ചുമരുണ്ടെങ്കിലേ ചിത്രം വരയ്ക്കാനാകൂ...
മതേതര ഇന്ത്യയുടെ അഭിമാനകരമായ നിലനില്‍പ്പിനും പിറന്ന മണ്ണില്‍ അന്ത്യംവരെ ജീവിക്കാനുമായി മതനിരപേക്ഷ കക്ഷികള്‍ ഒരുവശത്തും അതിനെതിരേ സംഘ്പരിവാര്‍ മറുവശത്തുമായി ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്ന വേളയില്‍ സംഘ്പരിവാറിന് ഉത്തേജനം പകരുന്ന രീതിയില്‍ ഉണ്ടാകുന്ന നീക്കങ്ങള്‍ അപലപനീയമാണ്. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികള്‍ക്കെതിരേയുള്ള കൂട്ടായ തുടര്‍ പ്രക്ഷോഭങ്ങളെക്കുറിച്ച് ആലോചിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി വിളിച്ചുചേര്‍ത്ത പ്രതിപക്ഷനേതാക്കളുടെ യോഗത്തില്‍ നിന്ന് മമതാബാനര്‍ജിയും മായാവതിയും കെജ്‌രിവാളും ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിട്ടുനിന്നത് മതേതര ഇന്ത്യയുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിക്കുന്നതാണ്.
പ്രതിപക്ഷം ഒറ്റക്കെട്ടായി സമരമുഖത്ത് ഉറച്ച് നിന്നാല്‍ ഫാസിസ്റ്റുകള്‍ക്ക് മുട്ടുമടക്കേണ്ടി വരുമെന്നും ഭിന്നിപ്പിലാണ് അവരുടെ വിജയമെന്നും വാതോരാതെ സംസാരിക്കുന്നവര്‍ മിനിമം അജണ്ടയുടെ ഭാഗമായെങ്കിലും ഒന്നിക്കേണ്ടിയിരുന്നു. നിസാര കാര്യങ്ങള്‍ പറഞ്ഞാണ് പ്രതിപക്ഷത്തെ ആറ് പാര്‍ട്ടികള്‍ വിട്ടുനിന്നത്. ഭരണഘടനയുടെ അസ്തിത്വം സംരക്ഷിക്കാനുള്ള നിര്‍ണായക ഘട്ടത്തില്‍ സ്വന്തം രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടി വാക്കേറ് നടത്തുന്നത് മതേതര ഇന്ത്യ പ്രതീക്ഷിക്കുന്ന മുന്നേറ്റത്തിന് വിഘാതമാണ്.
കഴിഞ്ഞയാഴ്ച നടന്ന ദേശീയ പണിമുടക്കില്‍ പശ്ചിമ ബംഗാളിലുണ്ടായ സി.പി.എം- തൃണമൂല്‍ ഏറ്റുമുട്ടലാണ് മമത ഉയര്‍ത്തിക്കാട്ടുന്ന കാരണം. രാജസ്ഥാനില്‍ ബി.എസ്.പിയുടെ എം.എല്‍.എമാരെ കോണ്‍ഗ്രസ് ചാക്കിട്ടുപിടിച്ചുവെന്നതാണ് മായാവതിയുടെ പരാതി.
ഒറ്റക്കെട്ടായി കേരള നിയമസഭ പാസാക്കിയ പ്രമേയവും ദേശീയ മാധ്യമങ്ങളില്‍ കൊടുത്ത പരസ്യവും കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പിടിച്ചിട്ടില്ല. എല്‍.ഡി.എഫ് സര്‍ക്കാര്‍ നേട്ടം കൊയ്യുമോ എന്നതാണ് അവരുടെ ഭയം. ദേശീയതലത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങളുടെ തീവ്രതയിലേക്ക് വെള്ളമൊഴിക്കാന്‍ നടക്കുന്ന സ്വാര്‍ഥന്മാരായ പ്രാദേശിക നേതാക്കള്‍ ജാജ്വല്യമായിത്തീരുന്ന ഒരു സമരത്തെ ആര്‍.എസ്.എസിനെ ഒറ്റിക്കൊടുക്കാന്‍ നടക്കുന്നവരാണ് എന്ന് പറയാതെ വയ്യ. ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്ന നിസംഗ മനോഭാവം നാസി ജര്‍മനിയില്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍ ഓരോ നിയമവും പാസാക്കിയെടുത്തപ്പോള്‍ അവിടുത്തെ പ്രതിപക്ഷ കക്ഷികള്‍ കാണിച്ചതിന് സമാനമാണ്.
