ആദിവാസി യുവതിക്ക് ആംബുലന്‍സില്‍ സുഖപ്രസവം
കൂത്തുപറമ്പ്: ആശുപത്രിയിലേക്കുള്ള വഴി മധ്യേ ആദിവാസി യുവതിക്ക് ആംബുലന്‍സില്‍ സുഖപ്രസവം. ആറളംഫാം അമ്പത്തിയെട്ടാം ബ്ലോക്കിലെ വിനോദിന്റെ ഭാര്യ അമ്മുവാണ് (28) കഴിഞ്ഞദിവസം രാത്രി കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ എത്തുമ്പോഴേക്കും ആംബുലന്‍സില്‍ പെണ്‍കുഞ്ഞിനു ജീവന് നല്‍കിയത്.
പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവര്‍ ആദ്യം എത്തിയതു പേരാവൂര്‍ താലൂക്ക് ആശുപത്രിയിലായിരുന്നു. ഗൈനക്കോളജിസ്റ്റിന്റെ സേവനം ആവശ്യമായതിനാല്‍ അവിടെ നിന്ന് അമ്മുവിനെ തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്കു റഫര്‍ ചെയ്യുകയായിരുന്നു.
അതിനാല്‍ പേരാവൂര്‍ താലൂക്ക് ആശുപത്രിയുടെ ആംബുലന്‍സില്‍ കയറ്റി കൂത്തുപറമ്പില്‍ എത്തുമ്പോഴേക്കും അമ്മുവിനു പ്രസവവേദന കലശലായി. അതിനാല്‍ ഒട്ടും താമസിയാതെ ഡ്രൈവര്‍ ധനേഷ് ആംബുലന്‍സ് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന്റെ മുന്നിലേക്ക് ഓടിച്ചുകയറ്റി.
കാര്യഗൗരവം മനസിലാക്കി തത്സമയം ആംബുലന്‍സിലേക്കു കയറിയ ഡ്യൂട്ടി ഡോക്ടറുടെയും നഴ്സിന്റെയും സാന്നിധ്യത്തില്‍ അമ്മുവിന്റെ സുഖ പ്രസവവും നടന്നു. ഒന്നരമണിക്കൂറിനു ശേഷം അമ്മുവിനേയും കുഞ്ഞിനേയും തുടര്‍ പരിചരണത്തിനായി ഇതേ ആംബുലന്‍സില്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."