റമദാനിലെ ആദ്യ വെള്ളിയാഴ്ചയുടെ പുണ്യം നുകര്‍ന്ന് വിശ്വാസികള്‍
കോഴിക്കോട്: വിശുദ്ധ റമദാനിലെ ആദ്യ വെള്ളിയാഴ്ചയുടെ പുണ്യം നുകര്‍ന്നു വിശ്വാസികള്‍. പുണ്യ മാസത്തിലെ ആദ്യ ജുമുഅ ദിനമായ ഇന്നലെ പള്ളികള്‍ വിശ്വാസികളെ കൊണ്ടു നിറഞ്ഞുകവിഞ്ഞു. കനത്ത മഴയിലും നഗരത്തിലെ പ്രധാന പള്ളികളിലെല്ലാം ഇന്നലെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
ഇസ്‌ലാമിക് സെന്റര്‍ മസ്ജിദ്, ജില്ലാ പള്ളി, നടക്കാവ് ജുമാ മസ്ജിദ്, ഇടിയങ്ങര ശൈഖ് പള്ളി, ബീച്ച് റോഡിലെ മൂന്നാലിങ്ങല്‍ ജുമാ മസ്ജിദ്, പുഴവക്കത്തെ പള്ളി, അരയിടത്തുപാലം പള്ളി, സ്റ്റേഡിയം മസ്ജിദ്, പാളയം മൊയ്തീന്‍ പള്ളി, പട്ടാളപ്പള്ളി, ലുഅ്‌ലുഅ് മസ്ജിദ്, മര്‍കസ് കോംപ്ലക്‌സ് മസ്ജിദ്, പന്നിയങ്കര ജുമാ മസ്ജിദ്, പുതിയപാലം ജുമാ മസ്ജിദ് എന്നിവിടങ്ങളെല്ലാം ജനനിബിഡമായി. ജുമുഅ നിസ്‌കാരത്തിന് ബാങ്ക് മുഴങ്ങുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പെ പലരും പള്ളികളിലെത്തി ഇരിപ്പിടം ഉറപ്പിച്ചു.
നേരത്തെ പള്ളികളിലെത്തിയവര്‍ പരമാവധി പുണ്യം നേടിയെടുക്കാനായി ഖുര്‍ആന്‍ പാരായണത്തിലും പ്രാര്‍ഥനകളിലും മുഴുകി. വിശ്വാസികള്‍ക്ക് അനുഗ്രഹമായി വന്നെത്തിയ റമദാനില്‍ സ്രഷ്ടാവിലേക്കു കൂടുതല്‍ അടുക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കണമെന്ന് ഖതീബുമാര്‍ ഉല്‍ബോധിപ്പിച്ചു. തിരക്ക് കണക്കിലെടുത്തു പല പള്ളികളിലും സൗകര്യം വര്‍ധിപ്പിച്ചിരുന്നെങ്കിലും കൂടുതല്‍ പേര്‍ എത്തിയതോടെ താല്‍ക്കാലിക സൗകര്യങ്ങള്‍ ഒരുക്കി. ഇതും മതിയാവാതെ വന്നപ്പോള്‍ നിസ്‌കാരത്തിന്റെ നിര പള്ളിക്കു പുറത്തേക്ക് റോഡുകളിലേക്കും നീണ്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."