ദേവീന്ദര്‍ സിങ്ങിന് പിന്നിലുള്ളവരെ കണ്ടെത്തണം
ഹിസ്ബുല്‍ ഭീകരര്‍ക്കൊപ്പം പിടിയിലായ ഡിവൈ.എസ്.പി ദേവീന്ദര്‍ സിങ്ങിനെ പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്‌തെന്ന് ജമ്മുകശ്മിര്‍ പൊലിസ് മേധാവി ദില്‍ബാഗ് സിങ് കഴിഞ്ഞ ദിവസം അറിയിച്ചു. ഹിസ്ബുല്‍ ഭീകരര്‍ക്കൊപ്പം ഡല്‍ഹിയിലേക്കുള്ള കാര്‍ യാത്രയില്‍ കശ്മിരില്‍വച്ചാണ് ദേവീന്ദര്‍ സിങ്ങിനെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നത്. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ ആക്രമണം നടത്താന്‍ ഭീകരവാദികളെ സിങ്ങിന്റെ സഹായത്തോടെ കൊണ്ടുപോവുകയായിരുന്നുവെന്ന് സംശയമുണ്ട്. ഇതിന് പ്രതിഫലമായി ഭീകരവാദികളില്‍നിന്ന് 15 ലക്ഷം രൂപ കൈക്കൂലി വാങ്ങിയിരുന്നു. കൂടാതെ ഇദ്ദേഹത്തിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നിരവധി ആയുധങ്ങളും കണ്ടെത്തിയിരുന്നു.
ദേവീന്ദര്‍ സിങ്ങിന് നല്‍കിയിരുന്ന പൊലിസ് മെഡല്‍ തിരിച്ചുവാങ്ങുന്നതിലൂടെയോ ജോലിയില്‍ നിന്നു പിരിച്ചുവിട്ടതു കൊണ്ടോ തീരുമോ ഈ പ്രശ്‌നം? വെറും പതിനഞ്ച് ലക്ഷം രൂപക്ക് ഇത്രമേല്‍ റിസ്‌ക്ക് പിടിച്ച ഒരു ദൗത്യത്തിന് ദേവീന്ദര്‍ സിങ് മുതിരുമെന്ന് തോന്നുന്നില്ല. നിഗൂഢതകളുടെ അറ്റമാണ് ദേവീന്ദര്‍ സിങ് എന്ന ആരോപണം ഇതിനകം വിവിധ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ ഉന്നയിച്ച് കഴിഞ്ഞു. ഇദ്ദേഹത്തിന് പിന്നിലുള്ളവരെ കണ്ടെത്തേണ്ടിയിരിക്കുന്നു. ഈയൊരു കുറ്റം ഒരു ദേവീന്ദര്‍ ഖാനായിരുന്നു നടത്തിയിരുന്നതെങ്കില്‍ ഇതായിരിക്കുമോ ഇന്നത്തെ ഇന്ത്യയുടെ അവസ്ഥയെന്ന് പ്രമുഖ രാഷ്ട്രീയ നേതാവ് ചോദിച്ചത് ഈ സന്ദര്‍ഭത്തില്‍ പ്രസക്തമാണ്.
ഇന്ത്യയിലെ മുസ്‌ലിംകളുടെ രാജ്യസ്‌നേഹം അളക്കുന്ന കപട രാജ്യസ്‌നേഹികളുടെയും വ്യാജ ദേശീയ വാദികളുടെയും മുഖം മൂടി അഴിഞ്ഞ് വീഴും ദേവീന്ദര്‍ സിങ്ങിനെ വേണ്ട വിധത്തില്‍ ചോദ്യം ചെയ്താല്‍. എന്നാല്‍ വളരെ നിസാരമായി സമീപിച്ച് ഈ വിഷയം തമസ്‌കരിക്കാനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ദേശസ്‌നേഹത്തിന്റെ കുത്തക ഏറ്റെടുത്ത് രാജ്യരക്ഷയുടെ ഉത്തരവാദിത്വത്തിന്റെ ഭാരം തലയിലേറ്റി അതേപറ്റി നാഴികക്ക് നാല്‍പത് വട്ടം വാതോരാതെ സംസാരിക്കുന്ന ആഭ്യന്തര മന്ത്രി അമിത് ഷാക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഈ വിഷയത്തില്‍ ഒന്നും പ്രതികരിക്കാനില്ല എന്നത് അത്ഭുതകരം തന്നെ.
