ബാര്‍ മുതലാളിമാര്‍ വീട് കയറി അക്രമിച്ചെന്ന് പരാതി, മാധ്യമ പ്രവര്ത്തകന് പരുക്ക്
കായംകുളം:വാര്‍ത്ത നല്‍കിയതിന്റെ വൈരാഗ്യത്തില്‍ ബാര്‍ ഹോട്ടല്‍ മുതലാളിമാര്‍ വീട് കയറി നടത്തിയ അക്രമണത്തില്‍ മാധ്യമ പ്രവര്ത്തകന് പരുക്ക്. മാധ്യമം മാവേലിക്കര ലേഖകനും കറ്റാനം മീഡിയ സെന്റര്‍ സെക്രട്ടറിയുമായ സുധീര്‍ കട്ടച്ചിറയെയാണ് (45) മര്‍ദ്ദിച്ചത്.
ബുധനാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. വീടിന് മുന്നിലേക്ക് അതിക്രമിച്ച് കയറിയ രണ്ടംഗ സംഘമാണ് മര്‍ദ്ദിച്ചതെന്ന് സുധീര്‍ പൊലീസിന് മൊഴി നല്കി. കട്ടച്ചിറ കൈലാസം വീടിന് മുന്നിലെത്തിയ സംഘം ഗേറ്റിനരികിലേക്ക് വിളിച്ചുവരുത്തിയാണ് തലക്ക് കമ്പിവടികൊണ്ട് അടിച്ചത്. ഒഴിഞ്ഞുമാറിയതിനാലാണ് കൂടുതല്‍ അക്രമത്തില്‍ നിന്നും രക്ഷപ്പെട്ടത്. വീടിന് നേരെ കല്ലുകള്‍ എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് സംഘം മടങ്ങിയത്.
സമീപവാസികളായ സുനില്‍കുമാര്‍, രതീഷ് എന്നിവരാണ് അക്രമം നടത്തിയതെന്ന് സുധീര്‍ പറഞ്ഞു. പ്രതികള്‍ക്കെതിരെ പത്രങ്ങളില്‍ വാര്‍ത്ത വന്നതിലെ വൈരാഗ്യമാണ് അക്രമണ കാരണമെന്ന് സംശയിക്കുന്നു. പ്രതികളിലൊരാള്‍ ഭരണിക്കാവ് വില്ലേജ് ഓഫീസറെ ഓഫീസില്‍ കയറി അധിക്ഷേപിച്ചത് സംബന്ധിച്ചായിരുന്നു വാര്‍ത്ത. കൂടാതെ നിലനികത്തലും മറ്റ് വിഷയങ്ങളും വാര്‍ത്തയായിരുന്നു. ഇതും പ്രകോപനത്തിന് കാരണമായതായി സംശയിക്കുന്നു. പരിക്കേറ്റ സുധീറിനെ കായംകുളം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."