സി.പി.എം കേന്ദ്രകമ്മിറ്റി ഇന്നു മുതല്‍ തിരുവനന്തപുരത്ത്; പൗരത്വവിഷയവും തദ്ദേശതെരഞ്ഞെടുപ്പും ചര്‍ച്ചയാകും
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : പൗരത്വം, ജെ.എന്‍.യു വിഷയം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരേ പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിനും വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിനുമായി സി.പി.എമ്മിന്റെ കേന്ദ്രകമ്മിറ്റി യോഗം തിരുവനന്തപുരത്ത് ചേരും.
17 മുതല്‍ 19 വരെയാണ് വിളപ്പില്‍ശാല ഇ.എം.എസ് അക്കാദമിയില്‍ യോഗം നടക്കുന്നത്. ഡല്‍ഹിയില്‍ ചേര്‍ന്ന പൊളിറ്റ് ബ്യൂറോ യോഗത്തിന്റെ തുടര്‍ച്ചയായിട്ടാണ് മൂന്ന് ദിവസത്തെ കേന്ദ്രകമ്മിറ്റിയോഗം ചേരുന്നത്. മൂന്നു വര്‍ഷത്തിനു ശേഷമാണ് തിരുവനന്തപുരത്ത് കേന്ദ്രകമ്മിറ്റിയോഗം നടക്കുന്നതെന്ന പ്രത്യേകതയുണ്ട്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് ഡല്‍ഹിക്കു പുറത്ത് ഡിസംബര്‍ മാസത്തെ കേന്ദ്രകമ്മിറ്റിയോഗം കൂടുന്നത്. സി.പി.എമ്മിന് അധികാരമുള്ള ഏകസംസ്ഥാനത്ത് നടക്കുന്ന കേന്ദ്രകമ്മിറ്റി എന്ന നിലയിലും തിരുവനന്തപുരത്തെ കേന്ദ്രകമ്മിറ്റിക്ക് സവിശേഷതയുണ്ട്. ഡല്‍ഹി സംസ്ഥാന തെരഞ്ഞെടുപ്പും കേരളത്തിലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പും വരാനിരിക്കെ ചേരുന്ന കേന്ദ്രകമ്മിറ്റിയില്‍ സംഘടനാപരമായ അടിത്തറ ശക്തിപ്പെടുത്തുന്നത് ഉള്‍പ്പടെ ചര്‍ച്ചചെയ്യപ്പെടും.
പൗരത്വവിഷയത്തില്‍ മതേതര ജനാധിപത്യ പ്രസ്ഥാനങ്ങളുടെ യോജിച്ച പോരാട്ടത്തിനൊപ്പം പാര്‍ട്ടിയുടെയും അനുബന്ധ ബഹുജനസംഘടനകളുടെയും നേതൃത്വത്തില്‍ ശക്തമായ സമരപരിപാടികളും ക്യാംപയിനുകളും ആവിഷ്‌കരിച്ചു മുന്നോട്ട് പോകണമെന്നതാണ് പാര്‍ട്ടി ലക്ഷ്യംവയ്ക്കുന്നത്. ദേശീയതലത്തില്‍ ബി.ജെ.പിക്കെതിരേ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള കക്ഷികളുമായി യോജിച്ച് വിശാല പ്രതിപക്ഷനിരയായി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ പാര്‍ട്ടിയുടെ നഷ്ടപ്പെട്ട ജനപിന്തുണ ദേശീയതലത്തില്‍ തിരികെ കൊണ്ടുവരാനുള്ള അവസരമായി പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭം കാണണമെന്നാണ് പാര്‍ട്ടിയില്‍ ശക്തമായിരിക്കുന്ന അഭിപ്രായം.
ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും അധികാരത്തില്‍നിന്ന് പുറത്താക്കികൊണ്ടുള്ള തന്ത്രങ്ങള്‍ക്കേ രാഷ്ട്രീയവിജയം കാണാന്‍ കഴിയുകയുള്ളുവെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് വിശാല പ്രതിപക്ഷസഖ്യത്തിനൊപ്പം സി.പി.എം അണിചേരുന്നത്. കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത പ്രതിപക്ഷപാര്‍ട്ടികളുടെ യോഗത്തില്‍ ഇടതുപാര്‍ട്ടികള്‍ പങ്കെടുത്തതും ഈ വിശാല കാഴ്ചപ്പാടിലാണ്. 2020 ഫെബ്രുവരി എട്ടിന് നടക്കുന്ന ഡല്‍ഹി തെരഞ്ഞെടുപ്പും ഈ വര്‍ഷം തന്നെ നടക്കുന്ന ബിഹാര്‍, പുതുച്ചേരി തെരഞ്ഞെടുപ്പിലും സ്വീകരിക്കേണ്ട നീക്കങ്ങളും പാര്‍ട്ടിക്ക് പ്രധാനപ്പെട്ടതാണ്.
സി.പി.എമ്മിന് അധികാരമുള്ള കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന അവഗണനയും നയങ്ങളും നിലപാടുകളും കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ചചെയ്യപ്പെടും. 19 ന് പൗരത്വ നിയമത്തിനെതിരേ റാലിയോട് കുടിയാണ് കേന്ദ്രകമ്മിറ്റി സമാപിക്കുന്നത്. പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ കൊടിയേരി ബാലകൃഷ്ണന്‍ ചികിത്സാര്‍ഥം വിദേശത്തായതിനാല്‍ അദ്ദേഹത്തിന്റെ അസാന്നിധ്യത്തിലാണ് കേന്ദ്രകമ്മിറ്റിയോഗം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."