കാലവര്‍ഷം: 26 വീടുകള്‍ തകര്‍ന്നു; 1.21 കോടിയുടെ കൃഷിനാശം
ആലപ്പുഴ: കനത്ത മഴയില്‍ ജില്ലയില്‍ ഇന്നലെ 1.21 കോടി രൂപയുടെ കൃഷി നഷ്ടമുണ്ടായി. ആലപ്പുഴ വൈദ്യുതി ഡിവിഷനില്‍ 60,000 രൂപയുടെ നഷ്ടമുണ്ടായതായും കണക്കാക്കുന്നു. ഇന്നലെയും ജില്ലയില്‍ നിരവധി വീടുകള്‍ കാറ്റിലും മഴയിലും തകര്‍ന്നു. ചെങ്ങന്നൂരില്‍ വനിതാ ഐ.ടി ഐയുടെ മേല്‍ക്കൂര തകര്‍ന്ന് വിദ്യാര്‍ഥിനികള്‍ക്കും അധ്യാപികക്കും പരുക്കേറ്റു. ഇന്നലെ മാത്രം 26 വീടുകള്‍ ഭാഗികമായി തകര്‍ന്നു.
അമ്പലപ്പുഴയില്‍ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് മൂന്ന് വീടുകള്‍ തകര്‍ന്നു. കുട്ടനാട്ടില്‍ ഏഴ് വീടുകള്‍ ഭാഗികമായി തകര്‍ന്നു. 2.18 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി റവന്യൂ അധികൃതര്‍ അറിയിച്ചു. ഇന്നലെ പകല്‍ ഏതാനും മണിക്കൂറുകളോളം തോര്‍ന്ന് നിന്ന മഴ വൈകിട്ടോടെ ശക്തി പ്രാപിച്ചു.
ആറാട്ടുപുഴയിലടക്കം കടല്‍ക്ഷോഭം രൂക്ഷമായി തുടരുകയാണ്. വീടുകള്‍ വെള്ളത്തിനടിയിലായതിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഇന്നലെ പുതുതായി ആറ് ക്യാമ്പുകള്‍ കൂടി തുറന്നു. അമ്പലപ്പുഴ താലൂക്കില്‍ അഞ്ച് ക്യാമ്പുകള്‍ തുറന്നതില്‍ 366 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്.പുറക്കാട് എട്ടാം വാര്‍ഡിലെ ക്യാംപില്‍ 110 കുടുംബങ്ങളില്‍ നിന്നുള്ള 520 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഗിരിരാജ്ചിറയിലെ കേന്ദ്രത്തില്‍ 24 കുടുംബങ്ങളെയും നാലുചിറയിലെ കേന്ദ്രത്തില്‍ 86 കുടുംബങ്ങളെയും കൊട്ടാരവളവിലെ കേന്ദ്രത്തില്‍ 80 കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."