ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് പുനഃസ്ഥാപിക്കാത്തത് സര്‍ക്കാരിന്റെ അനാസ്ഥ: ഉമ്മന്‍ചാണ്ടി
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് പുനഃസ്ഥാപിക്കാത്തതിനു കാരണം സര്‍ക്കാര്‍ അനാസ്ഥയാണെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കരിപ്പൂരില്‍ നടന്ന മലബാര്‍ മേഖലയിലെ യു.ഡി.എഫ് ജനപ്രതിനിധികളുടെ ഉപവാസ സമരത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഹജ്ജ് തീര്‍ത്ഥാടകരുള്ളത് മലബാര്‍ മേഖലയില്‍നിന്നാണ്. റണ്‍വേ നവീകരണത്തിന്റെ പേരുപറഞ്ഞായിരുന്നു ഹജ്ജ് സര്‍വിസ് ഇവിടെനിന്നു മാറ്റിയത്. എന്നാല്‍, റണ്‍വേ ബലപ്പെടുത്തല്‍ പൂര്‍ത്തിയായിട്ടും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചിട്ടും കരിപ്പൂരിനെ തഴയുന്നതു ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെക്കാള്‍ കുറഞ്ഞ ഹജ്ജ് യാത്രക്കാരുള്ള പല സംസ്ഥാനങ്ങളിലും രണ്ടു വിമാനത്താവളങ്ങളില്‍ ഹജ്ജ് എംബാര്‍കേഷന്‍ പോയിന്റുണ്ട്. അതൊക്കെ കരിപ്പൂരിനെക്കാള്‍ സൗകര്യം കുറഞ്ഞ വിമാനത്താവളങ്ങളാണ്. കരിപ്പൂരില്‍നിന്നു ഹജ്ജ് സര്‍വിസ് പുനരാരംഭിക്കാന്‍ കൂട്ടായ ശ്രമങ്ങള്‍ വേണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
എം.പിമാരും എം.എല്‍.എമാരും വിമാനത്താവള റോഡ് നുഹ്മാന്‍ ജങ്ഷനില്‍ തീര്‍ത്ത പ്രതിഷേധ സംഗമത്തിന് തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എത്തിയിരുന്നു. സമരം സംസ്ഥാനതലത്തിലും ദേശീയ തലത്തിലും വ്യാപിപ്പിക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി അടുത്ത മാസം പാര്‍ലമെന്റിലും വിഷയം എം.പിമാര്‍ ഉന്നയിക്കും. നിയമസഭയിലും പ്രശ്‌നം ചര്‍ച്ചയ്ക്കു വിധേയമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."