ഗിന്നസ് റെക്കോര്‍ഡിനായി തൃശൂരില്‍ ഭീമന് കേക്ക് ഒരുങ്ങുന്നു
കൊച്ചി: ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് തൃശൂരില്‍ ഭീമന് കേക്ക് ഒരുങ്ങുന്നു. ബേക്കേഴ്സ് അസോസിയേഷന് ഓഫ് കേരളയുടെ മേല്‍നോട്ടത്തില്‍ തയാറാക്കുന്ന ഭീമന് കേക്കിന് 6,000 മീറ്റര്‍ നീളമുണ്ടാകും.
കഴിഞ്ഞ ഒരു മാസക്കാലമായി തൃശൂരില്‍ നടന്നുവരുന്ന രാപകല്‍ ഷോപ്പിങ് ഫെസ്റ്റിവലിന്റെ സമാപന ദിനത്തോടനുബന്ധിച്ച് നാളെയാണ് ആറ് കിലോമീറ്റര്‍ അധികം ദൂരത്തില്‍ കേക്ക് തയാറാക്കുന്നത്. 3200 മീറ്റര്‍ നീളത്തില്‍ ചൈനയില്‍ നിര്‍മിച്ച കേക്കിനാണ് നിലവില്‍ ഗിന്നസ് റെക്കോര്‍ഡ്. ഈ ചരിത്രം മാറ്റിയെഴുതുവാനാണ് ഭീമന് കേക്ക് തയാറാക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഏകദേശം ഒരു കോടി രൂപയാണ് കേക്കിന്റെ നിര്‍മാണത്തിന് ചെലവ്. വാനില മിക്സ് കേക്കാണ് തയാറാക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ രണ്ട് ടണ്‍ ഭാരമുണ്ടാകും. അഞ്ച് മീറ്റര്‍ വീതിയിലും പൊക്കത്തിലും തയാറാക്കുന്ന കേക്കിന് പിന്നില്‍ സംസ്ഥാനത്തുടനീളമുള്ള ബേക്കറികളിലെ ഷെഫുമാരാണ് പ്രവര്‍ത്തിക്കുന്നത്. 30 മീറ്റര്‍ ദൂരത്തില്‍ അഞ്ച് ഷെഫുമാര്‍ അണിനിരക്കും. ആകെ 1000 ഷെഫുമാരാണ് നിര്‍മാണത്തില്‍ പങ്കാളികളാകുന്നത്.
ഗിന്നസ് ബുക്ക് അധികൃതരുടെ പരിശോധനയ്ക്കു ശേഷം കേക്ക് അനാഥാലയങ്ങള്‍ക്കും സ്കൂളുകള്‍ക്കും പൊതുജനങ്ങള്‍ക്കുമായി വിതരണം ചെയ്യുവാനാണ് ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.
ബേക്കേഴ്സ് അസോസിയേഷന് അഖിലേന്ത്യാ പ്രസിഡന്റ് പി.എം ശങ്കരന്, സംസ്ഥാന പ്രസിഡന്റ് വിജേഷ് വിശ്വനാഥ്, എ. നൗഷാദ്, വി.പി അബ്ദുല്‍ സലിം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."