ഇന്ത്യയ്ക്ക് ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള ശേഷിയുണ്ട്: ഐ.എസ്.ആര്.ഒ
ഇന്‍ഡോര്‍: ഇന്ത്യയ്ക്ക് സ്വന്തമായി ബഹിരാകാശനിലയം സ്ഥാപിക്കാന്‍ ശേഷിയുണ്ടെന്ന് ഐ.എസ്.ആര്.ഒ ചെയര്മാന് എ.എസ് കിരണ്‍ കുമാര്‍. ഒറ്റത്തവണയായി 104 ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി ചരിത്രം സൃഷ്ടിച്ചതിനു തൊട്ടു പിന്നാലെയാണ് ഐ.എസ്.ആര്.ഒ ചെയര്‍മാന്റെ വെളിപ്പെടുത്തല്‍.ഇതിനായി ദീര്‍ഘകാലാടിസ്ഥാനത്തിലുളള പരിശ്രമം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
രാജാ രാമണ്ണ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ടെക്നോളജിയുടെ സ്ഥാപകദിന ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐ.എസ്.ആര്.ഓയ്ക്ക് ബഹിരാകാശ നിലയം സ്ഥാപിക്കുന്നതിനുളള എല്ലാ കഴിവുകളും ഇന്നുണ്ട്. രാജ്യം ഇതിനായി തീരുമാനമെടുക്കുന്ന നിമിഷം തന്നെ ഐ.എസ്.ആര്.ഒ അതിനു സജ്ജമായിരിക്കും. ഇതിനായി നയരൂപീകരണം നടത്തുകയും ആവശ്യമായ ഫണ്ട് അനുവദിക്കുകയും ചെയ്താല്‍ മാത്രം മതിയെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യരേയും വഹിച്ചുകൊണ്ടുള്ള ബഹിരാകാശ ദൗത്യങ്ങളെകൊണ്ട് എന്താണ് പ്രയോജനം എന്ന് ചിന്തിക്കുന്നത് കൊണ്ടാണ് ഇതിന് കാലതാമസം വരുന്നതെന്നും ദീര്‍ഘകാലാടിസ്ഥാനത്തിലുളള ഒരു പദ്ധതിയെന്ന നിലയില്‍ ചിന്തിച്ചാല്‍ ഉടന്‍ തന്നെയെന്ന തീരുമാനമാകും അഭികാമ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."