നാരായണന്‍ ഉപയോഗിച്ചത് ആര്‍.എസ്.എസ് കാര്യാലയത്തിലെ ഫോണ്‍; കണക്ഷന്‍ നാരായണന്റെ പേരില്‍ത്തന്നെ
തിരൂരങ്ങാടി: കൊടിഞ്ഞി പുല്ലാണി ഫൈസലിന്റെ കൊലപാതകത്തില്‍ ഗൂഢാലോചനയിലെ മുഖ്യപ്രതി മഠത്തില്‍ നാരായണന്‍ ഉപയോഗിച്ചത് ആര്‍.എസ്.എസ് കാര്യാലയത്തിലെ ലാന്‍ഡ് ഫോണ്‍. കണക്ഷന്‍ നാരായണന്റെ പേരിലെന്ന് അന്വേഷണ സംഘം കണ്ടെത്തി. തിരൂര്‍ തൃക്കണ്ടിയൂര്‍ ആര്‍.എസ്.എസ് സേവാമന്ദിറിലെ ബി.എസ്.എന്‍.എല്‍ ലാന്‍ഡ് ഫോണാണ് മുഖ്യ ഗൂഢാലോചനാ പ്രതി മഠത്തില്‍ നാരായണന്‍ തുടക്കം മുതല്‍ അവസാനം വരെ ഉപയോഗിച്ചത്. ഫൈസല്‍ കൊല്ലപ്പെടുന്ന തലേദിവസവും ഗൂഢാലോചനയിലെ മറ്റൊരു പ്രധാനപ്രതി ഹരിദാസന്‍ വിവരങ്ങള്‍ നാരായണന് കൈമാറിയിരുന്നതുമെല്ലാം ഈ ഫോണിലേക്കായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
വീടോ കുടുംബമോ ഇല്ലാത്ത നാരായണന്‍ അവിവാഹിതനാണ്. പാദരക്ഷ ധരിക്കാത്ത ഇയാള്‍ മൊബൈല്‍ ഫോണും ഉപയോഗിക്കാറില്ല.
ആര്‍.എസ്.എസ് സേവാ മന്ദിറിലാണ് ജീവിതം കഴിച്ചുകൂട്ടുന്നത്. സേവാമന്ദിറിലും, നന്നമ്പ്ര മേലേപ്പുറം സരസ്വതി വിദ്യാനികേതനിലുമാണ് ഫൈസലിനെ വധിക്കാനുള്ള ഗൂഢാലോചന നടന്നതെന്ന് പ്രതികള്‍ പൊലിസിനോട് സമ്മതിച്ചിരുന്നു. ഫോണിലെ കോള്‍ വിവരങ്ങള്‍ അന്വേഷണസംഘത്തിനു ലഭിച്ചിട്ടുണ്ട്. ഇതില്‍നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം നടത്തും. കൂടാതെ ഫോണ്‍കോളുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പ്രതികളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും പൊലിസ് സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."