22 ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് പരാതി
കൊച്ചി: മരടിലെ മൂന്ന് ഫ്‌ളാറ്റുകള്‍ ഇന്ന് പൊളിച്ചുനീക്കാനിരിക്കെ സുപ്രിംകോടതി നിര്‍ദേശിച്ച നഷ്ടപരിഹാരം 22 ഫ്‌ളാറ്റ് ഉടമകള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് പരാതി. നഷ്ടപരിഹാരത്തിന്റെ ആദ്യഘട്ടമായി 25 ലക്ഷം രൂപ വീതം ഫ്‌ളാറ്റ് ഉടമകള്‍ക്ക് നല്‍കാനായിരുന്നു സുപ്രിംകോടതി നിര്‍ദേശിച്ചത്. 266 പേരാണ് നഷ്ടപരിഹാരത്തിനായി അപേക്ഷിച്ചത്. ഇതില്‍ 22 ഫ്‌ളാറ്റ് ഉടമകള്‍ക്കാണ് ഇപ്പോഴും നഷ്ടപരിഹാരം ലഭിക്കാത്തതെന്ന് മരട് ഭവന സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രണ്ടുദിവസം മുന്‍പ് അന്‍പതിലേറെ പേര്‍ക്ക് നഷ്ടപരിഹാരം കിട്ടാനുണ്ടായിരുന്നെങ്കിലും മാധ്യമവാര്‍ത്തകളെ തുടര്‍ന്ന് കുറച്ചുപേര്‍ക്ക് ധൃതിപിടിച്ച് നല്‍കുകയായിരുന്നു. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനുമുന്‍പ് പ്രാഥമിക നഷ്ടപരിഹാരം എല്ലാവര്‍ക്കും നല്‍കണമെന്നും അല്ലാത്തപക്ഷം സുപ്രിംകോടതിയെ സമീപിക്കുമെന്നും സമിതി ചെയര്‍മാന്‍ അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി വ്യക്തമാക്കി. പ്രാഥമിക നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ തന്നെ അലംഭാവം കാണിക്കുകയാണ്. സമിതി ആദ്യം നിശ്ചയിച്ച തുച്ഛമായ നഷ്ടപരിഹാരം ചോദ്യംചെയ്ത് കോടതിയെ സമീപിച്ചപ്പോഴാണ് 25 ലക്ഷം രൂപ അനുവദിക്കാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചത്. രേഖകളില്‍ അവ്യക്തതയുണ്ടെന്നും ഒന്നിലധികം ഫ്‌ളാറ്റുകള്‍ ഉള്ളതുകൊണ്ട് ഇക്കാര്യത്തില്‍ കോടതി വ്യക്തത വരുത്തണമെന്നുമാണ് നഷ്ടപരിഹാരം വൈകുന്നതിനെക്കുറിച്ച് സമിതി പറയുന്നത്. സമിതി ആവശ്യപ്പെട്ട എല്ലാ രേഖകളും സമര്‍പ്പിച്ചതിനുശേഷവും ഈ നിലപാട് സ്വീകരിക്കുന്നത് അംഗീകരിക്കാനാകില്ല.
എല്ലാ ഫ്‌ളാറ്റ് ഉടമകള്‍ക്കും പ്രാഥമിക നഷ്ടപരിഹാരം ലഭിച്ചെന്നും സമരരംഗത്തുനിന്ന് ഉടമകള്‍ പിന്‍മാറിയെന്നുമുള്ള സ്ഥലം എം.എല്‍.എ സ്വരാജിന്റെ വാദം തെറ്റിദ്ധാരണാജനകമാണ്. ഒരുമാസത്തിനകം നിലവിലെ കമ്പോളവില അടിസ്ഥാനമാക്കിയുള്ള നഷ്ടപരിഹാരം ലഭ്യമാക്കണം. അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമായില്ലെങ്കില്‍ ഫ്‌ളാറ്റ് ഉടമകള്‍ വീണ്ടും സമരരംഗത്തിറങ്ങും.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീഴ്ചകള്‍ മൂലമാണ് ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കേണ്ടിവരുന്നത്. അതിനാല്‍ സര്‍ക്കാരാണ് നഷ്ടപരിഹാരം നല്‍കേണ്ടതെന്നും ഭാരവാഹികള്‍ പറഞ്ഞു. തുടര്‍നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തിലും സുപ്രിംകോടി നിയോഗിച്ച സമിതി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
കെട്ടിടം നിര്‍മിക്കുന്നതിന് മുന്‍പുള്ള തരിശ് ഭൂമിയുടെ മൂല്യം നിര്‍ണയിച്ചാണ് സമിതി നഷ്ടപരിഹാരം കണക്കാക്കുന്നത്. ഇത് സ്വീകാര്യമല്ല. സ്ഥലത്തിന്റെയും കെട്ടിടത്തിന്റെയും നിലവിലുള്ള മൂല്യം അടിസ്ഥാനമാക്കിയാണ് തുടര്‍ നഷ്ടപരിഹാരം നിര്‍ണയിക്കേണ്ടത്. ശത്രുതാ മനേഭാവത്തോടെയാണ് സമിതി ഫ്‌ളാറ്റ് ഉടമകളോട് പെരുമാറുന്നതെന്നും ഭവന സംരക്ഷണ സമിതി ഭാരവാഹികള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."