ഫാസിസ്റ്റ് ഭരണകൂടത്തെ അതിജയിക്കുന്ന പ്രക്ഷോഭങ്ങള്‍
അന്നൊരു അര്‍ധരാത്രിയിലായിരുന്നു വര്‍ഷങ്ങളോളം രാജ്യത്തെയും ഇവിടത്തെ ജനതയെയും അടിമകളാക്കി വച്ചിരുന്ന, വിഭജിച്ച് രക്തമൂറ്റിയിരുന്ന ഒരു ഭരണകൂടം ഈ നാട്ടില്‍നിന്ന് കപ്പല്‍ കയറിയത്. വര്‍ഷങ്ങള്‍ക്കിപ്പുറം, അവരെ നാടുകടത്തുന്നതില്‍ യാതൊരു പങ്കുമില്ലാത്ത ഒരാള്‍ക്കൂട്ടം അവര്‍ക്കു പാദസേവ ചെയ്തുകൊടുക്കുന്നതിനിടെ പഠിച്ച അതേ വിഭജനതന്ത്രം മറ്റൊരു രാത്രിയില്‍ നടത്തുകയാണിവിടെ. ആദ്യം വിഭജനതന്ത്രമൊരുക്കിയത് ഏറെ പരിഷ്‌കൃതമല്ലാത്തൊരു കാലത്ത് മറ്റൊരു നാട്ടുകാര്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ അതു നടപ്പാക്കുന്നത് ഒരു ജാനാധിപത്യ രാജ്യത്ത്, ഉത്തരാധുനികതയുടെ കാലത്ത്, ഇവിടത്തെ തന്നെ ഭരണകൂടമാണ്.
ആ രാത്രിക്കു ശേഷം ഏകദേശം ഒരു മാസത്തോളമായി മതേതരത്വത്തെ മുറുകെപ്പിടിക്കുന്ന ഇവിടത്തെ ജനത ശക്തമായ പ്രതിരോധവുമായി രംഗത്തുണ്ട്. ഒറ്റയായും കൂട്ടമായും പ്രതിഷേധ സമരങ്ങളും റാലികളും പൊതുയോഗങ്ങളും കലാപ്രകടനങ്ങളുമെല്ലാം നടന്നുവരികയാണ്. എന്നാല്‍, ഈ പ്രതിഷേധങ്ങളെയെല്ലാം പാടെ അവഗണിച്ച് പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തില്‍ വരുത്തുകയാണ് സര്‍ക്കാര്‍ കഴിഞ്ഞദിവസം ചെയ്തത്. ഒരു ജനാധിപത്യ രാജ്യത്തെ ഭരണകൂടം അതിന്റെ എല്ലാ സീമകളും ലംഘിച്ച്, ന്യൂനപക്ഷങ്ങളുടെ ഉന്മൂലനം ലക്ഷ്യമാക്കി മുന്നോട്ടുപോകുന്നത് മതേതര രാജ്യത്തിന്റെ നിലനില്‍പ്പിനു ഭൂഷണമാകില്ല.
അതുകൊണ്ടുതന്നെ ഒട്ടും വീര്യംചോരാതെ പൗരത്വ നിയമ ഭേദഗതിക്കെതിരേയും അതു നടപ്പാക്കാന്‍ പോകുന്ന ഫാസിസ്റ്റ് ഭരണകൂടത്തിനെതിരേയും നാം തുടങ്ങിവച്ച സമരം തുടരേണ്ടതുണ്ട്. രാഷ്ട്രപതി പൗരത്വ ബില്‍ ഒപ്പിട്ട രാത്രിയിലെ പ്രതിഷേധത്തെ പോലെ, ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ക്കു നേരെ പൊലിസ് നരനായാട്ട് നടത്തിയ രാത്രിയിലെ പ്രതിഷേധത്തെ പോലെ, പുതുവര്‍ഷദിന രാത്രിയിലെ പ്രതിഷേധത്തെ പോലെ നാം പോരാട്ടത്തിന്റെ കനല്‍ അണയാതെ സൂക്ഷിക്കേണ്ടതുണ്ട്.
പലപ്പോഴായി ഇവിടെ നടന്ന പല സമരങ്ങളും പിന്നീട് അതിന്റെ വീര്യം നഷ്ടപ്പെട്ട് ഏതാനും വ്യക്തികളില്‍ മാത്രം ഒതുങ്ങി ഭരണകേന്ദ്രത്തിന്റെ ഗേറ്റിന് പുറത്തു നടക്കുന്ന ചെറിയ സമരമായി മാറിയിട്ടുണ്ട്. എന്നാല്‍ ആ അവസ്ഥ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് ഉണ്ടായിക്കൂടാ. മറ്റെല്ലാ സമരങ്ങളില്‍നിന്നും വ്യത്യസ്തമായി ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭങ്ങളെല്ലാം മതേതര ജനാധിപത്യ രാജ്യത്തിന്റെ നിലനില്‍പ്പിന് വേണ്ടിയുള്ളതാണ്. രാജ്യത്തെ ഭരണഘടനയും മതേതരത്വവും സംരക്ഷിക്കപ്പെടാനുള്ളതാണെന്നതില്‍ അഭിപ്രായാന്തരമില്ല. അതുകൊണ്ട് തന്നെ ഈ സമരാഗ്നി നീതി ലഭ്യമാകുന്നതു വരെ ജ്വലിപ്പിച്ചു നിര്‍ത്തേണ്ടത് എല്ലാവരുടെയും ബാധ്യതയാണ്.
