സാമ്പത്തിക ഭൂമിശാസ്ത്രം
അതിവിസ്തൃതവും വൈവിധ്യപൂര്‍ണവുമായ നമ്മുടെ രാജ്യം വിഭവസമൃദ്ധിയുടെ കാര്യത്തില്‍ സമ്പന്നമാണ്. വിഭവങ്ങളെ സാങ്കേതികവിദ്യയുടെ സഹായത്താല്‍ നമ്മുടെ രാജ്യത്തുനിന്നു തന്നെ സംസ്‌കരിച്ച് ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാന്‍ ആരംഭിച്ചതോടെ ഇന്ത്യയില്‍ വ്യവസാവല്‍കരണത്തിനു തുടക്കം കുറിച്ചു.
കൃഷിയും കൃഷിഅധിഷ്ഠിത
വ്യവസായങ്ങളും
ഇന്ത്യ ഒരു കാര്‍ഷിക രാജ്യമാണ്. ജനസംഖ്യയില്‍ മൂന്നില്‍ രണ്ടു ഭാഗം ജനങ്ങളും കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവര്‍. ഭക്ഷ്യ വിളകള്‍ കൂടാതെ വ്യവസായങ്ങള്‍ക്കുളള വൈവിധ്യമാര്‍ന്ന കാര്‍ഷികവിളകള്‍ ഇന്ത്യയുടെ സവിശേഷതയാണ്.
കൃഷി ചെയ്യുന്ന കാലത്തിന്റ അടിസ്ഥാനത്തില്‍ ഖാരിഫ്, റാബി, സൈദ്, എന്നിങ്ങനെ മൂന്ന് കാര്‍ഷിക കാലങ്ങളാണ് ഇന്ത്യയിലുളളത്. ചെറുധാന്യങ്ങളെ ആണ് തിന വിളകള്‍ എന്നു വിളിക്കുന്നത്. ഭക്ഷ്യധാന്യങ്ങളില്‍ ഉള്‍പ്പെടുന്ന ജോവര്‍, ബജ്‌റ, റാഗി എന്നിവ തിനവിളകള്‍ എന്ന വിഭാഗത്തില്‍പ്പെടുന്നു.
കാര്‍ഷിക വിളകള്‍
ഇന്ത്യയിലെ വൈവിധ്യമാര്‍ന്ന കാര്‍ഷിക വിളകളെ ഭക്ഷ്യവിളകള്‍, നാണ്യവിളകള്‍, എന്നിങ്ങനെ തരം തിരിക്കാം. ഭക്ഷ്യ വസ്തുക്കളായി നേരിട്ട് ഉപയോഗിക്കാവുന്ന വിളകളാണ് ഭക്ഷ്യവിളകള്‍. എന്നാല്‍ വാണിജ്യവ്യാവസായിക പ്രധാന്യമുള്ള വിളകളാണ് നാണ്യവിളകള്‍.
കൃഷി എന്ന സംസ്‌കാരം
അതിജീവനത്തിനായി മനുഷ്യന്‍ മണ്ണിനെ ബോധപൂര്‍വം പ്രയോജനപ്പെടുത്തുന്ന ഒരു സംസ്‌കാരമാണ് കൃഷി . അതിപുരാതന കാലം മുതല്‍ തന്നെ കൃഷി മനുഷ്യന്റെ പ്രധാന ജീവിതോപാധിയായി കണ്ടെത്തിയിരുന്നു. അഗര്‍, കള്‍ച്ചര്‍ എന്നീ രണ്ട് ലാറ്റിന്‍ പദങ്ങളില്‍ നിന്നാണ് അഗ്രികള്‍ച്ചര്‍ എന്ന ഇംഗ്ലീഷ് പദം രൂപപ്പെട്ടത്. അഗര്‍- കര എന്നും, കള്‍ച്ചര്‍- കൃഷി എന്നുമാണ് അര്‍ഥം.
