ഫര്‍ണീച്ചര്‍ വര്‍ക്ക്‌ഷോപ്പ് അഗ്‌നിക്കിരയായി
നെടുമ്പാശ്ശേരി: ദേശീയപാതക്കരികില്‍ പറമ്പയത്ത് ഫര്‍ണീച്ചര്‍ വര്‍ക്ക്‌ഷോപ്പ് അഗ്‌നിക്കിരയായി.നെടുവന്നൂര്‍ സ്വദേശി മണ്ഡലപ്പറമ്പില്‍ എം.കെ.വിനോദ് കുമാറിന്റെ 'കൃഷ്ണ വുഡ് വര്‍ക്കേഴ്‌സാണ്' ഇന്നലെ പുലര്‍ച്ചെ പൂര്‍ണമായി കത്തി നശിച്ചത്.
നിര്‍മാണം കഴിഞ്ഞതും,ഭാഗികമായി പൂര്‍ത്തീകരിച്ചതുമായ നിരവധി മര ഉരുപ്പടികള്‍ അഗ്‌നിക്കിരയായി.ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു തീ പിടുത്തമുണ്ടായത്.വഴിയാത്രക്കാരാണ് വര്‍ക്ക്‌ഷോപ്പില്‍ നിന്ന് തീ പടരുന്നത് ആദ്യം കണ്ടത്.
ഇവരുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ടാണ് സമീപവാസികള്‍ ഓടിയെത്തിയത്.എല്ലാവരും ചേര്‍ന്ന് തീ അണക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.പിന്നീട് അങ്കമാലി,ആലുവ എന്നിവിടങ്ങളില്‍ നിന്ന് അഗ്‌നിശമനസേനയുടെ മൂന്ന് യുനിറ്റ് വാഹനങ്ങള്‍ എത്തി ഏറെ നേരത്തെ ശ്രമം നടത്തിയ ശേഷമാണ് തീ അണക്കാനായത്.നാട്ടുകാരുടെയും വഴിയാത്രക്കാരുടെയും സമയോചിതമായ ഇടപെടല്‍ മൂലമാണ് സമീപത്തെ കടകളിലേക്ക് തീ പടരാതിരുന്നത്.
കടയുടെ മേല്‍ക്കൂരയും 60000 രൂപ വിലയുള്ള മോട്ടോറും അടക്കം കത്തിനശിച്ചു.മൊത്തം ഒന്നര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്. വൈദ്യുതി ഷോര്‍ട് സര്‍ക്യൂട്ടാണ് തീ പിടുത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
നാല് വര്‍ഷം മുമ്പാണ് പറമ്പയം സ്വദേശി മാനാടത്ത് ഷംസുവിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ വിനോദ്കുമാര്‍ വര്‍ക്ക്‌ഷോപ്പ് ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."