ദേവീന്ദര്‍ സിങ് തീവ്രവാദികള്‍ക്ക് അഭയം നല്‍കിയത് സ്വന്തം വസതിയില്‍
ന്യൂഡല്‍ഹി: അറസ്റ്റിലായ ഡെപ്യൂട്ടി സൂപ്രണ്ട് ദേവീന്ദര്‍ സിങ് തീവ്രവാദികള്‍ക്ക് ശ്രീനഗറിലെ തന്റെ വസതിയില്‍ അഭയമൊരുക്കിയതായി പൊലിസ്. അറസ്റ്റിനു പിന്നാലെ ദേവീന്ദര്‍ സിങിന്റെ വസതികളില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഒരു എ.കെ റൈഫിള്‍ തോക്കും രണ്ടു പിസ്റ്റളുകളും വസതിയില്‍നിന്ന് കണ്ടെത്തിയതായും പൊലിസ് അറിയിച്ചു.
പിടിയിലാവുന്നതിന് തലേദിവസം ഷോപിയാനില്‍നിന്ന് തന്റെ വസതിയിലേക്ക് തീവ്രവാദി സംഘത്തിന് എസ്‌കോര്‍ട്ട് പോയിരുന്നു. അന്ന് രാത്രി ദേവീന്ദര്‍ സിങിന്റെ വസതിയിലായിരുന്നു സംഘം താമസിച്ചിരുന്നതെന്നും പൊലിസ് വ്യക്തമാക്കി.
ശനിയാഴ്ചയാണ് ജമ്മുകശ്മിരില്‍ ഭീകരര്‍ക്കൊപ്പം പൊലിസ് ഡെപ്യൂട്ടി സൂപ്രണ്ടായ ദേവീന്ദര്‍ പിടിയിലായത്. ഹിസ്ബുല്‍മുജാഹിദ്ദീന്‍ തലവന്‍ സെയ്ദ് നവീദ് മുഷ്താഖ്, തീവ്രവാദിയായ റാഫി റാത്തര്‍, ഇര്‍ഫാന്‍ ഷാഫി മിര്‍ എന്നിവരും ഇദ്ദേഹത്തിനൊപ്പം അറസ്റ്റിലായിരുന്നു. ഭീകരരെ കീഴടങ്ങാന്‍ എത്തിക്കുന്നതിനിടയിലാണ് തന്നെ പൊലിസ് പിടികൂടിയതെന്നാണ് ഡിവൈ.എസ്.പി അവകാശപ്പെടുന്നത്.
എന്നാല്‍, ഇത്തരമൊരു കീഴടങ്ങല്‍ പദ്ധതി നടപ്പാക്കാന്‍ ഇദ്ദേഹത്തെ ആരും ചുമതലപ്പെടുത്തിയിരുന്നില്ലെന്നും ഡിപ്പാര്‍ട്ട്‌മെന്റിന് ഇതിനെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നു പൊലിസ് പറഞ്ഞു. തീവ്രവാദികളെ ചോദ്യംചെയ്തതില്‍നിന്ന് കീഴടങ്ങാനുള്ള പദ്ധതി അവര്‍ക്കുണ്ടായിരുന്നില്ലെന്ന് വ്യക്തമായതായും പൊലിസ് അറിയിച്ചു.
ഭീകരരെ സുരക്ഷിതമായി ബാനിഹാള്‍ തുരങ്കം കടത്തുന്നതിന് 12 ലക്ഷം രൂപയാണ് ഇവരില്‍നിന്ന് ദേവീന്ദര്‍ സിങ് പറഞ്ഞുറപ്പിച്ചിരുന്നത്. വാഹനം ഓടിച്ചിരുന്നത് ഇയാളായിരുന്നു. ഡിവൈ.എസ്.പി ഓടിക്കുന്ന വാഹനത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തില്ലെന്ന പ്രതീക്ഷയിലായിരുന്നു ഇതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
കുല്‍ഗാമിലെ മിര്‍ ബസാറില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍നിന്ന് ആയുധങ്ങളും പൊലിസ് കണ്ടെടുത്തു. പിടിയിലാവുമ്പോള്‍ ഡല്‍ഹിയിലേക്ക് പുറപ്പെടാനുള്ള ഒരുക്കത്തിലായിരുന്നു ഇവര്‍.
തീവ്രവാദികള്‍ക്കൊപ്പം കഴിഞ്ഞ ദിവസം അറസ്റ്റിലായ കശ്മിര്‍ ഡിവൈ.എസ്.പി ദേവീന്ദര്‍ സിങിന്റെ പാര്‍ലമെന്റ് ആക്രമണ കേസിലെ പങ്കിനെക്കുറിച്ച് അന്വേഷിക്കുമെന്ന് കശ്മീര്‍ ഐ.ജി വിജയകുമാര്‍ അറിയിച്ചു. ദേവീന്ദര്‍ സിങ് പിടിയിലായതോടെ അഫ്‌സല്‍ ഗുരുവിന്റെ കത്തും മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."