കേന്ദ്രമന്ത്രിമാരുടെ കശ്മിര്‍ സന്ദര്‍ശനം പരിഹാസ്യം
കേന്ദ്രമന്ത്രിതല സംഘം സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്നു മുതല്‍ ജനുവരി 25 വരെ കശ്മിര്‍ സന്ദര്‍ശിക്കാന്‍ ഒരുങ്ങുകയാണ്. കശ്മിരിനെ മൂന്നായി കേന്ദ്ര സര്‍ക്കാര്‍ വെട്ടിമുറിക്കുകയും 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ഇന്റര്‍നെറ്റ് സംവിധാനം റദ്ദാക്കുകയും ചെയ്തതിനു ശേഷം കശ്മിരിന്റെ അവസ്ഥ കാണാനെത്തുന്ന കേന്ദ്രമന്ത്രിമാരുടെ സന്ദര്‍ശനം പരിഹാസ്യമാണ്. ഒരു ജനതയെ ഒന്നടങ്കം വലിയൊരു തടങ്കല്‍പാളയത്തിലെന്ന പോലെ പൂട്ടിയിട്ടിട്ട് ഏഴു മാസം കഴിയുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് കശ്മിരിന്റെ ചിറകരിഞ്ഞ് ജനങ്ങളെയും മുന്‍ മുഖ്യമന്ത്രിമാരെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും അവരവരുടെ വീടുകളില്‍നിന്ന് പുറത്തിറങ്ങാന്‍ പോലും അനുവദിക്കാതെ തടഞ്ഞിട്ടിരിക്കുന്നത്.
പട്ടാളത്തിന്റെ കാവലില്‍ നിര്‍ത്തിയ ഒരു ജനതയുടെ എന്തു ക്ഷേമമാണ് കേന്ദ്രമന്ത്രിമാര്‍ അന്വേഷിക്കുക?. കശ്മിര്‍ ജനത മുസ്‌ലിംകളായി എന്ന ഒരൊറ്റ കാരണം കൊണ്ടാണ് അവരെ ഇങ്ങനെ പീഡിപ്പിച്ചുകൊണ്ടിരിക്കുന്നത്. അധികാരം നിലനിര്‍ത്താന്‍ മുസ്‌ലിംകളെ ശത്രുസ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന സാമ്രാജ്യത്വ ഫാസിസ്റ്റ് രീതിയാണു ബി.ജെ.പി സര്‍ക്കാര്‍ ഇന്ത്യയിലും പ്രത്യേകിച്ച് കശ്മിരിലും പയറ്റിക്കൊണ്ടിരിക്കുന്നത്. കശ്മിരിലെ ജനതയെ അനിശ്ചിതമായി പൂട്ടിയിട്ടതിനെതിരേ ലോകവ്യാപകമായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന പ്രതിഷേധത്തെ പ്രതിരോധിക്കാനാണ് കേന്ദ്രമന്ത്രിമാരുടെ ഈ സന്ദര്‍ശന പ്രഹസനം.
കശ്മിര്‍ ശാന്തമാണെന്നും ജനങ്ങള്‍ സമാധാനത്തോടെ കഴിയുകയാണെന്നും ഇവരില്‍നിന്ന് 25നു ശേഷം പ്രസ്താവനകള്‍ പ്രതീക്ഷിക്കാം. ശരിയാണ്; കശ്മിര്‍ ശാന്തമാണ്, മരണവീട്ടിലെ ശാന്തത പോലെ. കശ്മിര്‍ ശാന്തമാണെങ്കില്‍, ജനങ്ങള്‍ സംതൃപ്തരാണെങ്കില്‍ പിന്നെയെന്തിനാണ് മന്ത്രിമാര്‍ കശ്മിര്‍ സന്ദര്‍ശിക്കുന്നത്. എന്തുകൊണ്ടാണ് പ്രതിപക്ഷ നേതാക്കളെ കശ്മിര്‍ സന്ദര്‍ശിക്കുന്നതില്‍നിന്ന് വിലക്കുന്നത്. കശ്മിരില്‍ ജനജീവിതം സാധാരണമാണെങ്കില്‍ വിമര്‍ശനം ഉന്നയിച്ചുകൊണ്ടിരിക്കുന്ന പ്രതിപക്ഷത്തെ സത്യാവസ്ഥ ബോധ്യപ്പെടുത്തി കൊടുക്കുകയായിരുന്നില്ലേ വേണ്ടിയിരുന്നത്. കശ്മിര്‍ ജനതയെ ഈ അതികഠിന ശൈത്യകാലത്ത് കൊല്ലാകൊല ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് പൗരത്വ നിയമ ഭേദഗതി കൊണ്ട് ഇന്ത്യയിലെ മുസ്‌ലിംകള്‍ ഭയപ്പെടേണ്ടെന്ന നുണകള്‍ ബി.ജെ.പിയും കേന്ദ്ര സര്‍ക്കാരും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഒരു നുണ പലയാവര്‍ത്തി പ്രയോഗിച്ചാല്‍ അതു സത്യമായി കരുതുമെന്ന ഗീബല്‍സിയന്‍ തത്ത്വം ഹിറ്റ്‌ലറുടെ അന്ത്യത്തോടെ കാലഹരണപ്പെട്ടതാണെന്ന് ബി.ജെ.പി മനസിലാക്കണം.
