HOME
DETAILS

ഉണങ്ങുമ്പോള്‍ ഉറങ്ങാമോ?

  
backup
February 21 2017 | 21:02 PM

%e0%b4%89%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%89%e0%b4%b1%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%ae%e0%b5%8b

ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ വരള്‍ച്ചയ്ക്കുമുന്നിലാണു കേരളം. കനത്ത കൃഷി നാശം ഉണ്ടായിക്കഴിഞ്ഞു. കുടിവെള്ളവും കിട്ടാക്കനിയായി മാറുന്നു. വൈദ്യുതി ക്ഷാമം തുറിച്ചുനോക്കുന്നു.

അതീവഗുരുതരാവസ്ഥയിലാണു സംസ്ഥാനം. എന്നിട്ടും സര്‍ക്കാര്‍ ഉറക്കംതൂങ്ങുകയാണ്. ഏതാനും വിഡിയോ കോണ്‍ഫറന്‍സുകള്‍ക്കും ചര്‍ച്ചകള്‍ക്കുമപ്പുറം വേനലിനെ ഫലപ്രദമായി നേരിടുന്നതിനുള്ള നടപടികളൊന്നുമുണ്ടായിട്ടില്ല. റേഷന്‍വിതരണത്തില്‍ കാണിച്ച കുറ്റകരമായ അനാസ്ഥതന്നെയാണ് ഇതിലും ദൃശ്യമാകുന്നത്.

നാലുമാസം മുന്‍പു നിയമസഭയില്‍ സംസ്ഥാനത്തെ വരള്‍ച്ച ബാധിതപ്രദേശമായി പ്രഖ്യാപിച്ചതാണ്. പ്രഖ്യാപനംകൊണ്ടു തീരുന്നതല്ല സര്‍ക്കരിന്റെ കടമ. ഇടവപ്പാതിയും തുലാവര്‍ഷവും ഒരേപോലെ ചതിച്ച കാലമാണു കടന്നുപോയത്. വേനല്‍മഴയും ഒളിച്ചുകളിക്കുന്നു. ഇടവപ്പാതിയില്‍ ഇത്തവണ 34 ശതമാനം മഴക്കുറവാണുണ്ടായത്. തുലാവര്‍ഷത്തില്‍ 62 ശതമാനം കുറവുണ്ടായി. വേനല്‍മഴയിലും 21 ശതമാനത്തിന്റെ കുറവു വന്നു. കേരളത്തില്‍ ഇങ്ങനെ സംഭവിച്ചിട്ടില്ല.

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലവര്‍ഷക്കാലത്തു മഴ കുറഞ്ഞാലും തുലാവര്‍ഷം തകര്‍ത്തുപെയ്തു രക്ഷിക്കാറുണ്ട്. 1976, 2002, 2012 അങ്ങനെ സംഭവിച്ചു. അതുകൊണ്ടു കേരളം വരണ്ടുപോയില്ല. ചരിത്രത്തില്‍ കാലവര്‍ഷം ഏറ്റവും കുറച്ചു രേഖപ്പെടുത്തിയത് 1918 ലാണ്. അന്നു 1150 മില്ലീമീറ്റര്‍ മഴ മാത്രമേ പെയ്തുള്ളൂ. പക്ഷേ, തുലാവര്‍ഷം 560 മില്ലീ മീറ്റര്‍ പെയ്തു.

ഇത്തവണ ഇടവപ്പാതിയില്‍ 2039 മില്ലീമീറ്റര്‍ മഴ പെയ്യേണ്ട സ്ഥാനത്തു ലഭിച്ചത് 1352.3 മില്ലീമീറ്ററാണ്. തുലാവര്‍ഷ കാലത്ത് 480 മില്ലീ മീറ്റര്‍ പെയ്യേണ്ട സ്ഥാനത്ത് പെയ്തത് കേവലം 185 മില്ലീമീറ്റര്‍. അതീവഗുരുതരമായ അവസ്ഥയാണു കേരളത്തില്‍.