ജനകീയ പ്രക്ഷോഭങ്ങളുടെ ശൗര്യം തല്ലിക്കെടുത്തി സമരങ്ങളെ തകര്‍ക്കാന്‍ വേണ്ടി ഇടപെടുന്നവരെ തിരിച്ചറിയേണ്ടതുണ്ട്. സമരത്തിനായി രൂപപ്പെട്ടിട്ടുള്ള ഫാസിസ്റ്റ് വിരുദ്ധ മതേതര ചേരിയെ ചേര്‍ത്തുപിടിക്കേണ്ട കാര്യത്തിലും ജാഗ്രതപ്പെടേണ്ടതുണ്ട്. മതത്തിന്റെ പേരില്‍ ഒരു വിഭാഗത്തെ ഒറ്റപ്പെടുത്താന്‍ ഭരണകൂടം ശ്രമിക്കുമ്പോള്‍ തന്നെയാണ് മതങ്ങളുടെ പേരില്‍ വിഭജിക്കാതെ ഇവിടത്തെ ജനങ്ങള്‍ ഒന്നായി നില്‍ക്കുന്നത്. ഭരണകൂടത്തിന്റെ കണക്കുകൂട്ടലുകള്‍ മാറ്റിമറിച്ച് ഉയര്‍ന്നുവന്ന ഈ ഐക്യത്തെ കൂട്ടുപിടിച്ചു വേണം സമരമുറകള്‍ മുന്നോട്ടുപോകാന്‍. യോജിച്ച് നില്‍ക്കുമ്പോഴുണ്ടാകുന്ന ശക്തിക്ക് ഏതു ഫാസിസത്തെയും തകര്‍ക്കാന്‍ കഴിയും എന്നതു ചരിത്രസത്യമാണ്.
മനുഷ്യ മതിലുകള്‍ പോലെയുള്ള സമരമു റകള്‍ തീര്‍ക്കുന്നതിലൂടെ നാം ഉയര്‍ത്തിപ്പിടിക്കുന്നതും ആ ശക്തിയെയാണ്. വിടവുകളില്ലാതെ യോജിച്ച് ഒരേ മനസോടെ, ഐക്യത്തോടെ ഫാസിസ്റ്റുകള്‍ക്കെതിരേയുള്ള പ്രതിരോധമാണ് ഓരോ പ്രക്ഷോഭങ്ങളും. ബ്രിട്ടീഷുകാരുടെ വിഭജന നയത്തിനെതിരേയും വെടിയുണ്ടകള്‍ക്കെതിരേയും രാഷ്ട്രപിതാവ് ഗാന്ധിജിക്കൊപ്പം മൗലാനാ മുഹമ്മദലി ജൗഹറും നെഹ്‌റുവിനൊപ്പം അബുല്‍ കലാം ആസാദും ഡോ. ബി.ആര്‍ അംബേദ്കറിനൊപ്പം ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബും ഒരുമിച്ച് നിന്നതു പോലെ ഈ സമരങ്ങളിലെല്ലാം മത ജാതി വര്‍ഗ വര്‍ണ ചേരിതിരിവുകളില്ലാതെ നാം ഒരുമിച്ചുതന്നെ നില്‍ക്കും.
അവര്‍ എത്രത്തോളം നമ്മെ അകറ്റിനിര്‍ത്താന്‍ ശ്രമിക്കുന്നുവോ അത്രത്തോളം നാം ചേര്‍ന്നു നിന്നുകൊണ്ടേയിരിക്കും എന്ന് അവരെ ബോധ്യപ്പെടുത്തേണ്ടത് ആവശ്യമാണ്. വ്യത്യസ്ത കാലങ്ങളില്‍ നമ്മുടെ ഐക്യത്തിനും മതേതരത്വത്തിനും നേരെ ഉയര്‍ന്ന ഇത്തരം വെല്ലുവിളികളെയെല്ലാം തോല്‍പ്പിച്ചതും ഒന്നായി ചേര്‍ന്നു നിന്നുകൊണ്ടാണ്. അതുകൊണ്ടുതന്നെ, ഭരണഘടനയെ സംരക്ഷിക്കാന്‍, മതേതരത്വം കാത്തുസൂക്ഷിക്കാന്‍, പിറന്ന മണ്ണില്‍ തന്നെ കാലുറപ്പിച്ച് നില്‍ക്കാന്‍ നാം ഒന്നായി പോരാടേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."