ലിനിയുടെ ഓര്‍മയില്‍ റിതുലും സിദ്ധാര്‍ഥും
കോഴിക്കോട്: അച്ഛന്റെ ഇരുവശത്തും കൈകള്‍ ചേര്‍ത്തുപിടിച്ച് റിതുലും സിദ്ധാര്‍ഥും നടന്നുവരുമ്പോള്‍ എല്ലാവരുടെയും ശ്രദ്ധ അവരിലേക്കായിരുന്നു. നിഷ്‌കളങ്കമായ കണ്ണുകള്‍ കണ്ട് സദസിലെ ചിലര്‍ കണ്ണുതുടച്ചു. മറ്റു ചിലര്‍ നിപാ ഭീതിയുടെ ഓര്‍മകളിലേക്ക് മയങ്ങിവീണു. അമ്മ ഇനി വരില്ലെന്നറിയാതെ ഇരുവരും വേദിയില്‍ അതിഥികള്‍ക്കായി തയാറാക്കിയ ഇരിപ്പിടത്തില്‍ അച്ഛനോടൊപ്പം ഇരിക്കുമ്പോഴും സദസ്യരുടെ മാനസിക നിലയില്‍ മാറ്റമില്ലായിരുന്നു....
പൊലിസ് ക്ലബ് ഹാളില്‍ ഡോ. ബി. പദ്മകുമാര്‍ എഴുതിയ 'നിപ അറിയേണ്ടതെല്ലാം' പുസ്തകപ്രകാശന ചടങ്ങില്‍ പുസ്തകം ഏറ്റുവാങ്ങാനെത്തിയ നിപാ ബാധിച്ച് മരിച്ച ലിനിയുടെ മക്കളിലേക്കായിരുന്നു സദസ്യരുടെ ശ്രദ്ധ.
എഴുത്തുകാരന്‍ കെ.പി രാമനുണ്ണി പുസ്തകം പ്രകാശനം ചെയ്തു. നിപ, പ്രളയസമയങ്ങളില്‍ അതിജീവനത്തിന്റെ വലിയ മാതൃക സൃഷ്ടിച്ചവരാണ് മലയാളികളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
നിപാ രോഗത്തെ അതിജീവിച്ച നഴ്‌സിങ് വിദ്യാര്‍ഥിനി അജന്യ തന്റെ അനുഭവങ്ങള്‍ ചടങ്ങില്‍ പങ്കുവച്ചു. എന്‍. ജയകൃഷ്ണന്‍ അധ്യക്ഷനായി. ഡോ. എ.എസ് അനൂപ് കുമാര്‍ പുസ്തകം പരിചയപ്പെടുത്തി. കെ.ജി സജിത് കുമാര്‍, ഡോ. പി.ആര്‍ വിജയറാം, പങ്കജാക്ഷി കല്ലിക്കോടന്‍, എം.പി ബീന, ഗ്രന്ഥകര്‍ത്താവ് ബി. പദ്മകുമാര്‍ സംസാരിച്ചു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."