ബന്ദിപ്പുര വനത്തിലെ കാട്ടുതീ: തീവയ്‌പെന്ന് സംശയം: ചാരമായത് 2000 ഹെക്ടര്‍ വനം
കല്‍പ്പറ്റ: കര്‍ണാടകയിലെ ബന്ദിപ്പുര ദേശീയോദ്യാനത്തില്‍പ്പെട്ട കല്‍ക്കര റേഞ്ചില്‍ 1500 ഏക്കര്‍ വനം ചാമ്പലാകുന്നതിനും ഒരു വനപാലകന്റെ പ്രാണന്‍ നഷ്ടപ്പെടുന്നതിനും കാരണമായ തീപ്പിടിത്തതിനു പിന്നില്‍ സാമൂഹികദ്രോഹികള്‍. വനപാലകരോട് വിരോധമുള്ളവര്‍ കാടിനു തീയിടുകയായിരുന്നുവെന്ന നിഗമനത്തിലാണ് കര്‍ണാടക വനം-വന്യജീവി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍.
ഉണങ്ങിയ ആനപ്പിണ്ടത്തിനു പുറമേ ചന്ദനത്തിരികളും കൊതുകുതിരികളും തീവയ്പ്പിനു ഉപയോഗപ്പെടുത്തിയെന്ന് കരുതുന്നതായി ബന്ദിപ്പുര ടൈഗര്‍ റിസര്‍വ് ഡയറക്ടര്‍ ടി ഹരിലാല്‍ പറഞ്ഞു.
വെള്ളിയാഴ്ച രാവിലെയാണ് കല്‍ക്കര വനത്തെ വിഴുങ്ങിയ തീപ്പിടിത്തം വനം-വന്യജീവി പാലകരുടെ ശ്രദ്ധയില്‍പ്പെട്ടത്. വരണ്ടുണങ്ങിയ അടിക്കാടും കൊടുംചൂടും ഉഷ്ണക്കാറ്റും തീ ആളിപ്പടരുന്നതിനു കാരണമായി. കല്‍ക്കര വനത്തിലെ കെബെപുരഹള്ളിയിലാണ് തീ ആദ്യം കണ്ടത്. വിവരം അറിഞ്ഞ് റേഞ്ച് ഓഫിസര്‍ ഗംഗാധറിന്റെ നേതൃത്വത്തില്‍ വനം-വന്യജീവിപാലകര്‍ റേഞ്ച് ആസ്ഥാനത്തുനിന്നു 20 മിനിറ്റ് യാത്രാദൂരമുള്ള അവിടെ എത്തിയപ്പോള്‍ അഗ്നി താണ്ഡവമാടുകയായിരുന്നു.
തീ നിയന്ത്രണവിധേയമാക്കുന്നതിനു റേഞ്ച് ഓഫിസറും സംഘവും കഠിനാധ്വാനം ചെയ്യുന്നതിനിടെയായിരുന്നു മൈസൂരു വിജയപുരയില്‍നിന്നുള്ള ഗാര്‍ഡ് മുരിഗപ്പയുടെ (27) മരണം.
തീയുമായി പോരടിക്കുന്നതിനിടെ പുക ശ്വസിച്ച് ബോധംകെട്ട മുരിഗപ്പ വെന്തുമരിക്കുകയായിരുന്നു. റേഞ്ച് ഓഫിസര്‍ അടക്കം വേറേ നാലു പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. സര്‍ഗൂരിലും മൈസൂരിലുമായി ചികിത്സയിലാണ് ഇവര്‍. കര്‍ണാടക പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബി.ജി ഹോസ്മത്ത്, ബന്ദിപ്പുര ടൈഗര്‍ റിസര്‍വ് ഡയറക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ 600ലേറെ വനപാലകരും നിരവധി ആദിവാസികളും രാവും പകലും കഠിനാധ്വാനം നടത്തുകയാണ് തീയണക്കാനായി.
മുരിഗപ്പയുടെ കുടുംബത്തിനു വനം-വന്യജീവി വകുപ്പ് അഞ്ച് ലക്ഷം രൂപ സമാശ്വാസധനം അനുവദിച്ചതായി അദ്ദേഹം പറഞ്ഞു. തീപ്പിടിത്തത്തില്‍ കല്‍ക്കര വനത്തില്‍ കണക്കാക്കാനാകാത്ത നഷ്ടമാണ് ഉണ്ടായത്.
വൃക്ഷലതാദികള്‍ക്കു പുറമേ ചെറുമൃഗങ്ങളും പക്ഷികളും ഉരഗങ്ങളുമടക്കം അനേകം വന്യജീവികളും അഗ്നിക്ക് ഇരയായെന്ന് വനം-വന്യജീവി പാലകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."