ഇതിനു പുറമെയാണു ചുട്ടുപൊള്ളുന്ന വെയില്‍. ഫെബ്രുവരി ആയിട്ടേയുള്ളൂ. പകല്‍ പതിനൊന്നു മണിക്കുശേഷം പുറത്തിറങ്ങാന്‍ കഴിയാത്ത ചൂടാണ്. 38 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തി. വേനല്‍ കടുക്കുമ്പോള്‍ ചൂട് ഇനിയും കുതിച്ചുയരും.

വേനല്‍ തീക്ഷ്ണതയിലെത്തിയിട്ടില്ലെങ്കിലും 200 കോടിയിലേറെ രൂപയുടെ കൃഷിനാശമുണ്ടായിക്കഴിഞ്ഞുവെന്നാണ് അനൗദ്യോഗിക കണക്ക്. 25,707 ഹെക്ടറിലെ കൃഷി നശിച്ചു. 23,397 ഹെക്ടറിലെ നെല്‍കൃഷിയും 1007 ഹെക്ടറിലെ വാഴകൃഷിയും 638 ഹെക്ടറിലെ നെല്‍കൃഷിയുമാണ് നശിച്ചത്. പാലക്കാട്ടാണ് നെല്‍കൃഷി ഏറ്റവും കൂടുതല്‍ നശിച്ചത്11,524 ഹെക്ടര്‍. വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ കുരുമുളക്, കാപ്പി, ഏലം തുടങ്ങിയ നാണ്യവിളകള്‍ക്കും നാശമുണ്ടായി.
സംസ്ഥാനത്തെ ജലസംഭരണികളെല്ലാം വറ്റിവരളുകയാണ്. കല്ലട, മലമ്പുഴ, ചിമ്മിണി, കുറ്റ്യാടി, പീച്ചി എന്നീ ജലസംഭരണികളില്‍ ജലനിരപ്പു വല്ലാതെ താണിരിക്കുന്നു. സംഭരണ ശേഷിയുടെ 85 ശതമാനം വെള്ളം നിറഞ്ഞുകിടക്കേണ്ട ഈ സമയത്തു 47 ശതമാനം വെള്ളമേയുള്ളൂ. സംസ്ഥാനത്തിന്റെ പ്രധാന വൈദ്യുതോല്‍പാദന കേന്ദ്രമായ ഇടുക്കിയിലും കാര്യങ്ങള്‍ പരുങ്ങലിലാണ്. സംഭരണ ശേഷിയുടെ 35 ശതമാനം വെള്ളമേ ശേഷിക്കുന്നുള്ളൂ.

ഇതിനേക്കാളൊക്കെ ഉല്‍ക്കണ്ഠയുണ്ടാക്കുന്നതു ഭൂഗര്‍ഭ ജലനിരപ്പ് അതിവേഗം താഴുന്നുവെന്നതാണ്. സംസ്ഥാനത്തിന്റെ പലഭാഗത്തും നാലുമീറ്ററോളം ഭൂഗര്‍ഭ ജലവിതാനം താഴ്ന്നുവെന്നാണു കേന്ദ്രഭൂജല വകുപ്പു കണ്ടെത്തിയിരിക്കുന്നത്. കിണറുകള്‍ മിക്കവയും വറ്റിത്തുടങ്ങി. സംസ്ഥാനത്തെ 82 ശതമാനം കിണറുകളിലും രണ്ടു മുതല്‍ നാലു മീറ്റര്‍ വരെ ജലനിരപ്പു താണു. പാലക്കാട്ട് കുഴല്‍കിണറുകള്‍ പോലും വറ്റി വരണ്ടു. കടുത്ത കുടിവെള്ള ക്ഷാമമാണ് മുന്നിലെന്നതിന്റെ വ്യക്തമായ അപകട സൂചനയാണിത്.
ഒരുദിവസം പെട്ടെന്നു മാനത്തുനിന്നു പൊട്ടിവീണ അവസ്ഥയല്ലിത്. ഇടവപ്പാതി ചതിച്ചപ്പോള്‍ ഈ വിപത്തിനെപ്പറ്റി വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിയതാണ്.

