ഒമാന്‍ രാഷ്ട്രനിര്‍മിതിയുടെ ആധുനിക ശില്‍പി
1970 ജനുവരി 23നു രക്തരഹിത വിപ്ലവത്തിലൂടെ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് ഒമാനിന്റെ അധികാരം ഏറ്റെടുക്കുമ്പോള്‍ രാജ്യത്ത് ആറു കിലോമീറ്റര്‍ ടാര്‍ ചെയ്ത റോഡും അംഗുലീപരിമിതമായ ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മാത്രം. 49 വര്‍ഷങ്ങള്‍ക്കിപ്പുറം, ദീര്‍ഘദര്‍ശിത്വവും നേതൃപാടവവും കൊണ്ട് അദ്ദേഹം ഒമാനിനെ ആധുനികവല്‍ക്കരിക്കുകയായിരുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാത്ത ഒരു അവികസിത രാജ്യം ഒറ്റയ്ക്കു നിന്ന് പടുത്തുയര്‍ത്തി ലോകരാജ്യങ്ങള്‍ക്കിടയില്‍ അടയാളപ്പെടുത്തിയ സുല്‍ത്താന്‍ ഖാബൂസിന്റെ ഭരണനൈപുണ്യം മാതൃകാപരവും അനുകരണീയവുമാണ്.
കൃഷിയെയും മത്സ്യബന്ധനത്തെയും ആശ്രയിച്ച് ജീവിച്ചിരുന്ന ജനതയെ പുതിയ സ്വപ്നങ്ങളിലേക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞതും അതുവഴി ഒരു നവരാഷ്ട്രം സാധ്യമാക്കിയതും അദ്ദേഹത്തിന്റെ നിതാന്തജാഗ്രതയുടെ ഫലമായിരുന്നു. എണ്ണ വരുമാനം ഉപയോഗിച്ച് രാജ്യത്തെ നവീകരിച്ചു. സ്‌കൂളുകളും ആശുപത്രികളും സ്ഥാപിച്ചു. നൂറുകണക്കിനു കിലോമീറ്റര്‍ പുതിയ റോഡുകള്‍ നിര്‍മിച്ചു. ടെലി കമ്മ്യൂണിക്കേഷന്‍ ശൃംഖല സ്ഥാപിച്ചു തുടങ്ങിയ നിരവധി സംവിധാനങ്ങളും ആധുനിക നഗരത്തിന്റെ സാധ്യതയെ ഉള്‍ക്കൊണ്ട് രാജ്യത്തിനു പുതിയ മാനവും നല്‍കി.
തന്റെ ഭരണത്തിനു മുന്‍പ് ആരംഭിച്ച തുറമുഖത്തിനും വിമാനത്താവളത്തിനുമായുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കി. രണ്ടാമതൊരു തുറമുഖം കൂടി നിര്‍മിച്ചു. എല്ലാവര്‍ക്കും വൈദ്യുതി ലഭ്യമാക്കി. സ്വകാര്യ സംരംഭങ്ങളുടെ വളര്‍ച്ചയെ പോലും പ്രോത്സാഹിപ്പിച്ചു. ബാങ്കുകള്‍, ഹോട്ടലുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, അച്ചടി മാധ്യമങ്ങള്‍ തുടങ്ങിയവ സ്ഥാപിക്കപ്പെട്ടു. വികസന പദ്ധതികള്‍ നിരന്തരമായി നടപ്പാക്കിക്കൊണ്ട് രാജ്യത്തിനു സാമ്പത്തികമായി സുസ്ഥിരത നേടിക്കൊടുക്കുകയായിരുന്നു അദ്ദേഹത്തിന്റെ ആദ്യലക്ഷ്യം.
ഭരണസിരാകേന്ദ്രം കൈവെള്ളയില്‍ ആയിരിക്കുമ്പോഴും അധികാരത്തിന്റെ അഹങ്കാരങ്ങളേതുമില്ലാതെ സ്വന്തം ജനതയെ ചേര്‍ത്തുനിര്‍ത്തി. അധികാരത്തിലേറിയ ആദ്യവര്‍ഷം തന്നെ അടിമത്വം നിര്‍ത്തലാക്കി രാജ്യത്തെ ഒന്നിപ്പിച്ചു. 'മസ്‌കത്ത് ആന്‍ഡ് ഒമാന്‍' എന്ന പേരിനു പകരം രാജ്യത്തിന് 'സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍' എന്ന് പേരിട്ടു. മസ്‌കത്തിനെ തലസ്ഥാന നഗരമായി പ്രഖ്യാപിച്ചു. ചുരുങ്ങിയ കാലയളവിനുള്ളില്‍ വികസിച്ച അറബ് രാജ്യം എന്ന നിലയില്‍ ഒമാന്‍ അതിന്റെ സ്വത്വം, സംസ്‌കാരം, പാരമ്പര്യം, പൈതൃകം എന്നിവ നിലനിര്‍ത്തി ഇന്നും ലോകരാജ്യങ്ങള്‍ക്കിടയില്‍ അതിപ്രധാന സ്ഥാനം അടയാളപ്പെടുത്തുന്നുണ്ട്.
1940ല്‍ തെക്കന്‍ ഒമാനിലെ സലാലയിലായിരുന്നു സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് ബിന്‍ തൈമൂര്‍ അല്‍ സഈദ് റോയല്‍ അല്‍ ബുസൈദി കുടുംബത്തിലെ എട്ടാമത്തെ പിന്‍ഗാമിയായി ജനിച്ചത്. 1744ല്‍ ഇമാം അഹമ്മദ് ബിന്‍ സഈദ് സ്ഥാപിച്ച രാജവംശം ഇദ്ദേഹത്തിന്റെ ഭരണമികവിലൂടെ ലോകശ്രദ്ധയാകര്‍ഷിക്കപ്പെട്ടു. ബ്രിട്ടനിലും ഇന്ത്യയിലും പഠനം നടത്തിയ അദ്ദേഹം ബ്രട്ടീഷ് ആര്‍മിയില്‍ സേവനം ചെയ്തിട്ടുണ്ട്.
