മന്ത്രവാദ ചികിത്സക്കിടെ പൊള്ളലേറ്റ് മരണം: ഫോറന്‍സിക് വിഭാഗം തെളിവെടുത്തു
എടച്ചേരി: പുറമേരിയില്‍ മന്ത്രവാദ ചികിത്സക്കിടെ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ യുവതി മരണപ്പെട്ട സംഭവത്തില്‍ ഫോറന്‍സിക് വിഭാഗം തെളിവെടുത്തു. കോഴിക്കോട് വെള്ളയില്‍ സ്വദേശി ലൈല മന്‍സിലിലെ ഷമീന (29)യാണ് മരണപ്പെട്ടത്. സംഭവത്തില്‍ കൂടുതല്‍ തെളിവെടുപ്പിനായി ഇന്നലെ പുറമേരി ഹോമിയോ മുക്കിലെ സിദ്ധ നടന്ന വാടക വീട്ടില്‍ കണ്ണൂരില്‍ നിന്നുള്ള ഫോറന്‍സിക് വിഭാഗമെത്തി തെളിവെടുത്തു.
സംഭവം നടന്ന മുറികളും അവശേഷിക്കുന്ന വസ്തുക്കളും വിശദമായി പരിശോധന നടത്തി. കണ്ണൂര്‍ ഫോറന്‍സിക് ഡിപ്പാര്‍ട്ടുമെന്റിലെ അനുചന്ദ്രയുടെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥരാണ് പരിശോധനയ്‌ക്കെത്തിയത്. സംഭവസ്ഥലത്തു നിന്നും ആവശ്യമായ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. അതെ സമയം മന്ത്രവാദത്തിനിടെ യുവതി മരണപ്പെടുക കൂടി ചെയ്തതോടെ നാട്ടുകാരുടെ പ്രതിഷേധങ്ങള്‍ ശക്തമായി തുടരുകയാണ്.
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ദിവസം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. ഇന്നലെ വൈകിട്ട് സംഭവം നടന്ന വാടക വീട്ടിലേക്ക് ഡി.വൈ.എഫ്.ഐ മാര്‍ച്ച് നടത്തി. മാര്‍ച്ചിനിടെ ഉണ്ടായ കല്ലേറില്‍ വാടക വീട്ടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.
മന്ത്രവാദവുമായി ബന്ധപ്പെടുത്തിയുള്ള സിദ്ധ ചികില്‍സയ്ക്ക് ഉപയോഗിച്ച ഹോമത്തില്‍ പെട്രോള്‍ ഉപയോഗിച്ചതാണ് യുവതിക്ക് ഗുരുതരമായി പൊള്ളലേല്‍ക്കാന്‍ കാരണമായത്. കുറ്റ്യാടി അടുക്കത്ത് സ്വദേശിനിയായ നജ്മയെന്ന സ്ത്രീയാണ് സിദ്ധ ചികിത്സ നടത്തിയിരുന്നത്.
ഇവരെ നാദാപുരം പൊലിസ് അറസ്റ്റ് ചെയ്ത് കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."