പയറുവര്‍ഗങ്ങള്‍
ഇന്ത്യയില്‍ പയറുവര്‍ഗങ്ങള്‍ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഉത്തര്‍ പ്രദേശമാണ്. പഞ്ചാബ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, ചത്തീസ്ഗഡ്, രാജസ്ഥാന്‍, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലും പയറുവര്‍ഗങ്ങള്‍ കൃഷി ചെയ്യുന്നു.
നാണ്യവിളകള്‍ (തോട്ടവിളകള്‍)
ഭക്ഷ്യ ആവശ്യങ്ങള്‍ക്കായി കൃഷി ചെയ്യുന്ന വിളകളെ കൂടാതെ കരിമ്പ് , പരുത്തി, ചണം, തേയില, കാപ്പി, എണ്ണക്കുരുക്കള്‍, പുകയില, റബര്‍ എന്നിങ്ങനെ പല വിളകളും വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള അസംസ്‌കൃത വസ്തുക്കളായി ഉല്‍പ്പാദിക്കപ്പെടുന്നവയാണ്.
ചണ വ്യവസായം
നാരു വിളയാണ് ചണം. ചൂടും ഈര്‍പ്പവുമുളള സാഹചര്യങ്ങളിലാണ് ചണം വളരുന്നത്. ഉയര്‍ന്ന താപനിലയും 150 സെന്റീമീറ്ററില്‍ കൂടുതല്‍ മഴയും ചണം കൃഷിക്ക് അത്യന്താപേക്ഷിതമാണ്. നീര്‍വാഴ്ചയുളള എക്കല്‍ മണ്ണാണ് ഇതിനു വേണ്ടത്. പശ്ചിമബംഗാളിലെ ഗംഗ- ബ്രഹ്മ പുത്ര ഡല്‍റ്റാ പ്രദേശമാണ് പ്രധാന ചണ ഉല്‍പ്പാദന മേഖല. പശ്ചിമ ബംഗാള്‍, ആസാം, ഒഡിഷ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മാത്രമാണ് പ്രധാനമായും ചണം കൃഷി ചെയ്യുന്നത്.
ബംഗ്ലാദേശ് കഴിഞ്ഞാല്‍ രണ്ടാം സ്ഥാനമാണ് ചണ ഉല്‍പാദനത്തില്‍ ഇന്ത്യക്ക്. സ്വര്‍ണനാര് എന്നറിയപ്പെടുന്ന ചണം പരുത്തിയെപ്പോലെ വിദേശ നാണ്യം നേടിത്തരുന്ന നാണ്യവിളയാണ്.
അസംകൃത ചണത്തിന്റെ വില നിലവാരം നിലനിര്‍ത്തുന്നതിനും അന്താരാഷ്ട്ര വിപണിയില്‍ ചണ ഉത്പന്നങ്ങളുടെ വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി 1971 ല്‍ കൊല്‍ക്കൊത്ത ആസ്ഥാനമാക്കി സ്ഥാപിച്ച സ്ഥാപനമാണ് ജൂട്ട് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ.
തേയില
ഏറ്റവും കൂടുതല്‍ തേയില ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. 1823 ല്‍ ബ്രിട്ടീഷ് മേജര്‍ റോബര്‍ട്ട് ബ്രൂസാണ് അപ്പര്‍ ആസാമിലെ കുന്നില്‍ ചെരുവുകളില്‍ തേയില ചെടികള്‍ കണ്ടെത്തിയത്.
കാപ്പി
17-ാം നൂറ്റാണ്ടില്‍ മുസ് ലിം പണ്ഡിതനായ ബാബ ബുദനാണ് അറേബ്യയില്‍നിന്നു കാപ്പി തൈകള്‍ ആദ്യമായി ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. കര്‍ണാടകത്തിലെ ചിക്കമംഗളൂരിലെ കുന്നില്‍ ചെരുവിലാണ് കാപ്പിതൈകള്‍ ആദ്യമായി നട്ടുവളര്‍ത്താന്‍ ആരംഭിച്ചത്.
