അത്തോളി നിക്ഷേപ തട്ടിപ്പ്: നിക്ഷേപ തുകയുടെ കണക്കെടുപ്പ് നടത്താന്‍ തീരുമാനം
അത്തോളി: അത്തോളി പോസ്റ്റ് ഓഫിസില്‍ ആര്‍.ഡി അക്കൗണ്ടില്‍ നിന്ന് 50 ലക്ഷത്തിലധികം രൂപയുടെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് 15 ദിവസത്തിനുള്ളില്‍ നിക്ഷേപതുക സംബന്ധിച്ച് കണക്കെടുപ്പ് നടത്താന്‍ തീരുമാനം. നിക്ഷേപ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും നിക്ഷേപകരും ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണു തീരുമാനം.
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലായിരുന്നു ചര്‍ച്ച. നിക്ഷേപകര്‍ ഉന്നയിച്ച പല കാര്യങ്ങള്‍ക്കും മറുപടി പറയാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കാതെ വന്നെങ്കിലും അന്വേഷണത്തിനുശേഷം തുടര്‍നടപടിയെടുക്കാനാണു നീക്കം.
കൊയിലാണ്ടി സബ് ഡിവിഷന്‍ പോസ്റ്റല്‍ ഇന്‍സ്‌പെക്ടര്‍ സുബിന്‍ വത്സലന്‍, ബി.ഡി.ഒ മുഹമ്മദ് മുഹ്‌സിന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് വി. പ്രതിഭ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച.
വാര്‍ഡ് അംഗം സി.കെ റിജേഷ് , ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ കൊല്ലോത്ത് ഗോപാലന്‍, കെ.കെ അഷ്‌റഫ്, നാലുപുരക്കല്‍ സന്ദീപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തട്ടിപ്പിനിരയായ സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ ചര്‍ച്ചയ്‌ക്കെത്തിയത്.
ഏജന്റായിരുന്ന അത്തോളി വയക്കല്‍ സ്വദേശിനിയായ യുവതി ഇക്കഴിഞ്ഞ നവംബര്‍ 15ന് ആത്മഹത്യ ചെയ്തതോടെയാണു തട്ടിപ്പുവിവരം നിക്ഷേപകര്‍ പുറത്തറിയുന്നത്. ഇവര്‍ക്ക് പോസ്റ്റ് മാസ്റ്ററും പുറത്തുള്ള ചിലരും പണം തട്ടിപ്പ് നടത്താന്‍ ഒത്താശ ചെയ്‌തെന്നാണു തട്ടിപ്പിനിരയായവരുടെ ആക്ഷേപം.
തട്ടിപ്പ് കാലഘട്ടത്തില്‍ അത്തോളി പോസ്റ്റ് മാസ്റ്ററായിരുന്ന കെ.കെ മനോജിനെ വിളിച്ചുവരുത്തിയായിരുന്നു ചര്‍ച്ച. ഇയാളെ നിക്ഷേപകര്‍ തടഞ്ഞിട്ട് പണം ആവശ്യപ്പെട്ടത് സംഘര്‍ഷത്തിനിടയാക്കി.
സംഘര്‍ഷ സമയത്തു നിക്ഷേപകരുടെ കണ്ണുവെട്ടിച്ച് ഇയാള്‍ ഓടി പോസ്റ്റല്‍ ഇന്‍സ്‌പെക്ടറുടെ ജീപ്പില്‍ കയറി രക്ഷപ്പെടുകയായിരുന്നു. മനോജ് ഇപ്പോള്‍ പയ്യോളി പോസ്റ്റ് ഓഫിസിലേക്ക് സ്ഥലം മാറ്റപ്പെട്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."