കഴിഞ്ഞ ദിവസം മലപ്പുറത്ത് പതിനായിരങ്ങള്‍ പങ്കെടുത്ത മനുഷ്യമതിലും കോഴിക്കോട്ട് ഭരണഘടനാ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന റാലിയും ശ്രദ്ധേയങ്ങളായ രണ്ട് പ്രതിഷേധ സമരങ്ങളായിരുന്നു. മലപ്പുറത്ത് ഹൈദരലി ശിഹാബ് തങ്ങളുടെ തൊട്ടരികില്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ എ.പി അനില്‍കുമാറായിരുന്നു. കോഴിക്കോട്ടെ ഭരണഘടനാ സംരക്ഷണ റാലി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തപ്പോള്‍ ചടങ്ങില്‍ അധ്യക്ഷനായത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരായിരുന്നു. രാജ്യം അതിനിര്‍ണായകവും സ്‌തോഭജനകവുമായ ഒരവസ്ഥയിലൂടെ കടന്ന്‌പോകുമ്പോള്‍ കൊടിയുടെ നിറവും ഭംഗിയും നോക്കി പ്രതിഷേധിക്കേണ്ട സമയമല്ല ഇത് എന്ന സമസ്തയുടെ ആഹ്വാനമാണ് ഇവിടെ സഫലമാകുന്നത്.
ഇങ്ങിനെ ആളിപ്പടരുന്ന പ്രതിഷേധ ജ്വാലയിലേക്കാണ് പ്രതിപക്ഷ കക്ഷികളുടെ അനൈക്യവും പ്രാദേശിക പകപോക്കലും വിനാശമായി വരുന്നത്. രണ്ടാം മോദി സര്‍ക്കാരിന്റെ കൊള്ളരുതായ്മയെ കുറിച്ച് ഇപ്പോള്‍ പരിതപിക്കേണ്ടി വന്നതും ചക്രശ്വാസം വലിക്കുന്ന മതേതര ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയിലേക്ക് നയിച്ചതും മതേതര കക്ഷികളുടെ ഐക്യമില്ലായ്മയാണ് എന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ മറക്കരുത്. രാജ്യത്തെ 133 കോടി ജനങ്ങളുടെ പ്രതിനിധികളാണ് തങ്ങളെന്ന് ഫാസിസ്റ്റുകള്‍ ഗീര്‍വാണം മുഴക്കുമ്പോള്‍ 37.36 ശതമാനം മാത്രം വോട്ട് നേടിയാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. അതായത് 22.55 കോടി വോട്ടര്‍മാരുടെ പിന്തുണയാണിത്. ബാക്കിയുള്ള വോട്ടുകള്‍ ചിതറിയതാണെന്ന് വ്യക്തം. മനസ്സിലാകാത്തത് മഹാ നേതാക്കള്‍ക്കേ ഉള്ളൂ!
അത്യപൂര്‍വമായ ഒരു സമരത്തിനാണ് രാജ്യം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് ഇതിനെ രണ്ടാം സ്വാതന്ത്ര്യ സമരമായി മാധ്യമ പ്രവര്‍ത്തകരും ചരിത്രകാരന്മാരും ബുദ്ധിജീവികളും വിലയിരുത്തുന്നത്. പരസ്പരം പഴിപറയുന്ന പല്ലവി മാറ്റി ഇന്ത്യനിലനില്‍പ്പിന്റെ ഭീഷണിക്കയത്തില്‍ മുങ്ങിത്താഴുമ്പോള്‍ ഒന്നിച്ചേ മതിയാകൂ. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പരസ്പരം വിഴുപ്പലക്കാന്‍ വേണ്ടിയെങ്കിലും ഇന്ത്യ നിലനില്‍ക്കണമെന്ന് ചിന്തിക്കാനുള്ള മഹാമനസ്‌കത നേതാക്കള്‍ കാണിക്കേണ്ടിയിരിക്കുന്നു. ചുമരുണ്ടെങ്കിലേ ചിത്രം വരയ്ക്കാനാകൂ എന്നതവര്‍ മറന്നു പോകരുത്. ഇനിയും ഈ ബോധം തീണ്ടാത്ത ഇടുങ്ങിയ മനസ്സിന്റെ ഉടമകളായ രാഷ്ട്രീയ നേതാക്കള്‍ മതേതര രാഷ്ട്രീയ ഭൂപടത്തില്‍ നിന്ന് തുടച്ചു നീക്കപ്പെടുക തന്നെ ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."