സുഗന്ധ വ്യഞ്ജനങ്ങള്‍
ഏലം, കുരുമുളക്, ജാതി, ഗ്രാമ്പു, ഇഞ്ചി, തുടങ്ങിയ സുഗന്ധ വ്യഞ്ജനങ്ങള്‍ക്ക് പ്രാചീന കാലം മുതലേ പുകള്‍പെറ്റ രാജ്യമാണ് ഇന്ത്യ.
പ്രാചീന കാലം മുതല്‍ക്കു തന്നെ ഇന്ത്യയ്ക്ക് വിദേശരാജ്യങ്ങളുമായി വ്യാപാര ബന്ധം ഉണ്ടായിരുന്നു. സുഗന്ധ വ്യഞ്ജനങ്ങള്‍ ആയിരുന്നു പ്രധാന കയറ്റുമതി ഇനം. യൂറോപ്യന്‍മാരുടെ സുഗന്ധ വ്യഞ്ജനങ്ങളോടുള്ള പ്രിയമാണ് കടല്‍ മാര്‍ഗം ഇന്ത്യയിലേക്ക് ഒരു പാത കണ്ടെത്താന്‍ അവരെ പ്രേരിപ്പിച്ചത്. ഇന്ത്യയില്‍ കോളനികള്‍ സ്ഥാപിക്കാന്‍ യൂറോപ്യന്‍മാര്‍ മത്സരിച്ചതിനു കാരണവും സുഗന്ധ വ്യഞ്ജനങ്ങളോടുളള പ്രിയമാണ്.
കരിമ്പു കൃഷിയും
പഞ്ചസാര വ്യവസായവും
ഉഷ്ണ മേഖല വിളയായ കരിമ്പിനു ചൂടും മഴയുമുളള കാലാവസ്ഥയാണ് വേണ്ടത്. കറുത്ത മണ്ണ്, എക്കല്‍ മണ്ണ്, തുടങ്ങിയ മണ്ണിനങ്ങള്‍ കരിമ്പു കൃഷിക്ക് അനുയോജ്യമാണ്. കരിമ്പ് ഉല്‍പ്പാദനത്തില്‍ ഇന്ത്യക്ക് രണ്ടാം സ്ഥാനമാണ് ഉളളത്.
റബര്‍
25 സെല്‍ഷ്യസില്‍ കൂടിയ താപനിലയും 150 സെ.മീ മീറ്ററിന് മുകളില്‍ മഴയുമാണ് റബര്‍ കൃഷിക്കാവശ്യം. കേരളമാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റബര്‍ ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനം. കേരളത്തിന്റെ ഒരു പ്രധാന വരുമാന സ്രോതസാണിത്. തമിഴ്‌നാട്ടിലെ ചില ഭാഗങ്ങളിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും ചെറിയ തോതില്‍ റബര്‍ കൃഷി ചെയ്തു വരുന്നു.
ധാതുക്കളും ധാതു
അധിഷ്ഠിത വ്യവസായങ്ങളും
വൈവിധ്യമാര്‍ന്ന ധാതുവിഭവങ്ങള്‍ക്ക് അനുഗൃഹീതമായ രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ ധാതു വിഭവങ്ങളില്‍ ഏറെയും ഉപദ്വീപിയ പീഠഭൂമിയിലെ ആഗ്നേയ കായാന്തരിത ശിലയുമായി ബന്ധപ്പെട്ടു കാണപ്പെടുന്നു. കാര്‍ഷിക വിളകള്‍ കൃഷിയധിഷ്ഠിത വ്യവസായങ്ങള്‍ക്കെന്നപോലെ ധാതുവിഭവങ്ങള്‍ വിവിധ ധാതു അധിഷ്ടിത വ്യവസായങ്ങള്‍ക്ക് അസംകൃത വസ്തുക്കള്‍ പ്രദാനം ചെയ്യുന്നു. ഇന്ത്യയുടെ വ്യാവസായിക അടിത്തറയ്ക്ക് നിദാനമാകുന്നു.