കശ്മിര്‍ ജനതയുടെ ഇന്നത്തെ പകലുകള്‍ പുലരുന്നത് ഏഴു ലക്ഷത്തിലധികം പട്ടാളക്കാരുടെ ബൂട്ടിനടിയിലാണ്. അവരെ കശ്മിരിന്റെ മുക്കിലും മൂലയിലും നിരത്തിനിര്‍ത്തിയാണ് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ബി.ജെ.പി സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഒരാഴ്ച മുന്‍പാണ് സുപ്രിംകോടതി പറഞ്ഞത്, ഒരാഴ്ചയ്ക്കുള്ളില്‍ അവിടുത്തെ ഇന്റര്‍നെറ്റ് വിച്ഛേദിച്ചത് പുനഃസ്ഥാപിക്കണമെന്ന്. എന്നാല്‍ സുപ്രിംകോടതിയുടെ വിധിക്കുപോലും പുല്ലുവില കല്‍പ്പിക്കാതെ ഏതാനും ബാങ്കുകളിലും ആശുപത്രികളിലും മാത്രമാണ് ഭാഗികമായി ഇന്റര്‍നെറ്റ് പുനഃസ്ഥാപിച്ചത്. അതും ബ്രോഡ്ബാന്റ് സൗകര്യം. നിരോധനാജ്ഞ അനന്തമായി തുടരുന്നതിനെതിരേയും ഇന്റര്‍നെറ്റ് റദ്ദാക്കിയതിനെതിരേയും കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദും കശ്മിര്‍ ടൈംസ് എക്‌സിക്യുട്ടീവ് എഡിറ്റര്‍ അനുരാധ ബാസിനും നല്‍കിയ ഹരജിയെ തുടര്‍ന്നാണ് സുപ്രിംകോടതി വിധിയുണ്ടായത്.
എന്നാല്‍ വിധി പൂര്‍ണമായും ഇതുവരെ നടപ്പാക്കിയിട്ടില്ല. അസാധാരണമായ സാഹചര്യത്തില്‍ മാത്രമേ ആളുകള്‍ കൂട്ടംകൂടുന്നതിനെതിരേ 144 പ്രഖ്യാപിക്കാനും ഇന്റര്‍നെറ്റ് റദ്ദാക്കാനും പാടുള്ളൂവെന്ന് സുപ്രിംകോടതി പറഞ്ഞിട്ടും ഇതുവരെ 144 പിന്‍വലിച്ചിട്ടില്ല. ശാന്തിയും സമാധാനവുമാണ് കശ്മിരില്‍ ഉള്ളതെങ്കില്‍ എന്തിനാണ് നിരോധനാജ്ഞ നീട്ടിക്കൊണ്ടുപോകുന്നത് . ഒരുമണിക്കൂര്‍ നേരത്തേക്കു മാത്രമാണ് ജനങ്ങള്‍ക്ക് വീടുകളില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയുന്നത്. ഡിജിറ്റല്‍ ഇന്ത്യ എന്ന മുദ്രാവാക്യം ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിക്കുന്നത്, കാഷ്‌ലെസ് സമ്പ്രദായം നടപ്പാക്കിയ ശേഷം ഇന്റര്‍നെറ്റ് റദ്ദാക്കാനും അതുവഴി ഇഷ്ടമില്ലാത്ത ജനങ്ങളെ എ.ടി.എമ്മില്‍നിന്ന് പണമെടുക്കുന്നത് തടയാനും വേണ്ടിയായിരുന്നുവെന്ന് ഇപ്പോള്‍ മനസിലാകുന്നു. അതുവഴി അവരെ പ്രയാസപ്പെടുത്താമെന്ന കുബുദ്ധിയായിരുന്നുവോ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.
