കശ്മിര്‍: പൊലിസ് ഉന്നതന്‍ തീവ്രവാദികള്‍ക്കൊപ്പം പിടിയില്‍
ശ്രീനഗര്‍: ജമ്മു കശ്മിരിലെ ഉന്നത പൊലിസ് ഉദ്യോഗസ്ഥന്‍ തീവ്രവാദികള്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കവേ പിടിയിലായി. ശ്രീനഗര്‍ - ജമ്മു ദേശീയപാതയിലൂടെ തീവ്രവാദികള്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കവേയാണ് ഡിവൈ.എസ്.പി ദേവീന്ദര്‍ സിങ് അറസ്റ്റിലായത്. ഇവര്‍ ഡല്‍ഹിയിലേക്കായിരുന്നു സഞ്ചരിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ അവാര്‍ഡ് നേടിയ ഉദ്യോഗസ്ഥനാണ് ഇയാള്‍.
തന്ത്രപ്രധാന സ്ഥലമായ ശ്രീനഗര്‍ വിമാനത്താവളത്തിന്റെയടക്കം ചുമതലയുള്ള ആളായിരുന്നു ദേവീന്ദര്‍ സിങ്. സൗത്ത് കശ്മിര്‍ ഡി.ഐ.ജി അതുല്‍ ഗോയലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. കുല്‍ഗാം ജില്ലയില്‍നിന്ന് ഇയാളെ പിടികൂടുമ്പോള്‍ കൂടെ ഹിസ്ബുല്‍ മുജാഹിദീന്‍ തീവ്രവാദി നവീദ് ബാബു, ആസിഫ് തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.
കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി കശ്മിരില്‍ 11 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണങ്ങളില്‍ നേതൃപരമായ പങ്കുള്ളയാളാണ് നവീദ് ബാബു. പൊലിസുകാരെയടക്കം കൊലപ്പെടുത്തിയ കേസും ഇയാള്‍ക്കെതിരേയുണ്ട്. കശ്മിരിന്റെ പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞതിനെതിരേയായിരുന്നു ഈ ആക്രമണങ്ങള്‍.
കഴിഞ്ഞ ഓഗസ്റ്റ് 15നു രാഷ്ട്രപതിയില്‍നിന്നു ധീരതയ്ക്കുള്ള അവാര്‍ഡ് വാങ്ങിയ ദേവീന്ദര്‍ സിങ്, മുന്‍പ് അഫ്‌സല്‍ ഗുരുവിനെതിരായ കേസില്‍ പ്രധാന പങ്കുവഹിച്ച ഉദ്യോഗസ്ഥനാണ്. ഇയാളെ പിടികൂടിയ ശേഷം കശ്മിരിലും ശ്രീനഗറിലുമായി പൊലിസ് നടത്തിയ വിവിധ റെയ്ഡുകളില്‍ എ.കെ 47 തോക്കുകളടക്കം വന്‍ ആയുധശേഖരവും പിടികൂടിയിട്ടുണ്ട്.
ദേവീന്ദര്‍ സിങ്ങിന്റെ വസതിയില്‍നിന്നും എ.കെ 47 അടക്കമുള്ള ആയുധങ്ങള്‍ കണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്. ഇവര്‍ സഞ്ചരിച്ചിരുന്നത് ഡല്‍ഹിയിലേക്കായിരുന്നുവെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുണ്ട്. റിപ്പബ്ലിക് ദിനാഘോഷങ്ങളോടനുബന്ധിച്ച് ഡല്‍ഹിയില്‍ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഈ സംഭവം. നാലു ദിവസത്തേയ്ക്കു ജോലിയില്‍നിന്ന് ദേവീന്ദര്‍ സിങ് അവധിയെടുത്തിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ, ദേവീന്ദര്‍ സിങ്ങിനെതിരേ ആരോപണങ്ങളുമായി പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരു രംഗത്തെത്തിയിരുന്നു.
ഈ കേസില്‍ ഉള്‍പ്പെട്ടയാള്‍ക്കൊപ്പം ഡല്‍ഹിയിലെത്താനും അയാള്‍ക്ക് അവിടെ താമസ സൗകര്യമൊരുക്കാനും ദേവീന്ദര്‍ സിങ് തന്നോട് ആവശ്യപ്പെട്ടതായായിരുന്നു അഫ്‌സല്‍ ഗുരുവിന്റെ വെളിപ്പെടുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."