ഇരുമ്പയിരു നിക്ഷേപങ്ങളും
ഇരുമ്പുരുക്കു വ്യവസായവും
ഇരുമ്പയിരില്‍നിന്നാണ് ഇരുമ്പ് എന്ന ലോഹം വേര്‍തിരിച്ചെടുക്കുന്നത്. മാഗ്നറ്റൈറ്റ്, ഹെമറ്റൈറ്റ്, നിമൊണൈറ്റ്, സിഡറ്റൈറ്റ് എന്നീ നാലുതരം ഇരുമ്പയിരു നിക്ഷേപങ്ങള്‍ ഇന്ത്യയില്‍ കാണപ്പെടുന്നു. ലോകത്തെ മൊത്തം ഇരുമ്പയിരു നിക്ഷേപത്തിന്റെ 20 ശതമാനവും ഇന്ത്യയിലാണ്.
ഇരുമ്പയിരു കയറ്റു മതിയില്‍ ഇന്ത്യ നാലാം സ്ഥാനത്താണ്. ഇന്ത്യയില്‍ ഖനനം ചെയ്യുന്ന ഇരുമ്പയിരിന്റെ 50 മുതല്‍ 60 ശതമാനം വരെ ജപ്പാന്‍, കൊറിയ, യൂറോപ്യന്‍ രാജ്യങ്ങള്‍, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. ഇന്ത്യയിലെ ഇരുമ്പുരുക്കു ശാലകള്‍ വിപുലീകരിച്ചതോടെ ഇരുമ്പയിരിന്റെ ആഭ്യന്തര ഉപയോഗം വര്‍ധിച്ചിട്ടുണ്ട്.
ആണവധാതുക്കള്‍
യുറേനിയം, തോറിയം എന്നിവയാണ് പ്രധാന ആണവധാതുക്കള്‍. ഝാര്‍ഖണ്ഡ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, സംസ്ഥാനങ്ങളിലായി സമ്പന്നമായ യുറേനിയം നിക്ഷേപങ്ങളുണ്ട്. കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ തീരദേശമണലില്‍ കാണുന്ന മോണസൈറ്റ്, ഇല്‍മനൈറ്റ് എന്നീ ധാതുക്കളില്‍നിന്നു തോറിയം ഉല്‍പ്പാദിപ്പിക്കുന്നു.
ഇന്ത്യയിലെ പ്രധാന ആണവോര്‍ജനിലയങ്ങളാണ് ചുവടെ.
താരാപ്പൂര്‍ (മഹാരാഷ്ട്ര),റാവത്ഭട്ട (രാജസ്ഥന്‍),കല്‍പ്പാക്കം, കുടങ്കുളം (തമിഴ്‌നാട്),കൈഗ (കര്‍ണാടകം),കാക്രാപാറ (ഗുജ്‌റാത്ത്),നറോറ (ഉത്തര്‍പ്രദേശ്)
പാരമ്പര്യേതര
ഊര്‍ജസ്രോതസുകള്‍
കല്‍ക്കരി, പെട്രോളിയം തുടങ്ങിയ ധാതുവിഭവങ്ങളാണ് നാം ഏറെക്കാലമായി പ്രയോജനപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ ഇത്തരം ഊര്‍ജ്ജസ്രോതസുകളെ പാരമ്പര്യസ്രോതസുകള്‍ എന്നു വിളിക്കുന്നു. എന്നാല്‍ ഇത്തരം ധാതുക്കള്‍ പുനസ്ഥാപിക്കപ്പെടാത്തവയായതിനാല്‍ ഭൂമിയില്‍ ഈ വിഭവങ്ങള്‍ ശുഷ്‌കമായികൊണ്ടിരിക്കുന്നു. ഇതിന് ബദലായി നാമിന്ന് പാരമ്പര്യേതര ഊര്‍ജസ്രോതസുകള്‍ വ്യാപകമായി ഉപയോഗപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു. സൗരോര്‍ജം, കാറ്റില്‍നിന്നുള്ള ഊര്‍ജം, തിരമാലയില്‍ നിന്നുള്ള ഊര്‍ജം, വേലിയോര്‍ജം, ജൈവവാതകം എന്നിവയാണ് ഇന്ത്യയിലെ പ്രധാന പാരമ്പര്യേതര ഊര്‍ജസ്രോതസുകള്‍. പുനസ്ഥാപനശേഷിയുള്ളതും ചെലവും കുറഞ്ഞതും പരിസ്ഥിത പ്രശ്‌നങ്ങള്‍ ഉണ്ടാക്കാത്തതുമായ ഈ സ്രോതസുകള്‍ക്ക് ഇന്ത്യയില്‍ ഏറെ പ്രാമുഖ്യം നല്‍കിവരുന്നു.
