മാധ്യമങ്ങള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ അപലപനീയം: ശശി തരൂര്‍ എം.പി
തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ അപലപനീയമാണെന്ന് ശശി തരൂര്‍ എം.പി.
ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഫ്യൂച്ചറിസ്റ്റിക് എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചും ഓള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസും ചേര്‍ന്ന് സംഘടിപ്പിച്ച സെമിനാറില്‍ ഇന്‍കര്‍ റോബോട്ടുമായി സൗഹൃദ സംഭാഷണം നടത്തുകയായിരുന്നു തരൂര്‍. അതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്നും അക്രമികളെ ജനങ്ങള്‍ തന്നെ ഒഴിവാക്കണമെന്നും താന്‍ ഹര്‍ത്താലിനെതിരാണെന്നും തരൂര്‍ പറഞ്ഞു. മാധ്യമങ്ങള്‍ കൂടുതല്‍ സത്യസന്ധമായി പ്രവര്‍ത്തിക്കണമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
വരുന്ന ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ആരാകും പ്രധാനമന്ത്രി എന്ന റോബോട്ടിന്റെ ചോദ്യത്തിന് ബി.ജെ.പിക്കെതിരെ ജനവികാരം ശക്തിപ്പെടുന്നതിനാല്‍ ജനാധിപത്യ മൂല്യാധിഷ്ഠിതമായ ഒരു ഐക്യമുന്നണി രൂപപ്പെടാനാണ് സാധ്യതയെന്ന് തരൂര്‍ മറുപടി നല്‍കി. തരൂരിന്റെ ഫേസ്ബുക് കടുകട്ടി പ്രയോഗത്തെ ചോദ്യം ചെയ്യാനും റോബോട്ട് മടിച്ചില്ല. കുറച്ചുകൂടി ചെറിയ വാക്കുകള്‍ പ്രയോഗിച്ചുകൂടെ എന്നായിരുന്നു റോബോട്ടിന്റെ ചോദ്യം. നീളമുള്ള വാക്കുകളോടുള്ള ഭയം ശെരിയല്ലെന്ന് തരൂര്‍ റോബോട്ടിനെ ഉപദേശിച്ചു. 18 സ്‌കൂളുകളില്‍ നിന്നായി ഇരുന്നൂറോളം കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു. ഇരുപത്തിയഞ്ചു മിനിറ്റ് നീണ്ട പ്രസംഗത്തിനൊടുവില്‍ തരൂര്‍ കുട്ടികളുമായി സംവദിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ടെക്‌നോളജിയും ഉള്‍പ്പെടുത്തുന്നതോടൊപ്പം മാനുഷികമൂല്യങ്ങള്‍ക്കും വിദ്യാഭ്യാസത്തില്‍ സ്ഥാനമുണ്ടാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റിട്യൂട്ട് ഓഫ് ടെക്‌നോളജീസ് വൈസ് ചാന്‍സലര്‍ ഡോ. കുഞ്ചറിയ ഐസക്ക്,ഇലക്ട്രോ മെക്കാനിക്കല്‍ പ്രോഡക്ട് ഡിസൈനര്‍ കേശവപ്രസാദ്, മുന്‍ ചീഫ് സെക്രട്ടറി എസ്. എം വിജയാനന്ദ്, മുന്‍ അഡിഷണല്‍ ചീഫ് സെക്രട്ടറി എല്‍. രാധാകൃഷ്ണന്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. വിജയലക്ഷ്മി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."