കുട്ടികള്‍ സ്‌കൂളുകളില്‍ പോകുന്നുണ്ടെന്നും ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുമുള്ള നുണകളും ഇതിനിടെ പ്രചരിപ്പിക്കുന്നുണ്ട്. കുട്ടികള്‍ വിദ്യാലയങ്ങളില്‍ പോകുന്നുണ്ടെങ്കില്‍ എന്തിനാണ് പരീക്ഷകള്‍ വീടുകളില്‍വച്ച് നടത്തിയത്. അതും പട്ടാളകാവലില്‍. നുണകളില്‍ അഭിരമിക്കുകയും നുണകള്‍ മാത്രം പടച്ചുവിടുകയും ചെയ്യുന്ന ഒരു ഭരണകൂടത്തില്‍നിന്ന് സത്യസന്ധമായ സമീപനം പ്രതീക്ഷിക്കുന്നത് അസ്ഥാനത്തായിരിക്കും.
കശ്മിര്‍ ജനത പട്ടിണിയിലും കൊടുംതണുപ്പിലുമാണിന്ന്. അവിടെനിന്ന് വരുന്ന മരണവാര്‍ത്തകളുടെ പൂര്‍ണവിവരങ്ങള്‍ വാര്‍ത്താമാധ്യമങ്ങള്‍ക്ക് വിലക്കുള്ളതിനാല്‍ പുറത്ത് കിട്ടുന്നില്ലെന്നു മാത്രം. പൗരന്റെ മൗലികാവകാശമായ അറിയാനും സഞ്ചരിക്കാനുമുള്ള അവകാശം റദ്ദ് ചെയ്യാന്‍ ഒരു സര്‍ക്കാരിനും അധികാരമില്ലെന്നിരിക്കെ ഏഴു മാസം കഴിഞ്ഞിട്ടും സുപ്രിംകോടതി പറഞ്ഞിട്ടും നിരോധനാജ്ഞ പിന്‍വലിക്കാനോ ഇന്റര്‍നെറ്റ് പൂര്‍ണമായി പുനഃസ്ഥാപിക്കുവാനോ ബി.ജെ.പി സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
മുസ്‌ലിം ഭൂരിപക്ഷ കശ്മിരിനെ ഇങ്ങനെ പീഡിപ്പിച്ചുകൊണ്ടിരിക്കുന്നത് ഹൈന്ദവരോടുള്ള സ്‌നേഹാനുഭൂതി കൊണ്ടാണെന്ന് തെറ്റിദ്ധരിക്കരുത്. അധികാരം നിലനിര്‍ത്താന്‍ വേണ്ടി മാത്രമാണ് ഈ മതധ്രുവീകരണത്തിനു ബി.ജെ.പി കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്. ഹിന്ദു സഹോദരങ്ങളോട് സ്‌നേഹാനുഭൂതിയുണ്ടായിരുന്നുവെങ്കില്‍ വര്‍ഷങ്ങളായി കശ്മിരില്‍ നടന്നുവരുന്ന അമര്‍നാഥ് തീര്‍ത്ഥാടന യാത്ര തടയുമായിരുന്നുവോ അമര്‍നാഥ് യാത്രക്ക് ഭീകരരുടെ ഭീഷണിയുണ്ടെന്നു പറഞ്ഞുണ്ടാക്കി അവരെ ഭീതിപ്പെടുത്തുകയായിരുന്നു ഇന്നുവരെ. ഇതിനുമുന്‍പ് ഒരു സര്‍ക്കാരും അമര്‍നാഥ് തീര്‍ത്ഥാടന യാത്ര തടഞ്ഞിട്ടില്ല. കഠിനമായ ശൈത്യവും പ്രതികൂല കാലാവസ്ഥയും തരണം ചെയ്ത് എത്രയോ ഹൈന്ദവ സഹോദരന്മാരാണ് അമര്‍നാഥ് തീര്‍ത്ഥയാത്ര നടത്തിപ്പോന്നത്. അതു നിരോധിച്ചു ബി.ജെ.പി സര്‍ക്കാര്‍ ഈ വര്‍ഷം. ഇതുവരെ അമര്‍നാഥ് യാത്രക്കിടെ ഒരു തീവ്രവാദി ആക്രമണവും ഉണ്ടായിട്ടില്ല. എന്നിട്ടും ഈ പുണ്യയാത്ര ചരിത്രത്തിലാദ്യമായി തടയാന്‍ ബി.ജെ.പി സര്‍ക്കാര്‍ തയാറായത് മുസ്‌ലിം ഭൂരിപക്ഷ കശ്മിരിനെ തടങ്കലില്‍ വയ്ക്കാനായിരുന്നു. ഈ തടങ്കല്‍പാളയം കണ്ട് സായൂജ്യമടയാനാണ് കേന്ദ്രമന്ത്രിമാര്‍ കശ്മിരില്‍ ഇന്നു മുതല്‍ തങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."