ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വീട്ടമ്മയെ മകനൊപ്പം വിട്ടു
കട്ടപ്പന: ഇടുക്കി അടിമാലിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വീട്ടമ്മയെ പൊലീസ് മകനൊപ്പം വിട്ടു. വെള്ളിയാഴ്ച രാവിലെയാണ് ദേശീയപാതയോട് അടുത്ത് അടിമാലി കല്ലാര്‍കുട്ടി റോഡില്‍ തിരുവനന്തപുരം സ്വദേശിനിയായ ലൈലാമണിയെ കാറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരെ വഴിയിലുപേക്ഷിച്ച വയനാട് സ്വദേശി മാത്യൂ എന്നയാള്‍ക്കെതിരെ മകന് മഞ്ജിത്ത് പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഒപ്പം താമസിച്ചിരുന്ന ലൈലാമണിയെ ഇയാള്‍ നേരത്തെയും ഉപേക്ഷിക്കാന്‍ ശ്രമം നടത്തിയിരുന്നതായി പൊലിസ് പറഞ്ഞു.
ഓട്ടോ ഡ്രൈവര്‍ കണ്ടതിനെ തുടര്‍ന്ന് പൊലിസ് എത്തി അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വാര്‍ത്ത പുറത്തുവന്നതിനെതുടര്‍ന്ന് കട്ടപ്പന ഇരട്ടയാറില്‍ താമസിക്കുന്ന മകന് മഞ്ജിത്ത് അടിമാലിയിലെത്തി അമ്മയെ കണ്ടു. വീട്ടമ്മയ്ക്കൊപ്പമുണ്ടായിരുന്ന വയനാട് സ്വദേശി മാത്യു ഇതിനു മുമ്പും ഇവരെ ഉപേക്ഷിച്ചിരുന്നതായി പൊലിസ് പറഞ്ഞു.
ഇവര്‍ ഔദ്യോഗിക രേഖകള്‍ പ്രാകാരം വിവാഹിതരല്ല. വീട്ടമ്മയുടെ ഭര്‍ത്താവ് 22വര്‍ഷം മുമ്പ് മരിച്ചതായും പൊലിസ് പറയുന്നു. ലൈലാമണിയുടെ ഒരുവശം തളര്‍ന്ന അവസ്ഥയിലായതിനാല്‍ സംസാരിക്കാന്‍ സാധിക്കില്ലെന്നും പൊലിസ് വ്യക്തമാക്കി. വീട്ടമ്മയെ ഉപേക്ഷിച്ച് പോയ മാത്യു എന്നയാള്‍ക്കെതിരെ മഞ്ജിത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
വാഹനത്തിന്റെ താക്കോലും വീട്ടമ്മയുടേതെന്ന് കരുതുന്ന വസ്ത്രങ്ങളും ചില ബാങ്കിടപാട് രേഖകളും കാറിനുള്ളില്‍ ഉണ്ടായിരുന്നു. ഭര്‍ത്താവുമൊത്ത് കട്ടപ്പന ഇരട്ടയാറ്റിലുള്ള മകന്റെ വീട്ടിലേക്ക് പോകുകയായിരുന്നെന്നും അടിമാലിയില്‍ എത്തിയപ്പോള്‍ ഭര്‍ത്താവ് മൂത്രമൊഴിക്കാനായി കാറില്‍ നിന്നും ഇറങ്ങി പോയതാണെന്നുമാണ് വീട്ടമ്മ പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."