ശംഖുമുഖം ബീച്ചിലെ സദാചാര കൈയേറ്റം: അഞ്ചുപേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: ശംഖുമുഖം ബീച്ചില്‍ ശ്രീലക്ഷ്മി അറയ്ക്കലിനെയും സുഹ്യത്തുക്കളെയും കൈയേറ്റം ചെയ്ത സംഭവത്തില്‍ അഞ്ചു പേരെ വലിയതുറ പൊലിസ് അറസ്റ്റ് ചെയ്തു. വള്ളക്കടവ് പുതുവല്‍ പുരയിടത്തില്‍ നഹാസ് (24), കുരിശുംമൂട് വിള മുഹമ്മദ് അലി (26), പുതുവല്‍ പുരയിടം ശുഹൈബ് (26), പൂന്തൂറ മാണിക്യവിളാകം സ്വദേശി അന്‍സാരി (26), കണ്ണാന്തുറ സ്വദേശി ആന്റണി (40) എന്നിവരെയാണ് പിടികൂടിയത്. ഇവര്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയതായി പൊലിസ് അറിയിച്ചു.
പരാതിക്കാരോട് വേണ്ട വിധത്തില്‍ പെരുമാറിയില്ലെന്നു കണ്ടെത്തിയ രണ്ടു പൊലിസുകാര്‍ക്കെതിരെയും അച്ചടക്ക നടപടി സ്വീകരിച്ചു. പരാതിയുമായി സ്റ്റേഷനില്‍ എത്തിയ ശ്രീലക്ഷ്മിയോടും സുഹ്യത്തുക്കളോടും മോശമായി പെരുമാറിയ സ്റ്റേഷന്‍ ജി.ഡി ചുമതലയുണ്ടായിരുന്ന എ.എസ്.ഐ സലാഹുദ്ദീന്‍, സിവില്‍ പൊലീസ് ഓഫിസര്‍ സുരേഷ് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. ഇരുവരെയും പത്തു ദിവസത്തെ പരിശീലനത്തിനായി പൊലിസ് അക്കാദമിയിലേക്ക് അയക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പരാതി പറയാന്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ രാത്രിയില്‍ ശംഖുമുഖത്ത് പോയത് തെറ്റാണെന്നും പരാതിക്കാരെ ചോദ്യം ചെയ്യാനും മുതിര്‍ന്നതായി കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.
ശനിയാഴ്ച രാത്രിയാണ് ശ്രീലക്ഷ്മി അറയ്ക്കലും സുഹ്യത്തുക്കളും രാത്രി വൈകി ബീച്ചില്‍ ഇരുന്നത്. ഇതില്‍ പ്രകോപിതരായാണ് യുവാക്കള്‍ ആക്രമണം നടത്തിയെതന്നു പൊലിസ് പറഞ്ഞു. രാത്രി 11.45 ഓടെ ബീച്ചില്‍ സംസാരിച്ചിരുന്ന ശ്രീലക്ഷമിയേയും സുഹ്യത്തുക്കളെയും പരിസരവാസികള്‍ മോശമായി പെരുമാറുകയും കയേറ്റം നടത്തുകയും ചെയ്തുവെന്നായിരുന്നു പരാതി. വലിയതുറ സ്റ്റേഷനില്‍ എത്തിയ ശ്രീലക്ഷമിയ്ക്ക് സ്റ്റേഷനിലും മോശം അനുഭവം നേരിട്ടതായി പരാതികള്‍ ഉയര്‍ന്നിരുന്നു.
സംഭവത്തില്‍ മാധ്യമ വാര്‍ത്തകളെ തുടര്‍ന്നു വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. രാത്രിയാത്ര നടത്തി സ്ത്രീ സുരക്ഷ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ശ്രീലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കും നേരെ രാത്രിയില്‍ സദാചാര ആക്രമണം ഉണ്ടായതെന്നുള്ളതാണ് ശ്രദ്ധേയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."