വീട്ടു ജോലിക്കെത്തി ദുരിതങ്ങളുടെ ജീവിതത്തിൽ നിന്ന് രക്ഷപ്പെട്ട തമിഴ്നാട് സ്വദേശിനി നാട്ടിലേക്ക് മടങ്ങി
ജിദ്ദ: സഊദിയിൽ വീട്ടു ജോലിക്കെത്തി ദുരിതങ്ങളുടെ ജീവിതത്തിൽ നിന്ന് രക്ഷപ്പെട്ട തമിഴ്നാട് സ്വദേശി ബർകത്ത് നാട്ടിലെത്തി. നാല് മാസം മുമ്പ് വീട്ടുജോലിക്ക് എത്തി നരകയാതന അനുഭവിച്ച നാഗപട്ടണം സ്വദേശിനി ബർകത്തിന് (55) സുമനസുകളുടെ ഇടപെടലാണ് തുണയായത്. സ്വന്തം നാട്ടുകാരനാണ് ഇവരെ ചതിച്ചത്. അയാൾ നൽകിയ വിസയിലാണ് സഊദി അറേബ്യയിലേക്ക് വിമാനം കയറിയത്.
റിയാദിൽ നിന്ന് 300 കിലോമീറ്ററകലെ ദവാദ്മിയിലെ സ്പോൺസറുടെ വീട്ടിലെത്തിയപ്പോഴാണ് കാത്തിരിക്കുന്നത് മൂന്ന് വീടുകളുടെ രാപ്പകൽ ജോലിയാണെന്ന്. സ്പോൺസറുടെയും ബന്ധുക്കളുടെയും മൂന്ന് വീടുകളിൽ 18 മണിക്കൂർ വരെ ജോലി ചെയ്യണമായിരുന്നു. ജോലിഭാരത്തിന് പുറമെ കൃത്യമായ ഭക്ഷണവും ഉറക്കവും കൂടിയില്ലാതായതോടെ ശാരീരികവും മാനസികവുമായി അവശനിലയിലായി.
വിസ നൽകിയ ഇടനിലക്കാരൻ സ്പോൺസറിൽ നിന്ന് 20,000ത്തോളം റിയൽ കൈപ്പറ്റുകയും ബർകത്തിനെ ചൂഷണം ചെയ്യുകയുമായിരുന്നു. ഈ നിലയിൽ മുന്നോട്ട് പോകാനാവില്ലെന്നും നാട്ടിലേക്ക് തിരിച്ചയക്കണമെന്നും ബർകത്ത് പരാതി പറഞ്ഞപ്പോൾ രണ്ടു വർഷത്തെ കരാർ കഴിയാതെ തിരിച്ചയക്കില്ലെന്ന നിലപാടെടുത്തു സ്പോൺസർ. അല്ലെങ്കിൽ ഏജൻറ് തന്‍റെ കൈയ്യിൽ നിന്ന് വാങ്ങിയ പണം മടക്കി നൽകണമെന്നും സ്പോൺസർ ആവശ്യപ്പെട്ടു.
ഇതോടെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലായ ബർകത്തിന്റെ വിവരമറിഞ്ഞ് ദവാദ്മിയിലെ സാമൂഹിക പ്രവർത്തകർ സഹായിക്കാൻ മുന്നോട്ടുവരികയായിരുന്നു. സ്‌പോൺസറെ ഇവർ ബന്ധപ്പെടുകയും ഏജൻറ് വാങ്ങിയ പണത്തിെൻറ പകുതി,10,000 റിയാൽ മടക്കി നൽകാം എന്ന വ്യവസ്ഥയിൽ മോചിപ്പിക്കുകയും ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."