ക്യുന്‍സ് വേ: ജനങ്ങള്‍ സഹകരിക്കണമെന്ന് ഹൈബി
കൊച്ചി: ഗോശ്രീ ചാത്യാത്ത് റോഡില്‍ 1.8 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ അതിമനോഹരമായി തയ്യാറാക്കിയിട്ടുള്ള ക്യുന്‍സ് വേ സാമൂഹീക വിരുദ്ധര്‍ നശിപ്പിക്കുന്നത് വേദനാജനകമാണെന്നും ഇത് തടയുന്നതിന് ജനങ്ങള്‍ സഹകരിക്കണമെന്നും ഹൈബി ഈഡന്‍ എം.എല്‍.എ പറഞ്ഞു.
ഉപ്പ് കാറ്റ് ഏറ്റാല്‍ പോലും തകര്‍ന്ന് പോകാത്ത രീതിയിലുള്ള ഇരിപ്പിടങ്ങളും ഹാന്‍ഡ് റൈലുകളുമാണ് ഇവിടെ നിര്‍മ്മിച്ചിരിക്കുന്നത്.
ക്യുന്‍സ് വേയുടെ ഉദ്ഘാടനം കഴിഞ്ഞ് ആദ്യ നാളുകളില്‍ തന്നെ കായലിന് അഭിമുഖമായി സ്ഥാപിച്ചിരിക്കുന്ന എല്‍.ഇ.ഡി സ്ട്രിപ്പികളും ചെടികളും നശിപ്പിക്കുവാന്‍ തുടങ്ങി.
ഇതിനെതിരെ താന്‍ തന്നെ അന്ന് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്കുകയും മാധ്യമങ്ങള്‍ വഴി ഇത് നശിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥന നടത്തിയതുമാണ്.
എന്നാല്‍ ആസൂത്രിതമായ രീതിയില്‍ ഈ വാക്ക് വേ തകര്‍ക്കുന്നതിന് വേണ്ടി ചിലര്‍ ശ്രമിക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. കട്ടിംഗ് മെഷീനുകള്‍ ഉപയോഗിച്ചാണ് ഇവിടത്തെ ഇരിപ്പിടങ്ങളിലെ സ്റ്റീല്‍ കമ്പികള്‍ മുറിച്ച് മാറ്റിയിരിക്കുന്നത്.
ക്യുന്‍സ് വേ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്കിയതായി എം.എല്‍.എ പറഞ്ഞു.
രാത്രി സമയങ്ങളില്‍ പ്രദേശത്തെ വെളിച്ചക്കുറവ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ക്ക് പ്രധാന കാരണങ്ങളാണ്.
അത് പരിഹരിക്കുന്നതിന് ബി.പി.സി.എല്‍ കൊച്ചിയുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അവരുടെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും 22.4 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവങ്കൂര്‍ എന്ന സ്ഥാപനം എത്രയും പെട്ടെന്ന് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കും.
കൂടാതെ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് ആവശ്യമായ സി.സി.ടി.വി ക്യാമറകള്‍ തന്റെ എം.എല്‍.എ ഫണ്ടില്‍ നിന്നും എത്രയും പെട്ടെന്ന് അനുവദിക്കുമെന്നു ഹൈബി ഈഡന്‍ എം.എല്‍.എ പറഞ്ഞു.
എന്തൊക്കെ ക്രമീകരണങ്ങള്‍ ഉണ്ടെങ്കില്‍ തന്നെയും ജനങ്ങളുടെ സഹകരണമുണ്ടെങ്കില്‍ മാത്രമേ ക്യുന്‍സ് വേ എന്ന ഈ മനോഹരമായ വാക്ക് വേ നമുക്ക് സംരക്ഷിക്കാന്‍ സാധിക്കുകയുള്ളു എന്ന് ഹൈബി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."