പൊലിസ് സദാചാരവേട്ട: ഡി.ജി.പി അന്വേഷണത്തിന് ഉത്തരവിട്ടു
തിരുവനന്തപുരം: കനകക്കുന്ന് കൊട്ടാരവളപ്പില്‍ സദാചാര പൊലിസ് ചമഞ്ഞ് യുവാവിനെയും യുവതിയെയും പൊലിസ് അപമാനിച്ച സംഭവത്തില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അന്വേഷണത്തിന് ഉത്തരവിട്ടു. പൊലിസ് നിയമപാലകരാണെന്നും അല്ലാതെ സദാചാര സംരക്ഷകരല്ലെന്നും നടപടി വേദനിപ്പിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഡി.ജി.പി തന്നെയണ് ഇക്കാര്യം അറിയിച്ചത്.
നടക്കാന്‍ പാടില്ലാത്ത സംഭവമാണ് മ്യൂസിയം പരിസരത്ത് നടന്നത്. പൊതു സ്ഥലങ്ങളില്‍ പുരുഷനും സ്ത്രീയും സൗഹൃദങ്ങള്‍ പങ്കുവയ്ക്കുന്നതില്‍ യാതൊരു തെറ്റുമില്ല. അവരെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള നടപടികള്‍ നിയമവിരുദ്ധമാണ്. സംഭവത്തില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെങ്കിലും തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാമിനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡി.ജി.പി അറിയിച്ചു.
ചൊവ്വാഴ്ച കനകക്കുന്ന് കൊട്ടാരവളപ്പില്‍ വിഷ്ണു, ആതിര എന്നിവര്‍ക്കാണ് പൊലിസിന്റെ സദാചാര പൊലിസിങിന് ഇരയാകേണ്ടിവന്നത്. സംഭവം വിഷ്ണു ഫേസ്ബുക്ക് ലൈവിലൂടെ പരസ്യമാക്കിയതോടെ പൊലിസ് വെട്ടിലാവുകയായിരുന്നു. യുവാവിനെയും യുവതിയെയും കസ്റ്റഡിയിലെടുത്ത് മ്യൂസിയം സ്റ്റേഷനില്‍ കൊണ്ടുപോയ പൊലിസ് വീട്ടുകാരെ വിളിച്ചറിയിച്ചു.
ഇവരുടെ വിവാഹം ഉറപ്പിച്ചതാണെന്ന് വീട്ടുകാര്‍ അറിയിച്ചതോടെ പൊലിസ് ഇരുവരെയും മോചിപ്പിച്ചു. എന്നാല്‍ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ എത്താതെ പോകില്ലെന്ന് ഇരുവരും വ്യക്തമാക്കിയതോടെ പൊലിസ് കൂടുതല്‍ പ്രതിസന്ധിയിലായി. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വ്യാപക വിമര്‍ശനമാണ് പൊലിസിനെതിരേ ഉയര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."