കഴിഞ്ഞ നിയമസഭാ സമ്മേളനകാലത്തു പ്രതിപക്ഷം വരള്‍ച്ചാപ്രശ്‌നം അടിയന്തര പ്രമേയമായി അവതരിപ്പിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിച്ചു. എന്നിട്ടും ഒന്നും സംഭവിച്ചില്ല. ജില്ലാ കലക്ടര്‍മാര്‍ അതതു ജില്ലകളിലെ എം.എല്‍.എമാരെ പങ്കെടുപ്പിച്ചു സര്‍ക്കാരിന്റെ 26 നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നു ഞാന്‍ പറഞ്ഞതും മന്ത്രി അംഗീകരിച്ചു. ഒരു ജില്ലയിലും എം.എല്‍.എമാരെ വിളിച്ചു ചേര്‍ത്തു ചര്‍ച്ച ചെയ്തില്ല, നടപടിയുമുണ്ടായില്ല.
വരള്‍ച്ചയെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിനു നിവേദനം നല്‍കാന്‍പോലും സംസ്ഥാനസര്‍ക്കാര്‍ തയാറായിട്ടില്ല.

സര്‍ക്കാരിന്റെ അനാസ്ഥ എത്രത്തോളമെന്ന് ഇതു കാണിക്കുന്നു. എന്തു മാത്രം കൃഷിനാശമുണ്ടായെന്ന കണക്കെടുപ്പുപോലും നടത്തിയിട്ടില്ല.
പാലക്കാടുള്‍പ്പെടെ പലേടത്തും കുടിവെള്ളത്തിനായി പ്രക്ഷോഭം നടക്കുകയാണ്. കുടിവെള്ള വിതരണത്തിനായി സംസ്ഥാനത്തുടനീളം തണ്ണീര്‍പന്തലുകള്‍ ആരംഭിക്കുമെന്ന പ്രഖ്യാപനം നടന്നില്ല. ടാങ്കര്‍ലോറികളില്‍ വെള്ളം വിതരണം ചെയ്യുമെന്നാണ് ഇപ്പോള്‍ പറയുന്നത്. അതെങ്കിലും അതീവശ്രദ്ധയോടെ വേണം നടപ്പാക്കാന്‍. പാറമടകളിലും മറ്റും കെട്ടിക്കിടക്കുന്ന മലിനജലമാണു കുടിവെള്ളമെന്ന പേരില്‍ ടാങ്കര്‍ ലോറികളില്‍ എത്തിക്കുന്നതെന്നു വാര്‍ത്തയുണ്ടായിരുന്നു. അതു വലിയ ആപത്തു ക്ഷണിച്ചു വരുത്തും. നിരന്തരമായ പരിശോധനയും നിരീക്ഷണവും അതിന് ആവശ്യമാണ്.

വരള്‍ച്ച നേരിടുന്നതിനു ഹ്രസ്വകാലപദ്ധതികളും ദീര്‍ഘകാലപദ്ധതികളും ആവശ്യമാണ്. വര്‍ഷം 3000 മില്ലീമീറ്റര്‍ മഴയും 44 നദികളും 33 ഡാമുകളും 45 ലക്ഷം കിണറുകളുമുള്ള കൊച്ചുകേരളം വെള്ളത്തിന്റെ കാര്യത്തില്‍ മികച്ചസംസ്ഥാനമെന്നാണു പൊതുവേയുള്ള ധാരണ. സ്ഥിതി മറിച്ചാണ്. വെള്ളത്തിന്റെ ലഭ്യത മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കുറവാണു കേരളത്തില്‍. മഹാനദികളൊന്നും നമുക്കില്ല.

