വാര്‍ഡ് വിഭജനത്തിലെ പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ നിയമോപദേശം തേടും
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി വാര്‍ഡ് വിഭജനം നടത്താനുള്ള നീക്കം പ്രതിസന്ധിയിലായത് മറികടക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങി. പിണറായി വിജയന് മന്ത്രിമാരുമായി വിഷയം ചര്‍ച്ച ചെയ്യും. കൂടാതെ, വിഷയത്തില്‍ നിയമോപദേശം തേടാനും ആലോചിക്കുന്നുണ്ട്.
വാര്‍ഡ് വിഭജനത്തിനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടാതിരുന്നതോടെയാണ് സര്‍ക്കാര്‍ നീക്കം പ്രതിസന്ധിയിലായത്. വാര്‍ഡ് വിഭജനം സംബന്ധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സര്‍ക്കാരിനോട് രണ്ടാമതും വിശദീകരണം തേടിയിരിക്കുകയാണ്. ഈ മാസം 30 ന് വീണ്ടും നിയമസഭ ചേരാനിരിക്കെ എന്തിനാണ് ധൃതി പിടിച്ച് ഓര്‍ഡിനന്‍സ് ഇറക്കുന്നതെന്നും, നിയമസഭയെ മറികടക്കാന്‍ ശ്രമിക്കുന്നത് എന്തിനെന്നുമാണ് ഗവര്‍ണര്‍ ചോദിക്കുന്നത്.
വാര്‍ഡ് വിഭജനത്തിനെതിരെ പ്രതിപക്ഷനേതാവ് പരാതി നല്‍കിയിരുന്നു. വാര്‍ഡ് വിഭജനം നടത്തുമ്പോള്‍ വാര്‍ഡ് നമ്പര്‍ അടക്കം മാറുമെന്നും, അത് ജനങ്ങള്‍ക്ക് വീണ്ടും ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. എന്നാല്‍ പ്രതിപക്ഷത്തിന്റെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണ് സര്‍ക്കാര്‍ ഗവര്‍ണറെ അറിയിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."