HOME
DETAILS

സംസ്ഥാന സര്‍ക്കാര്‍ ഒരു ചുവടുകൂടി മുന്നില്‍

  
backup
January 15 2020 | 00:01 AM

editoral-15-jan-2020

 


ബി.ജെ.പി സര്‍ക്കാര്‍ പാസാക്കിയ പൗരത്വ നിയമത്തിനെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സൂട്ട് ഹരജി ഫയല്‍ ചെയ്തത് അഭിനന്ദനാര്‍ഹമാണ്. സംസ്ഥാന നിയമസഭ പൗരത്വ നിയമത്തിനെതിരേ ഐകകണ്‌ഠ്യേന പ്രമേയം പാസാക്കിയപ്പോള്‍ അത് വെറും സന്ദേശം മാത്രമാണെന്ന് പറഞ്ഞ് വിമര്‍ശിച്ചവര്‍ ഹരജിയെക്കുറിച്ച് എന്താണാവോ പറയുക. പൗരത്വ നിയമത്തിനെതിരേ സുപ്രിം കോടതിയില്‍ ഹരജി നല്‍കുന്ന ആദ്യത്തെ സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്.
പൗരത്വ നിയമത്തിനെതിരേ ആദ്യം പ്രമേയം പാസാക്കിയതും കേരളമായിരുന്നു. ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ച് സമരം ചെയ്തതും കേരളത്തിലാണ്. കേന്ദ്രവും ബി.ജെ.പി ഇതരസംസ്ഥാനങ്ങളും തമ്മില്‍ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധമായി മാറിയിട്ടുണ്ട് പൗരത്വ നിയമത്തിനെതിരേ രാജ്യമൊട്ടാകെയുള്ള പ്രതിഷേധ സമരങ്ങള്‍. ഈയൊരു വേളയില്‍ സംസ്ഥാനങ്ങള്‍ക്ക് ശരിയായ ദിശാബോധം നല്‍കുന്നതാണ് കേരള സംസ്ഥാന സര്‍ക്കാരിന്റെ നടപടി.


സര്‍ക്കാര്‍ നടപടികളെ സങ്കുചിതമായ രാഷ്ട്രീയത്തിന്റെ പേരില്‍ അസ്ഥാനത്ത് വിമര്‍ശിച്ചുകൊണ്ടിരിക്കുന്നത് കൂട്ടായ ഒരു ശ്രമത്തെ ദുര്‍ബലപ്പെടുത്തുവാനും അതുവഴി ഫാസിസ്റ്റ് കക്ഷികള്‍ക്ക് ഊര്‍ജം നല്‍കുവാനും മാത്രമേ ഉപകരിക്കൂ. സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ പ്രമേയം ഒരു സന്ദേശമാണെങ്കില്‍കൂടി അതിന് ശേഷമാണ് കേരളത്തില്‍ പൗരത്വ നിയമത്തിനെതിരേയുള്ള പൊതുസമൂഹത്തിന്റെ സമരം ശക്തിയാര്‍ജിച്ചത് എന്നോര്‍ക്കണം.


ഗാന്ധിജി 'ക്വിറ്റ് ഇന്ത്യാ' മുദ്രാവാക്യം ഉയര്‍ത്തിയതിന് ശേഷമാണ് അതുവരെ മന്ദഗതിയിലായിരുന്ന ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും ചൂട് പിടിച്ചത്. 'ക്വിറ്റ് ഇന്ത്യാ' മുദ്രാവാക്യവും 'ഡു ഓര്‍ ഡൈ' എന്ന മുദ്രാവാക്യവും സന്ദേശങ്ങളായിരുന്നു. പക്ഷെ ആ സന്ദേശങ്ങളാണ് ബ്രിട്ടിഷുകാരെ ഇന്ത്യ വിടാന്‍ നിര്‍ബന്ധിതരാക്കിയത്. ഇപ്പോഴിതാ കേരളത്തെ പിന്തുടര്‍ന്ന് പഞ്ചാബ് സര്‍ക്കാരും പൗരത്വ നിയമത്തിനെതിരേ പ്രമേയം പാസാക്കാനിരിക്കുകയാണ്. കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗ തീരുമാനമനുസരിച്ചാണ് പഞ്ചാബ് സര്‍ക്കാരിന്റെ നീക്കം. കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശും രാജസ്ഥാനും വൈകാതെ ഇതുപോലെ തീരുമാനങ്ങളെടുക്കുമെന്നു തന്നെയാണ് പ്രതീക്ഷ.
സര്‍ക്കാര്‍ ഇന്നലെ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹരജി സംസ്ഥാനത്തിന്റെ പോരാട്ടവഴിയില്‍ ഒരു ചുവട് മുന്നില്‍ എത്തിച്ചിരിക്കുകയാണ്. വൈകാതെ ബി.ജെ.പി ഇതര സംസ്ഥാനങ്ങളും ഇതുപോലെ ഹരജികളുമായി സുപ്രിംകോടതിയെ സമീപിക്കുമെന്ന് പ്രതീക്ഷിക്കാം. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യ ഇന്നുവരെ കണ്ടിട്ടില്ലാത്ത നിയമയുദ്ധത്തിനായിരിക്കും സുപ്രിംകോടതി സാക്ഷിയാവുക.