ഉള്ളവ നീര്‍ച്ചാലുകളെപ്പോലുള്ളവയാണ്. വനനശീകരണവും നഗരവല്‍കരണവും കാരണം പെയ്യുന്ന മഴ ഭൂമിക്കുള്ളിലേക്കു താഴാതെ കുത്തിയൊലിച്ചു 48 മണിക്കൂറിനുള്ളില്‍ കടലിലെത്തുന്നതാണു പതിവ്.
കേരളത്തിലുടനീളം വ്യാപിച്ചു കിടന്ന വയലുകള്‍ അപ്രത്യക്ഷമാവുകയും തണ്ണീര്‍ത്തടങ്ങള്‍ നികത്തപ്പെടുകയും ചെയ്തതിന്റെ തിരിച്ചടി കണ്ടുതുടങ്ങി. വരള്‍ച്ചയുടെ കാഠിന്യവും കുടിവെള്ളക്ഷാമത്തിന്റെ രൂക്ഷതയും വര്‍ഷം കഴിയുന്തോറും വര്‍ധിച്ചു വരുന്നു. ഇതു നേരിടുന്നതിനുള്ള ദീര്‍ഘകാലപദ്ധതികളാണു തല്‍കാലമുള്ള വേനല്‍പ്രതിരോധ നടപടികള്‍ക്കൊപ്പം വേണ്ടത്.

തടയണകളും തണ്ണീര്‍ത്തടങ്ങളും മഴക്കുഴികളും വ്യാപകമായി ഉണ്ടാക്കി പ്രകൃതി സമ്മാനിക്കുന്ന വെള്ളം പാഴാവാതെ സംരക്ഷിക്കണം. കുളങ്ങളുടെയും കാവുകളുടെയും പ്രൗഢി വീണ്ടെടുക്കണം. ഒപ്പം നമ്മുടെ മുന്നിലെത്തി നില്‍ക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ വേനലിനെ നേരിടാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളും സ്വീകരിക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീകുമാർ മേനോനെതിരായ മഞ്ജു വാര്യരുടെ പരാതി ഹൈക്കോടതി റദ്ദാക്കി

Kerala
  •  a month ago
No Image

ജാഗ്രത; ഫെയ്‌സ്ബുക്കിലൂടെ സിവില്‍ ഐഡി സേവനങ്ങള്‍ നല്‍കുന്നില്ല 

Kuwait
  •  a month ago
No Image

ഹിതപരിശോധന; രാജ്യത്തെ മുഴുവന്‍ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  a month ago
No Image

സ്‌കൂള്‍ കായിക മേളയ്ക്ക് തിരിതെളിഞ്ഞു

Kerala
  •  a month ago
No Image

ഷാര്‍ജ രാജ്യാന്തര പുസ്തകമേള; ഇളയരാജ പങ്കെടുക്കും

uae
  •  a month ago
No Image

മലയാള സർവ്വകലാശാല; പിഎച്ച്ഡി റാങ്ക് ലിസ്റ്റിൽ അട്ടിമറി

Kerala
  •  a month ago
No Image

ഇന്റര്‍നാഷനല്‍ എയര്‍ഷോ 2024; ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിമാനങ്ങളെത്തി

bahrain
  •  a month ago
No Image

ഫ്രിഡ്ജില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

Kerala
  •  a month ago
No Image

അശ്വനി കുമാര്‍ വധക്കേസ്: മൂന്നാം പ്രതിക്ക് ജീവപര്യന്തം

Kerala
  •  a month ago
No Image

രഹസ്യങ്ങള്‍ ചോര്‍ന്നത് നെതന്യാഹുവിന്റെ ഓഫിസില്‍ നിന്ന് തന്നെ; ചോര്‍ത്തിയത് പ്രധാനമന്ത്രിയുടെ വിശ്വസ്തന്‍

International
  •  a month ago