ആയിശുമ്മയും കുഞ്ഞാണിയും സ്‌നേഹം വിരുന്നൂട്ടിയ നോമ്പുകാലം
അയല്‍പക്കത്തെ കൂട്ടുകാരന്‍ കുഞ്ഞാണി വാങ്ങിത്തന്ന തരിക്കഞ്ഞിയാണ് എന്റെ നോമ്പുതുറ വിരുന്നിലെ ആദ്യത്തേത്. വീടിനടുത്തെ മാന്തടം അങ്ങാടിയിലെ കുഞ്ഞനിക്കയുടെ പെട്ടിക്കടയില്‍ നിന്നായിരുന്നു അത്. വൈകുന്നേരം ജോലി മതിയാക്കിയെത്തുന്നവര്‍ ബാങ്ക് കൊടുത്താല്‍ ഇവിടെ നിന്നാണു നോമ്പുതുറക്കാറുളളത്. പത്തു പൈസക്ക് ഒരു വലിയ ഗ്ലാസ് തരിക്കഞ്ഞി കിട്ടും. ഒന്നര നാഴിക അകലെയുള്ള പെരുമുക്കു ജുമുഅത്ത് പള്ളിയില്‍ നിന്നു ബാങ്ക് വിളി കാത്തിരിക്കും. മൈക്ക് ഒന്നും വ്യാപകമല്ലാത്ത ആ കാലമായിരുന്നു അത്. കുഞ്ഞനിക്കയുടെ പീടികയിലെ തരിക്കഞ്ഞി കുടിച്ചു നോമ്പുതുറന്നാണു മടക്കം. ഈര്‍ച്ചപ്പണിക്കാരായ മൊയ്തുണ്ണിക്കയും അബൂബക്കര്‍ക്കയുമെല്ലാം ഇവിടെ സ്ഥിരമായെത്തും. അന്നു ഹോട്ടല്‍പണിക്കു പോവുകയായിരുന്ന കൂട്ടുകാരന്‍ കുഞ്ഞാണിയും പലപ്പോഴും ഒപ്പമുണ്ടാകും മാന്തടത്തെ കടയിലെ ആ നോമ്പുതുറക്ക്.
ഉരുളില്‍ വറവിട്ടു പാകപ്പെടുത്തിയ തരിക്കഞ്ഞിയുടെ മണം ഇന്നും മനസിലുണ്ട്. തരിക്കഞ്ഞി കുടിക്കാനുള്ള എന്റെ മോഹം കണ്ടറിഞ്ഞാവണം ഒരു ദിവസം കുഞ്ഞാണി തന്നെയാണു കുഞ്ഞനിക്കയുടെ കടയില്‍ നിന്നും എനിക്കും ആദ്യം തരിക്കഞ്ഞി സല്‍ക്കരിച്ചത്. അന്നു പതിനൊന്നു വയസാണ് എനിക്കും കുഞ്ഞാണിക്കും പ്രായം. സ്‌കൂള്‍ പഠനം മതിയാക്കി ജോലിക്കു പോയപ്പോള്‍ കിട്ടിയ ചെറിയ വേതനത്തില്‍ നിന്നാണ് ആ തരിക്കഞ്ഞിക്കുള്ള പണം നല്‍കിയത്.
ഞങ്ങളുടെ അയല്‍പക്കത്തു മുസ്‌ലിം കുടുംബങ്ങളാണുള്ളത്. പടിഞ്ഞാറും കിഴക്കുമായി ആയിശുമ്മത്തയും ഐസീവി എന്നു വിളിക്കുന്ന ആയിശ ബീവിത്തയും താമസിക്കുന്നു. ആയിശുമ്മത്തയുടെ മകളായ ബീവിഉമ്മയുടെ മോനായ കുഞ്ഞാണിയും ഐസീവിത്തയുടെ മകന്‍ അബ്ദുല്ലക്കുട്ടിയും ഞാനും സമപ്രായക്കാരാണ്. കൂട്ടുകാരെല്ലാം ഇറച്ചിയും പത്തിരിയും കഴിച്ചു നോമ്പുതുറക്കുന്ന കഥ പറയും. നമ്പൂതിരി കുടുംബമായ ഞങ്ങളുടെ വീട്ടില്‍ മല്‍സ്യമാംസാദികള്‍ ഉപയോഗിക്കാറേയില്ല. ഇറച്ചീം പത്തീരിയും കഴിക്കാനുളള മോഹം ഞാന്‍ അമ്മയോടു പറഞ്ഞു. എന്റെ പൂതിയെങ്ങനെയോ അറിഞ്ഞ ആയിശുമ്മ ഒരു സന്ധ്യക്കു തട്ടം കൊണ്ടു മറച്ചു പിടിച്ച ഒരു പിഞ്ഞാണത്തില്‍ പത്തിരിയും ആവിപറക്കുന്ന ഇറച്ചിക്കറിയും കൊണ്ടുവന്നു. 'ങ്ങള് കയിക്കണ്ട കല്യാണ്യമ്മേ, കുട്ട്യോള്‍ക്കുകൊടുത്തോളീന്‍' ആയിശുമ്മ തരുന്നതൊന്നും വിഷമയമല്ലെന്നു എന്റെ മുത്തശ്ശി കല്യാണിയമ്മക്കും ഉറപ്പായിരുന്നു. അതുകൊണ്ടു തന്നെ,ആരു ബീഫ് നിരോധിച്ചാലും അതെനിക്കു ബാധകവുമാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."