പൗരത്വ നിയമഭേദഗതിക്കെതിരേ മൈക്രോസോഫ്റ്റ് സി.ഇ.ഒ
ന്യൂയോര്‍ക്ക്: കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയില്‍ നടപ്പാക്കാനൊരുങ്ങുന്ന വിവാദ പൗരത്വ നിയമഭേദഗതി ക്കെതിരേ മൈക്രോസോഫ്റ്റ് സി. ഇ.ഒ സത്യ നദെല്ലെ. സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ വളരെ ദുഃഖകരമാണ്. അവിടെ ജനിച്ച് വളര്‍ന്നവരെ പ്രത്യേക വിഭാഗമായി തരംതിരിക്കുന്നത് വളരെ മോശം കാര്യമാണ്- ഹൈദരാബാദില്‍ ജനിച്ച് യു.എസ് പൗരത്വം നേടിയ നദെല്ലെ ന്യൂയോര്‍ക്കില്‍ നടന്ന ഒരു ചടങ്ങില്‍ പറഞ്ഞു.
എന്റെ ജീവിതത്തിലുണ്ടായത് ഇതുപോലൊരു രാജ്യത്ത് നടക്കുമോ. ഒരു ബംഗ്ലാദേശി കുടിയേറ്റക്കാരന്‍ ഇന്ത്യയില്‍ ചെന്ന് ഇന്‍ഫോസിസിന്റെ സി.ഇ.ഒ ആവുകയെന്നത് പ്രചോദനപരമായിരിക്കും. ഇത്തമൊരു വിഭജനം യു.എസിലുണ്ടായാല്‍ എന്തായിരിക്കും തനിക്കു സംഭവിക്കുക- ഇന്ത്യയില്‍നിന്നു വന്നു യു.എസില്‍ ലോകപ്രശസ്ത സ്ഥാപനത്തിന്റെ തലവനായ നദെല്ലെ ചോദിച്ചു.
ഇന്ത്യയിലെ സാങ്കേതികവിദ്യാ കേന്ദ്രമായ ഹൈദരാബാദില്‍ ജനിച്ചുവളര്‍ന്നതില്‍ തനിക്ക് അഭിമാനമുണ്ട്. പെരുന്നാളും ക്രിസ്മസും ദീപാവലിയുമെല്ലാം തങ്ങള്‍ അവിടെ ആഘോഷിച്ചിരുന്നതായും നദെല്ലെ ചൂണ്ടിക്കാട്ടി. ഗൂഗിള്‍, ഫേസ്ബുക്, യൂബര്‍, ആമസോണ്‍ തുടങ്ങിയവയില്‍ ജോലി ചെയ്യുന്ന 150ലധികം ഇന്ത്യന്‍ വംശജരായ പ്രഫഷനലുകള്‍ പൗരത്വ നിയമഭേദഗതിക്കും എന്‍.ആര്‍.സിക്കുമെതിരേ തുറന്ന കത്ത് പ്രസിദ്ധീകരിച്ചിരുന്നു. രണ്ടും ഫാസിസ്റ്റ് നിയമമാണെന്നായിരുന്നു കത്തില്‍ പറഞ്ഞിരുന്നത്. നൊബേല്‍ ജേതാവ് അമര്‍ത്യ സെന്നും നിയമത്തിനെതിരേ രംഗത്തുവന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."