‌കോര്‍ കുതിച്ചുയര്‍ന്നു. വിദേശത്ത് കന്നി ഡബിള്‍ സെഞ്ചുറിക്കു ഏഴു റണ്‍സ് അകലെ പൂജാരയെ വീഴ്ത്തി ലിയോണാണ് വന്‍മതില്‍ ഇന്നിങ്‌സിന് ബ്രേക്കിട്ടത്. വിക്കറ്റ് വീഴുമ്പോള്‍ പൂജാര- പന്ത് സഖ്യം 89 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചിരുന്നു. 373 പന്തില്‍ 22 ബൗണ്ടറികളുടെ സഹായത്തോടെയായിരുന്നു 193 റണ്‍സ് നേടിയ പൂജാരയുടെ മാരത്തോണ്‍ ഇന്നിങ്‌സ്.
ചരിത്രമായി ഋഷഭ് പന്ത്
പുതിയൊരു ചരിത്രം രചിച്ചാണ് ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ബാറ്റിങ് അവസാനിപ്പിച്ചത്. ഓസീസിനെതിരേ ഏറ്റവും വലിയ സ്‌കോര്‍ നേടുന്ന വിക്കറ്റ് കീപ്പറായി പന്ത്. ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ആദ്യ സെഞ്ചുറി കൂടിയാണിത്. ഫാറൂഖ് എന്‍ജിനീയര്‍ 1967 ല്‍ നേടിയ 89 റണ്‍സ് എന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ സ്‌കോറാണ് പന്ത് മറികടന്നത്. ടെസ്റ്റ് കരിയറിലെ പന്തിന്റെ രണ്ടാം സെഞ്ചുറി. ഇംഗ്ലണ്ടിനെതിരേയായിരുന്നു ആദ്യ സെഞ്ചുറി. ഇതുമാത്രമല്ല ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഏറ്റവും വലിയ മൂന്നാമത്തെ സ്‌കോര്‍.
189 പന്തില്‍ 159 റണ്‍സാണ് ഋഷഭ് പന്ത് നേടിയത്. 2013 ല്‍ ഓസീസിനെതിരേ ചെന്നൈയില്‍ എം.എസ് ധോണി നേടിയ -224, ഇംഗ്ലണ്ടിനെതിരേ ബുദ്ദി കുണ്ടറാന്‍ -192 എന്നിവരാണ് മുന്‍ഗാമികള്‍. ഓസീസ് ബൗളിങ് നിരയെ തല്ലി പരുവപ്പെടുത്തിയ റിഷഭ് പന്തും രവീന്ദ്ര ജഡേജയും സൃഷ്ടിച്ചത് പുതിയൊരു ചരിത്രം. ഏഴാം വിക്കറ്റില്‍ 204 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ടാണ് ഇരുവരും സൃഷ്ടിച്ചത്. ജഡേജ 81 റണ്‍സ് നേടി പുറത്തായതോടെയാണ് ഈ മാരത്തോണ്‍ കൂട്ടുകെട്ട് അവസാനിച്ചത്. 114 പന്തില്‍ ഏഴു ബൗണ്ടറികളുമായാണ് ജഡേജ ഇന്നിങ്‌സ് പൂര്‍ത്തിയാക്കി മടങ്ങിയത്. ഇതിന് പിന്നാലെ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.
മിന്നുന്ന കൂട്ടുകെട്ടുകള്‍
മികച്ച വ്യക്തിഗത പ്രകടനങ്ങള്‍ക്ക് പുറമേ തകര്‍പ്പന്‍ കൂട്ടുകെട്ടുകളും സൃഷ്ടിച്ചാണ് കങ്കാരുക്കള്‍ക്കെതിരേ സിഡ്‌നിയില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഓപ്പണിങ് വിക്കറ്റിലൊഴികെ ബാക്കി ആറു വിക്കറ്റുകളിലും ഇന്ത്യ മികച്ച കൂട്ടുകെട്ടുകള്‍ തന്നെ സൃഷ്ടിച്ചു. നാലാം വിക്കറ്റില്‍ പൂജാര - രഹാനെ സഖ്യം കൂട്ടിച്ചേര്‍ത്തത് 48 റണ്‍സ്. മറ്റ് അഞ്ച് കൂട്ടുകെട്ടുകള്‍ അര്‍ധശതകം പിന്നിട്ടു.
ഏഴാം വിക്കറ്റില്‍ പന്ത് - ജഡേജ സഖ്യം കൂട്ടിച്ചേര്‍ത്തത് 204 റണ്‍സ്. രണ്ടാം വിക്കറ്റില്‍ പൂജാര - അഗര്‍വാള്‍ സഖ്യം -116. അഞ്ചാം വിക്കറ്റില്‍ പൂജാര - വിഹാരി സഖ്യം -101. മൂന്നാം വിക്കറ്റില്‍ പൂജാര - കോഹ്‌ലി സഖ്യം -54. ആറാം വിക്കറ്റില്‍ പൂജാര - ഋപന്ത് കൂട്ടുക്കെട്ട് അര്‍ധസെഞ്ചുറി സൃഷ്ടിച്ചു. നാല് വിക്കറ്റിന് 303 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയെ നിയന്ത്രിക്കാനാവാതെ ഓസീസ് ബൗളര്‍മാര്‍ വലഞ്ഞു. ഹനുമാ വിഹാരിയുടെ വിക്കറ്റാണ് ഇന്ത്യക്ക് രണ്ടാം ദിനം ആദ്യം നഷ്ടമായത്. ടീം സ്‌കോറിലേക്കു 26 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നിതിനിടെയായിരുന്നു ഹനുമാ വിഹാരിയെ നഷ്ടമായത്. 96 പന്ത് നേരിട്ട വിഹാരി അഞ്ചു ബൗണ്ടറികളോടെ 42 റണ്‍സെടുത്തു. ലിയോണിന്റെ പന്തില്‍ മാര്‍നസ് ലബ്യുഷാനെ പിടികൂടിയാണ് വിഹാരി പുറത്തായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."