എടപ്പാള്‍ ഗവ. ആശുപത്രിയില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കും
എടപ്പാള്‍: ഗവ. ആശുപത്രിയില്‍ ഉടന്‍ ഒരു ഡോക്ടറെ നിയമിക്കാനും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാനും മന്ത്രി കെ.ടി ജലീലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. ഡോക്ടര്‍മാരും ജീവനക്കാരുമില്ലാത്തതിനെ തുടര്‍ന്ന് പ്രര്‍ത്തനം തടസപ്പെടുകയും ജനങ്ങളുടെയും സംഘടനകളുടെയും പ്രതിഷേധത്തിന് കാരണമാകുകയും ചെയ്തതിനെ തുടര്‍ന്നാണ് പ്രശ്‌ന പരിഹാരത്തിന് നടപടികള്‍ സ്വീകരിക്കുന്നതിനായി മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്.
എന്‍.ആര്‍.എച്ച്.എം പദ്ധതി പ്രകാരം ഒരു ഡോക്ടറെ നിയമിക്കാനും ഈ ഡോക്ടര്‍ക്ക് മെഡിക്കല്‍ ഓഫിസറുടെ ചുമതല നല്‍കാനും തീരുമാനിച്ചു. പുതിയ ഡോക്ടര്‍ ചുമതല ഏല്‍ക്കുന്നതോടെ നിലവിലെ ഡോക്ടര്‍ ലക്ഷ്മിക്ക് ഗൈനക്കോളജിയുടെ ചുമതല നല്‍കും. ജില്ലയില്‍ തന്നെ ഏറ്റവുമധികം പ്രസവം നടന്നിരുന്ന എടപ്പാള്‍ ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗത്തില്‍ ഡോക്ടറില്ലാത്തതും പ്രതിഷേധത്തിനിടയാക്കിയിരുന്നു. പുതിയ ഡോക്ടര്‍ എത്തുന്നതോടെ ഈ പരാതിക്കും പരിഹാരമാകും. ഇതിന് പുറമെ ആശുപത്രിയില്‍ ഒഴിവുള്ള മറ്റ് പോസ്റ്റുകളും ഉടന്‍ നികത്തും. യോഗം മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ലക്ഷ്മി അധ്യക്ഷയായി. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് അഡ്വ. പി.പി മോഹന്‍ദാസ്, എടപ്പാള്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി ബിജോയ്, ഡി.എം.ഒ ഡോ. സക്കീന, എന്‍ ഷീജ, ബാലന്‍ മാസ്റ്റര്‍, പി ലീല, എന്‍.എ നവാബ്, നവാസ് അയിലക്കാട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."