കശ്മിര്‍ താഴ്‌വരയിലെ സ്‌പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പില്‍ ദീര്‍ഘകാലം സേവനം അനുഷ്ഠിച്ച വ്യക്തിയാണ് ദേവീന്ദര്‍ സിങ് എന്നതും അയാളുടെ അറസ്റ്റിനെക്കുറിച്ച് കേന്ദ്ര ഭരണകൂടവും ബി.ജെ.പി നേതൃത്വവും മൗനം തുടരുന്നതും ദുരൂഹത ഉളവാക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ നിന്ന് വേണം പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ച് പുനരന്വേഷണം വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തെ കാണാന്‍. 2001ലെ പാര്‍ലമെന്റ് ആക്രമണവും ദുരൂഹതയിലായിരുന്നു അവസാനിച്ചത്. പാര്‍ലമെന്റ് ആക്രമണക്കേസില്‍ തന്നെ കുടുക്കിയത് ദേവീന്ദര്‍ സിങ് ആയിരുന്നുവെന്ന, 2013ല്‍ തൂക്കിലേറ്റപ്പെടുന്നതിന് മുമ്പുള്ള അഫ്‌സല്‍ ഗുരുവിന്റെ വെളിപ്പെടുത്തല്‍ തെളിവില്ലെന്ന് പറഞ്ഞ് തള്ളിപ്പോവുകയായിരുന്നു. പാര്‍ലമെന്റ് ആക്രമിക്കാന്‍ വരുന്നവര്‍ക്ക് ഒപ്പം ഡല്‍ഹിയില്‍ പോകാനും അവര്‍ക്ക് താമസ സൗകര്യം ഒരുക്കിക്കൊടുക്കാനും ആവശ്യപ്പെട്ടുകൊണ്ടുള്ള ദേവീന്ദര്‍ സിങ്ങിന്റെ കത്തിലെ ഉള്ളടക്കം അഫ്‌സല്‍ ഗുരു വെളിപ്പെടുത്തിയിട്ടും അന്വേഷണം പോലും ഉണ്ടായില്ല.
രാജ്യത്തിന് വേണ്ടി മുപ്പത് വര്‍ഷം പട്ടാള സേവനം നടത്തിയ, കാര്‍ഗില്‍ യുദ്ധത്തില്‍ പാകിസ്താനെതിരേ പോരാടിയ സനാഉല്ല എന്ന ഇന്ത്യന്‍ സൈനികന്‍ ഇന്ന് പൗരത്വ പട്ടികക്ക് പുറത്താണ്. ആ നേരത്താണ് യാതൊരു പ്രയാസവുമില്ലാതെ ദേവീന്ദര്‍ സിങ് ഇന്ത്യയെ ഒറ്റിക്കൊടുത്തുകൊണ്ടിരുന്നത്. സൈനിക കേന്ദ്രത്തിനരികെ താമസമാക്കി ഭീകര തലവനെ വീട്ടില്‍ പാര്‍പ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത് എല്ലാവരുടെയും കണ്ണ് വെട്ടിച്ചായിരുന്നു എന്ന് വിശ്വസിക്കുവാന്‍ പ്രയാസമുണ്ട്.
