വൈദ്യര്‍ അക്കാദമിയിലെ മ്യൂസിയം ഉദ്ഘാടനം നാളെ
കൊണ്ടോട്ടി: മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയിലെ ചരിത്ര സാംസ്‌കാരിക മ്യൂസിയത്തിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് നാലിന് മന്ത്രി രാമചന്ദ്രന്‍ കടപ്പള്ളി നിര്‍വഹിക്കും. ടി.വി ഇബ്രാഹിം എം.എല്‍.എ അധ്യക്ഷനാകും. ലോക സാഹസിക സഞ്ചാരി മൊയ്തു കിഴിശ്ശേരിയുടെ പുരാവസ്തുശേഖരമാണ് അക്കാദമിയിലെ ചരിത്ര സാംസ്‌കാരിക മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് തയാറായിരിക്കുന്നത്. പ്രദര്‍ശനത്തിന്റെ ഒന്നാംഘട്ടമാണ് പൂര്‍ത്തിയായിരിക്കുന്നത്.
മലബാര്‍ കലാപവുമായി ബന്ധപ്പെട്ട ഫോട്ടോഗാലറിയും പുരാരേഖ ഗാലറിയും കൊണ്ടോട്ടി നേര്‍ച്ച ഫോട്ടോ ഗാലറിയും അറബിമലയാളം ഗവേഷണ ഗ്രന്ഥാലയവും ഇതിനകം അക്കാദമിയില്‍ പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്ന അക്കാദമിയില്‍ രാവിലെ 10.30 മുതല്‍ വൈകിട്ട് 4.30 വരെ മ്യൂസിയവും ഫോട്ടോഗാലറികളും സന്ദര്‍ശന സൗകര്യമുണ്ടാകും.
കൊണ്ടോട്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.സി ഷീബ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണറോട്ട് ഫാത്തിമ, നഗരസഭാ കൗണ്‍സിലര്‍മാരായ യു.കെ മമ്മദിശ, പി. അബ്ദുറഹ്മാന്‍, അഡ്വ. കെ.കെ സമദ്, അക്കാദമി ട്രഷററും തഹസില്‍ദാറുമായ കെ. ദേവകി, മൊയ്തു കിഴിശ്ശേരി തുടങ്ങിയവര്‍ പങ്കെടുക്കും.
ആര്‍ക്കും പാടാം പരിപാടിയും വനിതകളുടെ ചവിട്ടുകളിയും അക്കാദമി വിദ്യാര്‍ഥികളുടെ കോല്‍ക്കളിയും ഉമ്പായി ഗാനങ്ങളടങ്ങിയ ഗസലും നടക്കും.അക്കാദമിയിലെ ചരിത്ര സാംസ്‌കാരിക മ്യൂസിയത്തിന്റെ രണ്ടാം ഘട്ടമായി മാപ്പിളമാരുടെ ജീവിതവും സംസ്‌കാരവും പ്രതിഫലിപ്പിക്കുന്ന വസ്തുക്കളാണ് പ്രദര്‍ശിപ്പിക്കുക. പഴയകാലത്തെ വേഷങ്ങള്‍, ആഭരണങ്ങളുടെ മാതൃകകള്‍, കലാരൂപങ്ങള്‍, പുരാതനമായ നിത്യോപയോഗ വസ്തുക്കള്‍ എന്നിവ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്.
മുന്‍കൂട്ടി അറിയിച്ച് അക്കാദമി സംഘമായി സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി മ്യൂസിയം, ഫോട്ടോഗാലറികള്‍ എന്നിവയ്ക്കു പുറമേ മാപ്പിളകലകളുമായി ബന്ധപ്പെട്ട സോദാഹരണക്ലാസുകള്‍ ഉള്‍പ്പടെയുള്ള പരിപാടികള്‍ വിവിധ പാക്കേജുകളായി അവതരിപ്പിക്കുന്നതിനുള്ള പദ്ധതിയും അക്കാദമി തയാറാക്കിയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."