മോദി ആദ്യം സ്വന്തം പിതാവിന്റെയും കുടുംബത്തിന്റെയും ജനന സര്‍ട്ടിഫിക്കറ്റ് കാണിക്കട്ടെ, എന്നിട്ടാവാം ജനങ്ങളോട് ചോദിക്കുന്നത്- വീണ്ടും അനുരാഗ് കശ്യപ്
മുംബൈ: പൗരത്വ ഭേദഗതി നിയമവുമായി മുന്നോട്ട് പോകുന്ന പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാറിനുമെതിരെ നിശിത വിമര്‍ശവുമായി സംവിധായകന്‍ അനുരാഗ് കശ്യപ് വീണ്ടും. പൗരത്വം നിയമ ഭേദഗതി പ്രാബല്യത്തില്‍ വന്ന സ്ഥിതിക്ക് ആദ്യം പ്രധാനമന്ത്രി നരേന്ദ്രമോദി സ്ന്തം ജനന സര്‍ട്ടിഫിക്കറ്റും പിന്നാലെ പിതാവിന്റെയും കുടുംബത്തിന്റെയും ജനന സര്‍ട്ടിഫിക്കറ്റും രാജ്യത്തിന് മുന്നില്‍ പരസ്യപ്പെടുത്തട്ടെ- അദ്ദേഹം ആവശ്യപ്പെട്ടു. എന്നാലേ അദ്ദേഹത്തിന്റെ ജനങ്ങളുടെ രേഖകള്‍ ചോദിക്കാന്‍ കഴിയൂ എന്നും അനുരാഗ് കശ്യപ് ട്വിറ്ററില്‍ കുറിച്ചു. നിയമം പ്രാബല്യത്തില്‍ വന്നതിനു പിന്നാലെയാണ് അദ്ദേഹം വിമര്‍ശനവുമായി വീണ്ടും രംഗത്തെത്തിയത്.
ഞങ്ങളുടെ മേല്‍ പൗരത്വ നിയമം നടപ്പാക്കുന്ന പ്രധാനമന്ത്രിയുടെ പൊളിറ്റിക്കല്‍ സയന്‍സ് ബിരുദം കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നും മോദി വിദ്യാസമ്പന്നനാണെന്ന് ആദ്യം തെളിയിക്കണമെന്നും മറ്റൊരു ട്വീറ്റില്‍ അദ്ദേഹം എഴുതി.
സി.എ.എയെ നോട്ടു നിരോധനത്തോട് താരതമ്യപ്പെടുത്തുന്ന ഇതൊരു ഊമ സര്‍ക്കാറാണെന്ന് അദ്ദേഹം പരിഹസിച്ചു. 'എങ്ങനെ സംസാരിക്കണമെന്നു അറിയുമെങ്കില്‍ സര്‍ക്കാര്‍ സംവാദങ്ങള്‍ നടത്തട്ടെ. മുന്‍കൂട്ടി പരിശോധിക്കാതെ ഒരു ചെറിയ ചോദ്യം പോലും അവര്‍ക്ക് നേരിടാനാവില്ല. അവര്‍ക്ക് ഒരു പദ്ധതിയുമില്ല. പ്രത്യേകിച്ചൊരു സംവിധാനവുമില്ല. ഇതൊരു ഊമസര്‍ക്കാറാണ്. നോട്ടു നിരോധനം പോലെ തന്നെയാണ് അവര്‍ക്ക് സി.എ.എയും. ഒരു പദ്ധതിയില്ലാതെ, കാഴ്ചപ്പാടില്ലാതെ. മറ്റുള്ളവരെ ഭയപ്പെടുത്തി അധികാരം കാണിക്കലല്ലാതെ- അദ്ദേഹം കുറിച്ചു.
ഡിസംബര്‍ 11ന് പാര്‍ലമെന്റ് സി.എ.എ പാസാക്കിയതുമുതല്‍ നിയമത്തിനെതിരെ ശക്തമായി ശബ്ദമുയര്‍ത്തിയ ചലച്ചിത്രകാരനാണ് കശ്യപ്. ബോളിവുഡില്‍ നിന്ന് നിരവധി പേര്‍ സി.എ.എക്കെതിരെ രംഗത്തെത്തിയിരുന്നു. നടി സ്വര ഭാസ്‌ക്കര്‍ ആണ് അതിലൊരാള്‍. ബില്‍ പ്രാബല്യത്തില്‍ വന്ന 2020 ജനുവരി 10 ഇന്ത്യന്‍ ചരിത്രത്തിലെ കറുത്ത ദിനമാണെന്നാണ് അവര്‍ വിശേഷിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."