സഹകരണ ഹൃദയാലയത്തിലെ സര്‍വിസ് ചാര്‍ജ് പിന്‍വലിച്ചു
തളിപ്പറമ്പ്: വിവാദങ്ങള്‍ക്കൊടുവില്‍ പരിയാരം സഹകരണ ഹൃദയാലയത്തിലെ 20,000 രൂപ സര്‍വിസ് ചാര്‍ജ് ഈടാക്കാനുള്ള തീരുമാനം പിന്‍വലിച്ചു. സര്‍ക്കാര്‍ സ്റ്റെന്റ് വില ഏകീകരിച്ച സാഹചര്യത്തില്‍ വിലക്കുറവിന്റെ ആനുകൂല്യം രോഗികള്‍ക്ക് ലഭ്യമാക്കുമെന്ന് മെഡിക്കല്‍ കോളജ് എംഡി കെ. രവി പത്രക്കുറിപ്പില്‍ അറിയിച്ചു.
സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞനിരക്കില്‍ മികച്ച ഹൃദയചികിത്സ നല്‍കിവരുന്ന കേന്ദ്രമാണ് പരിയാരത്തേത്. 24 മണിക്കൂറും ആന്‍ജിയോപ്ലാസ്റ്റി ചെയ്യുന്ന ഇതര ആശുപത്രികളില്‍ ഐ.സി.സി.യു ചാര്‍ജായി 7500 മുതല്‍ 15000 രൂപ വരെ ഈടാക്കുമ്പോള്‍ രോഗിക്കുള്ള ഭക്ഷണസഹിതം പരിയാരത്തിത് വെറും 1000 രൂപ മാത്രമാണ ഈടാക്കുന്നത്. നവീകരിച്ച അത്യാധുനിക ജീവന്‍ രക്ഷാ സജ്ജീകരണങ്ങളോടെയാണ് പരിയാരത്തെ ഇന്റന്‍സീവ് കാര്‍ഡിയാക് കെയര്‍ യൂനിറ്റ് പ്രവര്‍ത്തിക്കുന്നത്.
പരിയാരം മെഡിക്കല്‍ കോളജിന് കീഴിലുള്ള പ്രത്യേക കാര്‍ഡിയാക് സൂപ്പര്‍ സ്‌പെഷാലിറ്റി സെന്ററായ സഹകരണ ഹൃദയാലയത്തെ തകര്‍ക്കാനുള്ള നിക്ഷിപ്ത താത്പര്യക്കാരുടെ നീക്കം തിരിച്ചറിയണമെന്നും ആശുപത്രി എം.ഡി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
സ്റ്റെന്റിന്റെ വിലയും ശസ്ത്രക്രിയ ചെലവുകള്‍ക്കും പുറമെ 20,000 രൂപയിലധികം അനുബന്ധ ചെലവെന്ന പേരില്‍ ആശുപത്രി അധികൃതര്‍ വാങ്ങുന്നുവെന്ന് പരാതി ഉര്‍ന്നിരുന്നു. പ്രതിഷേധവുമായി മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ് ഉള്‍പ്പടെ സംഘടനകള്‍ മുന്നോട്ടു വന്നിരുന്നു. പരിയാരം മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനങ്ങള്‍ വിജിലന്‍സ് അന്വേഷണത്തിന് വിധേയമാക്കണമെന്നും പാവപ്പെട്ടവരെ കൊള്ളയടിക്കുന്ന സമീപനം സ്വീകരിച്ച ഭരണസമിതിയുടെ തീരുമാനത്തോട് സി.പി.എം നിലപാട് വ്യക്തമാക്കണമെന്നും ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി പ്രസ്താവനയിറക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."