സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ ഹരിതാഭമാകും
ചെറുവത്തൂര്‍: വിദ്യാലയങ്ങളെ ഹരിതാഭമാക്കാനും, വിദ്യാര്‍ഥികളില്‍ പാരിസ്ഥിതിക ചിന്തകള്‍ ഊട്ടിയുറപ്പിക്കുന്നതിനും സര്‍വ ശിക്ഷാ അഭിയാന്റെ കര്‍മ്മപദ്ധതി. സംസ്ഥാനതല ശില്പശാലയ്ക്ക് ചെറുവത്തൂരില്‍ തുടക്കമായി.
മുന്‍വര്‍ഷങ്ങളില്‍ കുട്ടികള്‍ക്ക് നല്‍കിയ എന്റെ മരം, മണ്ണെഴുത്ത് ഡയറികളുടെ മാതൃകയിലുള്ള പരിസ്ഥിതി പുസ്തകം ശില്പശാലയില്‍ തയാറാക്കും.സവിശേഷമായ പ്രവര്‍ത്തനങ്ങളും വിജ്ഞാനങ്ങളും ഉള്‍പ്പെടുന്നതായിരിക്കും പുതിയ പരിസ്ഥിതി ഡയറി. സംസ്ഥാനത്തെ ഒന്ന് മുതല്‍ എട്ട് വരെയുള്ള വിദ്യാര്‍ഥികളിലേക്ക് അടുത്ത അധ്യയന വര്‍ഷം തന്നെ പുസ്തകങ്ങളെത്തും. കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകര്‍, സംസ്ഥാനത്തെ കൃഷി, വനം, ജൈവ വൈവിധ്യ വകുപ്പുകള്‍, സര്‍വകലാശാലകള്‍ തുടങ്ങിയവയില്‍ നിന്നുള്ള വിഷയ വിദഗ്ധരുടെ സഹായ നിര്‍ദേശങ്ങളോടെയാണ് പുസ്തകം തയാറാക്കുന്നത്.
നാലുനാള്‍ നീണ്ടു നില്‍ക്കുന്ന ശില്പശാലയില്‍ പ്രവര്‍ത്തന പുസ്തകത്തിനു പുറമെ ജൈവവൈവിധ്യ ഉദ്യാനം, ജൈവ വൈവിധ്യ രജിസ്റ്റര്‍ തയാറാക്കല്‍, വീട്ടിലും വിദ്യാലയത്തിലും സമൂഹത്തിലും ചെയ്യാവുന്ന പ്രവര്‍ത്തന നിര്‍ദേശങ്ങള്‍, വരും വര്‍ഷത്തെ ഊന്നല്‍ തീരുമാനിക്കല്‍ എന്നിവ സംബന്ധിച്ച വിശദമായ ചര്‍ച്ചയും അന്തിമ രേഖയും തയാറാക്കും.
ജൈവവൈവിധ്യ പാര്‍ക്കില്‍ സസ്യങ്ങള്‍,പക്ഷികള്‍ക്കിടം, ശലഭപാര്‍ക്ക്, ചെറുകാടുകള്‍, മഴപ്പന്തല്‍, മഴവെള്ള സംഭരണി, മഴമാപിനി, മഴക്കുഴി, ജലപരിപാലനം, കിണര്‍ റീചാര്‍ജിങ്, ഊര്‍ജ സംരക്ഷണം, മാലിന്യ സംസ്‌കരണം, മണ്ണ് സംരക്ഷണം, ബയോഗ്യാസ് പ്ലാന്റ് ,ജൈവകൃഷി, കമ്പോസ്റ്റ് കുഴി തുടങ്ങിയവയാണ് കരട് നിര്‍ദേശത്തിലുള്ളത്. സംസ്ഥാനത്ത് അടുത്ത വര്‍ഷത്തോടെ ആയിരം ജൈവ വൈവിധ്യ പാര്‍ക്കുകള്‍ സൃഷ്ടിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി തീരുമാനിച്ചിട്ടുണ്ട്.
സര്‍വ ശിക്ഷാ അഭിയാന്‍ സ്‌റ്റേറ്റ് പ്രോഗ്രാം ഓഫിസര്‍ ഡോ.പി.കെ ജയരാജ് പ്രവര്‍ത്തന രൂപരേഖ അവതരിപ്പിച്ചു. പയ്യന്നൂര്‍ സീക്ക് ഡയറക്ടര്‍ ടി.പി പത്മനാഭന്‍, ഡോ.ഇ ഉണ്ണികൃഷ്ണന്‍, ടി.പി വേണുഗോപാലന്‍, രാജേഷ് എസ് വള്ളിക്കോട് സംസാരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പരിസ്ഥിതി പ്രവര്‍ത്തകരും വിഷയ വിദഗ്ധരുമായ 25 പേരാണ് ശില്പശാലയില്‍ പങ്കെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."