ഗ്രാമങ്ങള്‍ കൊടും വരള്‍ച്ചയിലേക്ക്
കൊട്ടാരക്കര: പ്രധാന കനാലുകള്‍ തുറന്നു വിട്ടെങ്കിലും ഉപകനാലുകള്‍ വഴി വെള്ളം എത്താത്തതിനാല്‍ ഗ്രാമപ്രദേശങ്ങള്‍ കൊടും വരള്‍ച്ചയിലായി. ഈ മാസം ആദ്യം കല്ലട പദ്ധതിയുടെ വലതു ഇടതു കനാലുകള്‍ വഴി വെള്ളം തുറന്നു വിടുകയുണ്ടായി. പ്രധാന കനാലുകള്‍ വഴി മാത്രമാണ് ഇങ്ങനെ വെള്ളം തുറന്നു വിട്ടത്.
ഉപകനാലുകള്‍ വഴി വെള്ളം തുറന്നു വിടുന്നത് ഏറെ പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും രണ്ടാഴ്ച കഴിഞ്ഞിട്ടും അതുണ്ടായില്ല. കര്‍ഷകരും, ഗ്രാമീണരും ഇപ്പോള്‍ പ്രക്ഷോഭത്തിന്റെ പാതയിലേക്ക് നീങ്ങുകയാണ്. മുന്‍ വര്‍ഷങ്ങളില്‍ ഉപകനാലുകള്‍ വഴി വെള്ളം തുറന്നു വിടുന്നതിന് തടസമായി കെ.ഐ.പി അധികൃതര്‍ ചൂണ്ടിക്കാട്ടിയിരുന്നത് കനാലുകള്‍ വൃത്തിയാക്കുന്നില്ല എന്നതായിരുന്നു. എന്നാല്‍ ഇത്തവണ പഞ്ചായത്തുകള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വളരെ നേരത്തേ തന്നെ കനാലുകള്‍ വൃത്തിയാക്കിയിരുന്നു.
ഉപകനാലുകള്‍ വഴി വെള്ളം ഒഴുകുമ്പോഴാണ് ഗ്രാമീണ മേഖലയിലെ ജലക്ഷാമം പരിഹരിക്കപ്പെടുന്നത്. കിണറുകളിലും, കുളങ്ങളിലും വെള്ളം നിറയുകയും കുടിവെള്ള ക്ഷാമം പരിഹരിക്കപ്പെടുകയും ചെയ്തിരുന്നു. ഇത്തവണ വേനല്‍ നേരത്തേ ആരംഭിച്ചെങ്കിലം ഉപകനാലുകള്‍ തുറക്കുന്നതില്‍ കെ.ഐ.പി ജാഗ്രത കാട്ടുന്നില്ല. ഇതു മൂലം ഗ്രാമപ്രദേശങ്ങളിലെല്ലാം കുടിവെള്ള ക്ഷാമം അതി രൂക്ഷമായി.
വെള്ളം വിലയ്ക്കു വാങ്ങേണ്ടുന്ന സ്ഥിതി വരെയായി പലയിടങ്ങളിലും. ഉപകനാലുകളില്‍ വെള്ളമില്ലാത്തത് കാര്‍ഷികമേഖലയെ ഗുരുതരമായി ബാധിച്ചു കഴിഞ്ഞു. പാടശേഖരങ്ങളിലെ കാര്‍ഷികവിളകള്‍ എല്ലാം നശിച്ചു.
കരഭൂമിയിലെ കൃഷിയും കരിഞ്ഞു തുടങ്ങി. തെന്മലയിലെ ജലസംഭരണയില്‍ വെള്ളത്തിന്റെ കുറവുള്ളതിനാലാണ് ഉപകനാലുകള്‍ തുറക്കാത്തത് എന്നാണ് കെ.ഐ.പി ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇടതു വലതു കര കനാലുകളില്‍ നീരൊഴുക്കിന് നിയന്ത്രണം ഏര്‍പ്പെടുത്തി ഉപകനാലുകള്‍ തുറക്കാനുള്ള ശ്രമത്തിലാണെന്നും അവര്‍ പറയുന്നു. ഉപകനാലുകള്‍ തുറന്നു വിടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇന്നു നടക്കുന്ന മന്ത്രിതല യോഗത്തില്‍ ഇതിന് തീരുമാനം ഉണ്ടാകുമെന്ന് അഡ്വ. അയിഷാപോറ്റി എം.എല്‍.എ വ്യക്തമാക്കി. കാര്‍ഷിക മേഖലയ്ക്കായാണ് കല്ലട പദ്ധതി ആവിഷ്‌ക്കരിച്ചതെങ്കിലും ഒരു പ്രയോജനവും ലഭിക്കുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."