റോഡ് ഗതാഗതം
രാജ്യത്ത് അങ്ങോളമിങ്ങോളം വ്യാപിച്ചുകിടക്കുന്ന ഗ്രാമങ്ങളെയും നഗരങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാന മാര്‍ഗം റോഡ് ഗതാഗതമാണ്.
ഇന്ത്യയിലെ മെഗാ നഗരങ്ങളായ ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ആറുവരി പാതകളായ സൂപ്പര്‍ ഹൈവേ എന്നാണ് പേര്‍ നല്‍കിയിട്ടുള്ളത്. നാഷണല്‍ ഹൈവേ അതോറിറ്റിക്കാണ് ഈ റോഡുകളുടെ ചുമതല.
റെയില്‍ ഗതാഗതം
ഏഷ്യയിലെ ഏറ്റവും വലിയ റെയില്‍വേ ശൃംഖല. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമഖലാ സംരംഭംകൂടിയാണ് ഇന്ത്യന്‍ റെയില്‍വേ. സഞ്ചാരത്തിനും ചരക്കു ഗതാഗതത്തിനും ഒരുപോലെ പ്രധാനമാണ് റെയില്‍ഗതാഗതം. ഇന്ത്യയുടെ വ്യാവസായിക വളര്‍ച്ചയില്‍ നിര്‍ണായക സ്ഥാനമാണ് റെയില്‍വേയ്ക്കുള്ളത്.
1853 ലാണ് ഇന്ത്യയില്‍ റെയില്‍ ഗതാഗതം ആരംഭിച്ചത്. മഹാരാഷ്ട്രയിലെ മുംബൈ മുതല്‍ താനെ വരെ നീളുന്ന 34 കി.മീ.ദൂരത്തിലായിരുന്നു തുടക്കം. ഭരണ നിര്‍വഹണത്തിനായി ഇന്ത്യന്‍ റെയില്‍വേ വ്യവസ്ഥയെ 16 മേഖലകളായി തിരിച്ചിരിക്കുന്നു.
റെയില്‍ ഗതാഗതത്തിന്റെ വ്യാപനത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ് ഭൂപ്രകൃതിയും ജനസാന്ദ്രതയും. ഇന്ത്യന്‍ മഹാസമതതലത്തില്‍ റെയില്‍ ഗതാഗത്തിന്റെ പുരോഗതിക്കും കാരണമായ ഘടകങ്ങളാണ് നിരപ്പാര്‍ന്ന ഭൂപ്രകൃതി,ഉയര്‍ന്ന ജനസാന്ദ്രത,കാര്‍ഷിക രംഗത്തെ പുരോഗതി എന്നിവ.
പര്‍വത പ്രദേശങ്ങള്‍, ഉയര്‍ന്ന കുന്നിന്‍ പ്രദേശങ്ങള്‍, മരുപ്രദേശങ്ങള്‍, വന്‍നദികള്‍ എന്നിവ റെയില്‍ ഗതാഗതത്തിന്റെ പുരോഗതിക്ക് തടസം നില്‍ക്കുന്നു.