റിട്ട് ഹരജികള്‍ പോലെയല്ല സൂട്ട് ഹരജികള്‍. സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുണ്ടാകുന്ന നിയമപ്രശ്‌നങ്ങള്‍ തീര്‍പ്പാക്കുവാന്‍ ഭരണഘടനയില്‍ 131-ാം വകുപ്പ് പ്രകാരം സുപ്രിംകോടതിക്ക് അധികാരമുണ്ട്. ഭരണഘടനയുടെ 14, 21, 25 അനുഛേദങ്ങളുടെ ലംഘനമാണ് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമത്തിലൂടെ നടത്തിയിരിക്കുന്നത്. ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യ നീതിക്കും സമത്വത്തിനും എതിരാണ് കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വ നിയമം. അതിനാല്‍ ഭരണഘടനാ വിരുദ്ധമായ ഈ നിയമം പാലിക്കുവാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥവുമല്ല. പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ നിയമമാണെങ്കില്‍പോലും അത് ഭരണഘടനാ വിരുദ്ധമാണെങ്കില്‍ അനുസരിക്കുവാന്‍ സംസ്ഥാനങ്ങള്‍ ബാധ്യസ്ഥമല്ല.
ഭൂരിപക്ഷത്തിന്റെ പേരില്‍, അഹങ്കാരത്താല്‍ പൗരത്വ നിയമ ഭേദഗതി പോലുള്ള കരിനിയമങ്ങള്‍ പാസാക്കിയാല്‍ അത് ദുര്‍ബലപ്പെടുത്തുവാനുള്ള അധികാരം സുപ്രിംകോടതിക്ക് ഭരണഘടനയുടെ 131-ാം വകുപ്പ് നല്‍കുന്നുണ്ട്. ലോകത്ത് മറ്റൊരു സുപ്രിംകോടതിക്കും ഈ അവകാശം ഇല്ല. ബ്രിട്ടിഷ് പാര്‍ലമെന്റില്‍ പാസാക്കിയ നിയമം ബ്രിട്ടിഷ് സുപ്രിംകോടതിക്ക് ദുര്‍ബലപ്പെടുത്തുവാന്‍ കഴിയില്ല എന്നിടത്താണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഈ അവകാശം ഭരണഘടനാ ശില്‍പികള്‍ സുപ്രിംകോടതിക്ക് നല്‍കിയിരിക്കുന്നത്.


ഈ നിയമത്തിന്റെ ബലത്തിലാണ് സംസ്ഥാനം ബി.ജെ.പി സര്‍ക്കാര്‍ പാസാക്കിയ ഭരണഘടനാ വിരുദ്ധവും രാജ്യത്തെ വിഭജിക്കുന്നതുമായ നിയമത്തിനെതിരേ സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി ബി.ജെ.പി ഇതര സംസ്ഥാനങ്ങളും മാതൃകയാക്കുകയാണെങ്കില്‍ ഇപ്പോള്‍തന്നെ ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന ഭരണകൂടധാര്‍ഷ്ട്യം പരാജയപ്പെടുമെന്നതിന് സംശയമില്ല.


പാര്‍ലമെന്റ് പാസാക്കിയ ഭരണഘടനാ വിരുദ്ധ നിയമങ്ങളെ സുപ്രിംകോടതി റദ്ദ് ചെയ്ത എത്രയോ സംഭവങ്ങള്‍ ഉണ്ടുതാനും. ബി.ജെ.പി മാനിഫെസ്റ്റോയില്‍ ഭരണഘടനാ വിരുദ്ധങ്ങളായ വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ അത് നടപ്പിലാക്കാനുള്ള ഇടമല്ല മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യ. രാജ്യത്തെ പൗരന്മാരുടെ പൗരത്വം റദ്ദ് ചെയ്യുന്ന ഭരണകൂട ഭീകരതയെ ഭരണഘടന അംഗീകരിക്കുന്നില്ല.


ബി.ജെ.പി സര്‍ക്കാരിനെതിരേ രാജ്യവ്യാപകമായി ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന പ്രതിഷേധ തിരമാലകള്‍ക്ക് കൂടുതല്‍ ശക്തി പകരുന്നതാണ് സംസ്ഥാനം സമര്‍പ്പിച്ച ഹരജി. ജനകീയ സമരങ്ങള്‍ക്ക് ഇത് കൂടുതല്‍ കരുത്ത് പകരുമെന്നതില്‍ സംശയമില്ല.


സങ്കുചിതമായ രാഷ്ട്രീയ കാഴ്ചപ്പാടോടെ സംസ്ഥാന സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന നല്ല കാര്യങ്ങളെ അസ്ഥാനത്ത് വിമര്‍ശിക്കുന്നത് രാജ്യം ഒറ്റക്കെട്ടായി നടത്തിക്കൊണ്ടിരിക്കുന്ന ഒരു സമരത്തിന് ഗുണം ചെയ്യില്ല. ജനങ്ങള്‍ പൗരത്വത്തെ സംബന്ധിച്ച് മാത്രമാണ് ഇപ്പോള്‍ ചിന്തിക്കുന്നതെന്നോര്‍ക്കുക. അതിന് പരിഹാരം കാണുവാനും ജനങ്ങള്‍ക്ക് ആത്മധൈര്യം നല്‍കുവാനും സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ ആ ശ്രമങ്ങള്‍ക്ക് കരുത്ത് പകരുക എന്നതായിരിക്കണം ഓരോ മതനിരപേക്ഷ ജനാധിപത്യ വിശ്വാസിയുടെയും കടമ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  8 minutes ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  an hour ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  9 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  10 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  11 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  11 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  12 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  12 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  12 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  12 hours ago