വെറുമൊരു ഡെപ്യൂട്ടി കമ്മിഷണര്‍ മാത്രമായിരുന്നില്ല ദേവീന്ദര്‍ സിങ്. തന്ത്രപ്രധാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളുമായിരുന്നു. അതീവ സുരക്ഷാ മേഖലയിലുള്ള പുല്‍വാമ സൈനിക കേന്ദ്രത്തിന് നേരെ യാതൊരു ചെറുത്ത് നില്‍പും ഇല്ലാതെ ഭീകരര്‍ക്ക് നിഷ്പ്രയാസം ആക്രമിക്കാന്‍ കഴിഞ്ഞുവെങ്കില്‍ ദേവീന്ദര്‍ സിങ്ങിന്റെ സഹായം ഭീകരര്‍ക്ക് കിട്ടിക്കാണുകയില്ലേ? ഇതേ കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് ഉയര്‍ത്തുമ്പോള്‍ ബി.ജെ.പി സര്‍ക്കാര്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ്.
രാജ്യസ്‌നേഹത്തിന്റെ മൊത്തവ്യാപാരികള്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ പാഴാക്കാറില്ലല്ലോ. അതേപോലെ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയ പാര്‍ലമെന്റ് ആക്രമണവും ദുരൂഹമായി ഇന്നും തുടരുകയാണ്. കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ച സൈനികരെ അടക്കം ചെയ്യാന്‍ വാങ്ങിയ ശവപ്പെട്ടി കുംഭകോണം വാജ്‌പേയി സര്‍ക്കാരിനെ പിടിച്ചുകുലുക്കിക്കൊണ്ടിരുന്ന അവസരത്തില്‍ ആണ് പാര്‍ലമെന്റ് ആക്രമണം ഉണ്ടായത്. അതോടെ ശവപ്പെട്ടി കുംഭകോണം തമസ്‌കരിക്കപ്പെടുകയും പാര്‍ലമെന്റ് ആക്രമണം ചര്‍ച്ചാ വിഷയമാവുകയും ചെയ്തു. ഈ ആക്രമണം നടത്തിയ ഭീകരര്‍ക്കാണ് സഹായം ചെയ്തുകൊടുക്കാന്‍ ദേവീന്ദര്‍ സിങ് അഫ്‌സല്‍ ഗുരുവിനോടാവശ്യപ്പെട്ടത്.
ഇന്ത്യയില്‍ ബി.ജെ.പി സര്‍ക്കാര്‍ പ്രതിസന്ധിയിലാകുമ്പോഴൊക്കെ അതിര്‍ത്തിയില്‍ ഭീകരാക്രമണം ഉണ്ടാകുന്നത് ഈ പശ്ചാത്തലത്തില്‍ വേണം കാണാന്‍. ഇന്ത്യയില്‍ പൗരത്വ ഭേദഗതിക്കെതിരെയുള്ള സമരം രൂക്ഷമായിക്കൊണ്ടിരിക്കയാണ്. ഇതിനിടെയാണ് സ്‌ഫോടന വസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവയുമായി തീവ്രവാദികള്‍ക്കൊപ്പം ഉന്നത പൊലിസ് ഉദ്യോഗസ്ഥന്‍ പിടിയിലാവുന്നത്. ദേവീന്ദര്‍ സിങ് പിടിയിലായിരുന്നില്ലെങ്കില്‍ രാജ്യത്ത് ഭീകരാക്രമണം ഉണ്ടാകുമായിരുന്നില്ലേ? അതുവഴി ശവപ്പെട്ടി കുംഭകോണം മാഞ്ഞു പോയത് പോലെ പൗരത്വ നിയമത്തിനെതിരെയുള്ള രാജ്യമൊട്ടാകെ പടര്‍ന്നുപിടിക്കുന്ന പ്രതിഷേധ പ്രകടനങ്ങള്‍ നിലച്ചുപോകുകയും ചെയ്യും. അതുകൊണ്ട് ജാഗ്രത പാലിക്കാം. ഭരണകൂട ഭീകരതകള്‍ക്ക് കുട പിടിക്കാന്‍ ഇനിയും ദേവീന്ദ്ര സിങ്ങുമാര്‍ ഉണ്ടായേക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."