കൊങ്കണ്‍ റെയില്‍വേ
1998 ല്‍ നിര്‍മാണം പൂര്‍ത്തീകരിച്ച കൊങ്കണ്‍ റെയില്‍വേ ഇന്ത്യന്‍ റെയില്‍വേ കൈവരിച്ച നേട്ടങ്ങളില്‍ ഏറ്റവും ശ്രദ്ധേയമാണ്. മഹാരാഷ്ട്രയിലെ റോഹ മുതല്‍ കര്‍ണാടകത്തിലെ മംഗലാപുരം വരെ 760 കി.മീ ആണ് ആകെ നീളം. സഞ്ചാരപാതയില്‍ 146 നദികള്‍ പിന്നിടുന്ന ഈ പാതയില്‍ ഏകദേശം 2000 പാലങ്ങളും 91 തുരങ്കങ്ങളുമുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ റെയില്‍ തുരങ്കം ഇവിടെയാണ് (6.5). മഹാരാഷ്ട്ര, ഗോവ, കര്‍ണാടകം എന്നീ സംസ്ഥാനങ്ങള്‍ ഈ സംരംഭത്തിന്റെ പങ്കാളികളാണ്.
ജലഗതാഗതം
വന്‍തോതില്‍ ചരക്കുഗതാഗത്തിന് ഏറ്റവും യോജിച്ച മാര്‍ഗമാണ് ജലഗതാഗതം. ജലഗതാഗതത്തിന്റെ പൊതുവായ മേന്മകള്‍ നോക്കു.
? ഏറ്റവും ചെലവു കുറഞ്ഞ ഗതാഗതമാര്‍ഗം
? വന്‍തോതിലുള്ള ചരക്കു ഗതാഗതത്തിന് ഉചിതം
? പരിസ്ഥിതമലീനീകരണം ഉണ്ടാകുന്നില്ല.
? അന്താരാഷ്ട്ര വ്യാപാരത്തിന് ഏറ്റവും യോജിച്ചത്
? ഗതാഗതനിരക്ക് കുറയ്ക്കാം.
വിഴിഞ്ഞം തുറമുഖ പദ്ധതി
വിഴിഞ്ഞം ആഴക്കടല്‍ വിവിധോദ്ദേശ്യ തുറമുഖം യാഥാര്‍ഥ്യമാകുന്നതോടെ കേരളത്തിന് രണ്ടു പ്രധാന തുറമുഖങ്ങളാകും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കാന്‍ വിഭാവനം ചെയ്യുന്ന ഈ പദ്ധതിയുടെ ആദ്യഘട്ടം കണ്ടെയ്‌നര്‍ തുറമുഖമായാണ് വികസിപ്പിക്കുന്നത്. അന്താരാഷ്ട്ര കപ്പല്‍പ്പാതയോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്നു എന്നതും സ്വാഭാവിക ആഴം 24 മീറ്റര്‍ ഉപരിയാണെന്നതും നിര്‍ദിഷ്ട തുറമുഖത്തിന്റെ സവിശേഷതകളാണ്.
വ്യോമഗതാഗതം
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണ് ഇന്ത്യയുടെ വ്യോമഗതാഗതം. ഇതിനു കീഴില്‍ 11 അന്താരാഷ്ട്ര വിമാനത്താവളങ്ങളടക്കം 126 വിമാനത്താവളങ്ങളാണുള്ളത്. എയര്‍ ഇന്ത്യ, ഇന്ത്യന്‍ എയര്‍ലൈന്‍സ് എന്നീ കോര്‍പറേഷനുകളാണ് യഥാക്രമം അന്താരാഷ്ട്ര -ആഭ്യന്തര വിമാന സര്‍വിസുകള്‍ കൈകാര്യം ചെയ്യുന്നത്. നിരവധി സ്വകാര്യ കമ്പനികളും ഇന്ത്യയില്‍ വിമാനസര്‍വിസുകള്‍ നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."