ആഡംബര ബൈക്കുകള്‍ മോഷണം നടത്തി വില്‍പ്പന നടത്തുന്നയാളെ അറസ്റ്റ് ചെയ്തു
പെരിന്തല്‍മണ്ണ: ആഡംബര ബൈക്കുകള്‍ മോഷണം നടത്തി വില്‍പ്പന നടത്തുന്ന സംഘത്തിലെ വില്‍പ്പനക്കാരനെ പെരിന്തല്‍മണ്ണയില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. നാട്ടുകല്‍ മാണിക്യപറമ്പ് ചോലപറമ്പില്‍ നഫ്സല്‍ നിഷാദ് (21)നെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ആഡംബര ബൈക്കുകള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രതികളായ രണ്ട് പേര് പെരിന്തല്‍മണ്ണയില്‍ മുന്‍പ് പിടിയിലായിയിരുന്നു. അരക്കുപറമ്പ് പള്ളിക്കുന്ന് സ്വദേശി എരിഞ്ഞിപ്പള്ളി മുഹമ്മദാലി(20) കോണിക്കല്‍ മുഹമ്മദ് റിയാസ്(20) എന്നിവരെയാണ് പെരിന്തല്‍മണ്ണയില്‍ വച്ച് നടത്തിയ പ്രത്യേക വാഹന പരിശോധനയില്‍ പൊലിസ് പിടികൂടിയിരുന്നത്.
പാലക്കാട്, മലപ്പുറം കോഴിക്കോട് ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി ബുള്ളറ്റ്, യമഹ ആര് 15, പള്‍സര്‍ 220 എന്നീ തരത്തിലുള്ള വിലകൂടിയ ആഡംബര ബൈക്കുകള്‍ മോഷണം നടത്തിയവര്‍ വില്‍പ്പനക്കായി എത്തിയിരുന്നത് നഫ്സലിന്റെ പക്കലിലായിരുന്നു. ഈ വാഹനങ്ങള്‍ നഫ്സല്‍ കരിങ്കല്ലത്താണി, ചെത്തല്ലൂര്‍, കൊപ്പം, പട്ടാമ്പി, വളാഞ്ചേരി പെരിന്തല്‍മണ്ണ സേലം എന്നിവിടങ്ങളിലെത്തിച്ച് ഏജന്റുമാര്‍ മുഖേന കുറഞ്ഞ വിലക്ക് വില്‍പ്പന നടത്തിയതായി പ്രതി പൊലിസിനോട് പറഞ്ഞു. വിലകൂടിയ ബൈക്കുകള്‍ അമ്പതിനായിരം രൂപക്ക്് താഴെഴുള്ള വിലക്ക് ലഭിക്കുന്നതിനാല്‍ രേഖകളില്ലാതെയും വാങ്ങാന്‍ പലരും തയാറായിരുന്നുവെന്ന് പ്രതികള്‍ പൊലിസിനോട് സമ്മതിച്ചു. മണ്ണാര്‍ക്കാട്, അമ്പംകുന്ന്, പെരിന്തല്‍മണ്ണ ടൗണ്‍, കോഴിക്കോട്് മെഡിക്കല്‍ കോളജ്, കോഴിക്കോട് വെള്ളയില്‍ ബീച്ച്, മേലാറ്റൂര്‍, തേലക്കാട്, ചെമ്മാണിയോട്, വെട്ടത്തൂര്‍, അരക്കുപറമ്പ്് എന്നിവിടങ്ങളിലെ വീടുകളിലും ഷോപ്പിങ് കോംപ്ലക്സുകളിലും ആശുപത്രി പരിസരങ്ങളിലും മറ്റും നിര്‍ത്തിയിട്ട ബൈക്കുകളാണ് ഇവര്‍ മോഷണം നടത്തിയിരുന്നതെന്നും തെളിഞ്ഞിട്ടുണ്ട്. പ്രതിയെ പെരിന്തല്‍മണ്ണ ഫസ്റ്റ് ക്ലാസ് മജിസ്ര്ടേറ്റ് കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തു. പ്രതികള്‍ കളവ് ചെയ്ത ആഡംബര ബൈക്കുകള്‍ തിരിച്ചറിയാതിരിക്കാന്‍ ആള്‍ട്രേഷന്‍ നടത്തിയും കൊയമ്പത്തൂര്, പൊള്ളാച്ചി എന്നിവിടങ്ങളില്‍ കൊണ്ട് പോയി എഞ്ചിന് നമ്പറും ചെയിസ് നമ്പറും മായ്ച്ചുകളഞ്ഞ് വില്‍പ്പന ചെയ്തതായി പൊലിസിനോട് സമ്മതിച്ചിട്ടുണ്ട്. ഒരു ലക്ഷത്തിലധികം രൂപ വിലവരുന്ന ആഡംബര വാഹനങ്ങളായ ബുള്ളറ്റ്, യമഹ 15, പള്‍സര്‍ 220 തുടങ്ങിയ ബൈക്കുകള്‍ കളവ് പോയ പരാതികളെകുറിച്ച് ജില്ലാ പൊലിസ് മേധാവി ദേഭേഷ്കുമാര് ബെഹ്റ ഐ.പി.എസിന്റെ നിര്‍ദേശ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെകുറിച്ച് വിവരം ലഭിച്ചത്.
മലപ്പുറം, പാലക്കാട്, കോഴിക്കോട്, ജില്ലകളില്‍ സ്കൂള്‍, കോളജ് വിദ്യാര്‍ഥികളുടെ കൈവശം മതിയായ രേഖകളില്ലാതെ ചെറിയ വിലക്ക് വാങ്ങിയ ആഡംബര ബൈക്കുകള്‍ ശ്രദ്ധയില്‍പെട്ടപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് ഇത്തരം ബൈക്കുകള്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും കളവ് പോയ ബൈക്കുകളാണെന്നു തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദേശ പ്രകാരം സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഡി.വൈ.എസ്.പി എം.പി മോഹനചന്ദ്രന്, ഉദ്യോഗസ്ഥരായ സി.ഐ സാജു. കെ അബ്രഹാം, എം.സി പ്രമോദ്, സി.പി മുരളീധരന്, പി.എന്‍ മോഹനകൃഷ്ണന്, എന്‍.ടി കൃഷ്ണകുമാര്‍, എം. മനോജ്കുമാര്‍, ദിനേഷ്, ഷബീല്‍, സലീന, ജയമണി, അനീഷ് ചാക്കോ, എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."