ഒമാനി ജനതയുടെ ശക്തിയിലും കഴിവുകളിലും വിശ്വസിച്ചു. തങ്ങളുടെ രാജ്യം കെട്ടിപ്പടുക്കാന്‍ കഠിനമായി പരിശ്രമിക്കാന്‍ അവരെ പ്രോത്സാഹിപ്പിച്ചു. ഇത് അവരുടെ വിദ്യാഭ്യാസം സുഗമമാക്കുന്നതിനും രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും അവസരമൊരുക്കി. സ്വദേശികള്‍ക്കും വിദേശികള്‍ക്കും സ്ഥിരതയും സുരക്ഷയും മാന്യമായ ജീവിതവും ഒരുക്കിക്കൊടുത്തു.
ശ്രദ്ധയേതുമില്ലാതെ ഒരറ്റത്ത് ഒതുങ്ങിപ്പോകേണ്ടിയിരുന്ന, അത്യുന്നതമായ സംസ്‌കാരങ്ങളും പാരമ്പര്യങ്ങളുമുണ്ടായിട്ടും വെളിച്ചം വന്നെത്താതെ പതിറ്റാണ്ടുകളോളം ഊഷരമായി കിടന്ന ജനതയെ ഒരാള്‍ കാലയളവിലെ കഠിനാധ്വാനം കൊണ്ട് പുരോഗതിയുടെ ഉത്ഥാനങ്ങള്‍ കാണിച്ചുകൊടുത്ത അദ്ദേഹം ചരിത്രത്തില്‍ ഒമാനിന്റെ ശില്‍പിയായാണ് അറിയപ്പെടുക. വിദേശജനതക്ക് സന്ദര്‍ശിക്കാനും താമസിക്കാനും ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളില്‍ ഒന്നാക്കി ഒമാനിനെ മാറ്റിയെടുത്തതില്‍ സുല്‍ത്താന്റെ പങ്ക് നിസ്തുലമാണ്.
ഗള്‍ഫ് മേഖലയിലെ പ്രശ്‌നങ്ങളില്‍ നിഷ്പക്ഷത പുലര്‍ത്തുകയും മധ്യസ്ഥനായി പ്രവര്‍ത്തിക്കുകയും ചെയ്ത് സമാധാനത്തിന്റെ സ്‌നേഹദൂതനായി അദ്ദേഹം അറിയപ്പെട്ടു. സഊദി അറേബ്യയും യമനിലെ ഹൂതി വിമതരും തമ്മിലുള്ള ചര്‍ച്ചയുടെ മധ്യസ്ഥകേന്ദ്രം ഒമാനായി മാറിയതില്‍ സുല്‍ത്താന്‍ ഖാബൂസിന്റെ ഭരണ നയതന്ത്രജ്ഞതയായിരുന്നു. 'എല്ലാവര്‍ക്കും സുഹൃത്തും എന്നാല്‍ ആരുടെയും ശത്രുവുമല്ല' എന്ന ഒമാന്റെ പ്രഖ്യാപിതനയം സാമ്പത്തികമായി വികസിക്കാന്‍ രാജ്യത്തെ സഹായിച്ചു. ഖത്തറും മറ്റു ഗള്‍ഫ് രാജ്യങ്ങളുമായി രണ്ടു വര്‍ഷമായി തുടരുന്ന പ്രശ്‌നത്തില്‍ ഒമാന്‍ ഒരു പക്ഷവും ചേരാതെ നിന്നു. രാജ്യത്തെ ജനങ്ങളുടെ രാഷ്ട്രീയ സാമൂഹിക പ്രശ്‌നങ്ങളെ നിരന്തരം കേട്ട് തുല്യത കാത്തുസൂക്ഷിച്ചു.
ഇന്ത്യയില്‍ പഠനം നടത്തിയ അദ്ദേഹം മുന്‍ രാഷ്ട്രപതി ശങ്കര്‍ ദയാല്‍ ശര്‍മ്മയുടെ ശിഷ്യനായിരുന്നു. ശര്‍മ്മ ഒമാന്‍ സന്ദര്‍ശിച്ചപ്പോള്‍ സുല്‍ത്താന്‍ നേരിട്ട് എയര്‍പോര്‍ട്ടില്‍ ചെന്ന് അദ്ദേഹത്തെ സ്വീകരിച്ച് ഗുരുശിഷ്യ ബന്ധത്തിന്റെ ഉത്തമ മാതൃക ലോകത്തിന് കാണിച്ചുകൊടുത്തു. ഒട്ടേറെ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയ ഈ സംഭവം പിന്നീട് സുല്‍ത്താന്‍ ഖാബൂസ് വിവരിച്ചത് ഇങ്ങനെയാണ്. 'ഞാന്‍ അദ്ദേഹത്തെ സ്വീകരിച്ചത് ഇന്ത്യന്‍ പ്രസിഡന്റ് ആയിട്ടല്ല, പണ്ട് പൂനെയില്‍ പഠിക്കുമ്പോള്‍ എന്നെ കോളജില്‍ പഠിപ്പിച്ച പ്രൊഫസറായിട്ടാണ്, ഗുരുവിനെ ഇങ്ങനെ സ്വീകരിക്കേണ്ടത് എന്റെ കടമയാണ് '.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."