രണ്ട് വര്‍ഷത്തിനിടെ ജില്ലയില്‍ 14,731 സൗജന്യ പാചകവാതക കണക്ഷനുകള്‍ നല്‍കി
കല്‍പ്പറ്റ: പ്രധാനമന്ത്രി ഉജ്വല പദ്ധതിയില്‍ വയനാട്ടില്‍ 14,731 കണക്ഷന്‍ നല്‍കിയതായി ജില്ലാ സപ്ലൈ ഓഫിസര്‍ കെ.വി പ്രഭാകരന്‍.
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ 5,730-ഉം ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ 2,160-ഉം ഭാരത് പെട്രോളിയം കോര്‍പറേഷന്‍ 6,841-ഉം കണക്ഷനാണ് നല്‍കിയത്. ജില്ലയില്‍ നിലവില്‍ 190,381 എല്‍.പി.ജി ഉപഭോക്താക്കളുണ്ട്. ജില്ലയിലെ കുടുംബങ്ങളില്‍ 87.23 ശതമാനത്തിലും പാചക വാതക കണക്ഷന്‍ ഉണ്ട്. 2016 ഏപ്രിലില്‍ ഇത് 78 ശതമാനമായിരുന്നു. സോഷ്യോ-ഇക്കണോമിക്-കാസ്റ്റ് സെന്‍സസില്‍ ഉള്‍പ്പെടാത്ത വിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്കും ഉജ്വല പദ്ധതിയില്‍ ഗ്യാസ് കണക്ഷന്‍ നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. സെന്‍സസില്‍ ഉള്‍പ്പെടാത്ത ബി.പി.എല്‍ പട്ടികയിലുള്ള കുടുംബങ്ങള്‍ക്കു പഞ്ചായത്ത്-ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം സഹിതം കണക്ഷനു അപേക്ഷിക്കാം.
പട്ടികജാതി-വര്‍ഗ കുടുംബങ്ങള്‍, പ്രധാനമന്ത്രി ആവാസ് യോജന ഗുണഭോക്താക്കള്‍, അന്ത്യോദയ അന്നയോജന ഗുണഭോക്താക്കള്‍, വനങ്ങളില്‍ താമസിക്കുന്ന ജനവിഭാഗങ്ങള്‍, അതിപിന്നോക്ക വിഭാഗങ്ങള്‍, തേയിലത്തോട്ടങ്ങളിലെയും മുന്‍ തേയിലത്തോട്ടങ്ങളിലെയും പട്ടികവര്‍ഗക്കാര്‍, ദ്വീപുകളിലും തുരുത്തുകളിലും താമസിക്കുന്നവര്‍ എന്നിവര്‍ക്കായിരുന്നു നേരത്തേ ഉജ്വല പദ്ധതിയില്‍ കണക്ഷന് അര്‍ഹത.
സ്വന്തമായി ഗ്യാസ് സ്റ്റൗ വാങ്ങാന്‍ ശേഷിയില്ലാത്ത കുടുംബങ്ങള്‍ക്ക് ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികള്‍ വായ്പാസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ ഉജ്വല ഗുണഭോക്താക്കളില്‍ 34 ശതമാനവും സിലിണ്ടറുകള്‍ ഗ്യാസ് തീരുന്ന മുറയ്ക്ക് നിറയ്ക്കുന്നുണ്ട്. ജില്ലയില്‍ പദ്ധതി ഉപയോഗപ്പെടുത്താത്തതില്‍ അധികവും പട്ടികവര്‍ഗ കുടുംബങ്ങളാണ്. ഇവര്‍ക്കിടയില്‍ ബോധവല്‍ക്കരണം ആവശ്യമാണെന്നും സപ്ലൈ ഓഫിസര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."