നിലപാടില്‍ വിട്ടുവീഴ്ചയില്ല; മുഖ്യമന്ത്രിക്ക് സംഘ്പരിവാര്‍ മനസ്: മുല്ലപ്പള്ളി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ തീവ്രഹിന്ദുത്വത്തോട് മൃദുസമീപനം പുലര്‍ത്തുകയാണെന്ന് ആവര്‍ത്തിച്ച് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പിണറായി വിജയന് സംഘ്പരിവാര്‍ മനസാണ്.
മുന്‍ നിലപാടില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നതായും നിലപാടില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത ആളാണ് താനെന്നും മുല്ലപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സി.പി.എം സെക്രട്ടേറിയറ്റ് തനിക്കെതിരേ പുറപ്പെടുവിച്ച പ്രസ്താവന തന്റെ നിലപാടുകള്‍ക്കുള്ള അംഗീകാരമായാണ് കരുതുന്നത്. മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും നിലപാടുകളുടെയും സമീപനങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രമാണ് തന്റെ വിമര്‍ശനം. അല്ലാതെ, വ്യക്തിപരമല്ല. വ്യക്തവും സുതാര്യവുമായ രാഷ്ട്രീയനിലപാട് മാത്രമാണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളത്. അതില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയാറുമല്ല.
തീവ്രഹിന്ദുത്വത്തോടുള്ള മുഖ്യമന്ത്രിയുടെ മൃദുസമീപനത്തെയാണ് താന്‍ വിമര്‍ശിച്ചത്. അതില്‍ ഉറച്ചുനില്‍ക്കുന്നു. സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെയും ചരിത്രം അതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങള്‍ മുഖ്യമന്ത്രി അപ്പടി നടപ്പാക്കുകയാണ്. സ്വന്തം പാര്‍ട്ടിപ്രവര്‍ത്തകരെ യു.എ.പി.എ ചുമത്തി ജയിലില്‍ ഇട്ടതും ഏഴ് മാവോയിസ്റ്റുകളെ വെടിവച്ചുകൊന്നതും ആരെ പ്രീതിപ്പെടുത്താനാണെന്നും അദ്ദേഹം ചോദിച്ചു.
പൗരത്വ നിയമ ഭേദഗതിക്കെതിരേ നിയമസഭ പാസാക്കിയ പ്രമേയം തള്ളിയ ഗവര്‍ണര്‍ക്കെതിരേ ഒരക്ഷരം മിണ്ടാത്തതും കേന്ദ്രവിഹിതമായി ലഭിക്കേണ്ട ജി.എസ്.ടിയും പ്രളയസഹായവും നിഷേധിച്ചിട്ടും ശക്തമായി പ്രതിഷേധിക്കാത്തതും മോദി പ്രീണനമല്ലാതെ മറ്റെന്താണ്.
പൗരത്വ നിയമ ഭേദഗതിക്കെതിരേ നിയമസഭ പാസാക്കിയ പ്രമേയത്തിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേനി നടിക്കുകയാണ്. സംയുക്ത സമരത്തെ മുല്ലപ്പള്ളി എതിര്‍ക്കുന്നുവെന്നും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നിയമസഭകള്‍ ഇത്തരം പ്രമേയം പാസാക്കിയിട്ടില്ലെന്നുമാണ് സി.പി.എം പറയുന്നത്.
മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് പിണറായി വിജയന്‍ കത്തെഴുതുന്ന നേരത്ത് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തെരുവില്‍ സമരമുഖത്തായിരുന്നുവെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിനെ പോലെ വര്‍ഗീയതയ്‌ക്കെതിരേ നിലപാട് സ്വീകരിക്കുന്ന മറ്റൊരു പാര്‍ട്ടിയില്ല. ഹിന്ദുത്വ അജണ്ടയ്ക്കും വര്‍ഗീയതയ്ക്കും എതിരേ സി.പി.എമ്മുമായി യോജിച്ച് ഒരു പരിപാടിക്കും കോണ്‍ഗ്രസ് ഇല്ലെന്നും മുല്ലപ്പള്ളി ആവര്‍ത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."