ഉദ്യാന ലൈബ്രറി കെട്ടിടം ക്രൈംബ്രാഞ്ചിന് നല്‍കാനുള്ള തീരുമാനം ഉപേക്ഷിച്ചു
കാക്കനാട് : ഉദ്യാന ലൈബ്രറി കെട്ടിടം ക്രൈംബ്രാഞ്ചിന്റെ ഓഫീസ് ആകാനുള്ള തീരുമാനം തൃക്കാക്കര നഗരസഭ ഉപേക്ഷിച്ചു. ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നാണ് നടപടി. നഗരസഭ സ്റ്റിയറിങ് കമ്മിറ്റിയാണ് പൂട്ടിക്കിടക്കുന്ന ലൈബ്രറി കെട്ടിടം ക്രൈംബ്രാഞ്ചിന് നല്‍കാന്‍ രഹസ്യതീരുമാനമെടുത്തത്. സംഭവം പുറത്തായതോടെ വിവിധഭാഗങ്ങളില്‍ നിന്ന് ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്.
എന്നാല്‍ ലൈബ്രറി കെട്ടിടം നല്‍കാന്‍ തീരുമാനിച്ചിട്ടില്ലെന്നായിരുന്നു ഇന്നലെ കൗണ്‍സില്‍ യോഗത്തില്‍ ഭരണപക്ഷത്തിന്റെ വാദം. ഇത് ഇരുവിഭാഗങ്ങള്‍ തമ്മില്‍ വാക്കേറ്റത്തിനും ഇടയാക്കി. വാക്കേറ്റം രൂക്ഷമായതോടെ സ്റ്റിയറിങ് കമ്മിറ്റിയുടെ തീരുമാനം ഹാജരാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും ഭരണപക്ഷം മറുവാദം ഉന്നയിച്ച് പ്രതിരോധിക്കുകയായിരുന്നു. തുടര്‍ന്ന് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സിലെ ഷോപ്പിങ് കോംപ്ലക്‌സ് കെട്ടിടത്തിന് മുകളില്‍ ക്രൈംബ്രാഞ്ചിന്റെ ഓഫിസ് അനുവദിക്കാന്‍ യോഗം തീമാനിക്കുകയായിരുന്നു. പൂട്ടിക്കിടക്കുന്ന ഉദ്യാന ലൈബ്രറി ഉടന്‍ തുറക്കാനും കൗണ്‍സില്‍ തീരുമാനിച്ചു. പഴയ ലൈബ്രറിയിലുള്ള പുസ്തകങ്ങള്‍ ഉടന്‍ പുതിയ ലൈബ്രറി കെട്ടിടത്തിലേക്ക് മാറ്റും. കെട്ടിടത്തില്‍ ലൈബ്രറിക്ക് ആവശ്യമായ അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കും.
കുടിവെള്ളം ഊറ്റ് കേന്ദ്രങ്ങള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്താനും കൗണ്‍സില്‍ തീരുമാനിച്ചു. കുടിവെള്ള സ്രോതസുകളില്‍ പരിശോധന നടത്തി അനധികൃത ഊറ്റ് കേന്ദ്രങ്ങള്‍ പൂട്ടിക്കും. ഉണിച്ചിറയിലെ സ്വകാര്യ ആശുപത്രി അടച്ച് പൂട്ടാനുള്ള മുന്‍ തീരുമാനം അടുത്ത കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. സ്റ്റിയറിങ് കമ്മിറ്റിയുടെയും ആരോഗ്യ വിഭാഗത്തിന്റെയും മുനിസിപ്പല്‍ എന്‍ജിനീയറുടെയും റിപ്പോര്‍ട്ടുകളില്‍ നിയമോപദേശം തേടിയ ശേഷമായിരിക്കും അന്തിമ തീരുമാനം.
കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ കെ.കെ.നീനു അധ്യക്ഷയായിരുന്നു. വൈസ് ചെയര്‍മാന്‍ സാബുഫ്രാന്‍സിസ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ഷബ്‌നമെഹറലി, മേരി കുര്യന്‍, ജിജോ ചിങ്ങംന്തറ, കെ.ടി.എല്‍ദോ, സീനറഹ്മാന്‍, കൗണ്‍ലിര്‍മാരായ പി.എം.സലീം, പി.എം യൂസഫ്, ടി.എം അലി, ടി.ടി.ബാബു, അജിത തങ്കപ്പന്‍, എം.എം.നാസര്‍, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."